കോട്ടയം: ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത കാർ വഴി തെറ്റി തോട്ടിലേയ്ക്ക് മറിഞ്ഞു. കോട്ടയത്ത് തിരുവാതുക്കലിന് സമീപം പാറേച്ചാലിൽ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന കുടുംബം രക്ഷപെട്ടത് അത്ഭുതകരമായിട്ടാണ്. കുമ്പനാട് സ്വദേശികളായ ഡോക്ടറും കുടുംബവുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

ഡോ.സോണിയ(32), അമ്മ ശോശാമ്മ(65), സഹോദരൻ അനീഷ്(21), സോണിയയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. എറണാകുളത്ത് നിന്നും തിരുവല്ലയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. രാത്രി വൈകി എറണാകുളത്തു നിന്ന് യാത്ര തിരിച്ച ഇവർ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ തിരുവാതുക്കലിൽ നിന്ന് വഴിതെറ്റി പാറേച്ചാലിൽ എത്തുകയായിരുന്നു. തിരുവാതുക്കൽ-നാട്ടകം സിമന്റുകവല ബൈപാസിലൂടെ പാറേച്ചാൽ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്.

ശക്തമായ മഴയെ തുടർന്ന് റോഡിലേയ്ക്ക് വെള്ളം നിറഞ്ഞ അവസ്ഥയായിരുന്നു. തുടർന്ന് പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകിനീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

ഒഴുകിനീങ്ങിയ കാർ കരയിലേക്ക് തള്ളിനീക്കാൻ ശ്രമിച്ചെങ്കിലും മുൻഭാഗം ചെളിയിൽ തറഞ്ഞു. ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുതത്തൂണിൽ ബന്ധിച്ചു. പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു. വാതിൽ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. യാത്രക്കാരെ സമീപത്തെ വീട്ടിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ആർക്കും പരുക്കുകളില്ല.