- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നുപോകാൻ ശ്രമം; ലോക്കൽ പാസില്ലെങ്കിൽ മറ്റുലെയിനിലൂടെ പോകണമെന്ന് ജീവനക്കാരൻ; പോകാൻ സൗകര്യമില്ലെന്ന ആക്രോശത്തോടെ കോളറിൽ പിടിച്ച് മർദ്ദിച്ചും വലിച്ചിഴച്ചും കാർ ഡ്രൈവർ; കൊല്ലം കാവനാട് ടോൾ ബൂത്തിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കൊല്ലം: ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്ത ജീവനക്കാരന് യാത്രികരുടെ മർദനം. കുരീപ്പുഴ സ്വദേശി അരുണിനാണ് മർദ്ദനമേറ്റത്. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം.കാർ യാത്രക്കാരാണ് അരുണിനെ മർദ്ദിച്ചത്. അക്രമികൾ അരുണിനെ കാറിന്റെ കൂടെ പിടിച്ചു വലിച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം.
കരുനാഗപ്പള്ളി ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരാണ് ടോൾ ബൂത്ത് ജീവനക്കാരനെ ആക്രമിച്ചത്. പണം നൽകാതെ ടോൾബൂത്തിലെ എമർജൻസി ഗേറ്റിലൂടെ കടന്നുപോകാനായിരുന്നു ഇവരുടെ ശ്രമം. ഇത് ചോദ്യം ചെയ്തതോടെ അരുണിനെ കഴുത്തിന് കുത്തിപ്പിടിക്കുകയും പിന്നീട് ഇതേരീതിയിൽ അല്പദൂരം കാറിന്റെ ഡോറിൽ കുത്തിപ്പിടിച്ച് നിർത്തി വലിച്ചിഴക്കുകയുമായിരുന്നു. ഏതാനും മീറ്ററുകൾ പിന്നിട്ടതോടെ യുവാവിനെ കാർ ഡ്രൈവർ റോഡിലേക്ക് തള്ളിയിട്ട് കടന്നുകളയുകയും ചെയ്തു. സംഭവത്തിൽ അരുണിന്റെ കാലുകളിലും മറ്റും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരാണ് കാറിലുണ്ടായിരുന്നതെന്ന് ആക്രമണത്തിനിരയായ അരുണും പ്രതികരിച്ചു. എമർജൻസി ലൈനിലൂടെ കാർ വരുന്നത് കണ്ടാണ് നിർത്തിയത്. തുടർന്ന് അവരോട് പ്രദേശവാസികൾക്ക് നൽകുന്ന പാസുണ്ടോ എന്ന് ചോദിച്ചു. പാസില്ലെന്ന് കൂടി മറുപടി പറഞ്ഞതോടെ വാഹനം മറ്റുലൈനിലൂടെ കടന്നുപോകാൻ ആവശ്യപ്പെട്ടു. ഇതോടെ അങ്ങനെ പോകാൻ സൗകര്യമില്ലെന്ന് പറഞ്ഞ് കാറിലെ ഡ്രൈവർ ഷർട്ടിന്റെ കോളറിൽ പിടിച്ച് ആക്രമിക്കുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്ന രണ്ടാമത്തെയാൾ ഇവനെ നമുക്ക് കൊണ്ടുപോകാം എന്നും പറഞ്ഞു. തുടർന്നാണ് കാറിൽ വലിച്ചിഴച്ചതെന്നും അരുൺ പറഞ്ഞു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ ടോൾബൂത്തിലെ സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇതിൽ കാറിന്റെ നമ്പറടക്കം വ്യക്തമാണ്. സംഭവത്തിൽ അഞ്ചാലംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ