തിരുവനന്തപുരം: മുഖ്യമന്ത്രി കിയ വാങ്ങി. ഡൽഹിയിലേക്ക് മുഖ്യമന്ത്രിക്കും ഗവർണ്ണർക്കും വാങ്ങി. അതുകൊണ്ടു ത്‌നെ മന്ത്രിമാരേയും നിരാശരാക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാർക്കായി രണ്ടരക്കോടി രൂപ ചെലവിൽ 10 കാറുകൾകൂടി വാങ്ങാൻ തീരുമാനം. ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. എട്ടെണ്ണം മന്ത്രിമാർക്കും രണ്ടെണ്ണം വി.ഐ.പി.കൾക്കുമായി നീക്കിവെക്കും. അങ്ങനെ കാർ വാങ്ങൽ മഹാമഹം തുടരുകയാണ്.

പത്ത് ബസ് വാങ്ങുമ്പോൾ ഒരു ബസ് കമ്മീഷനായി കിട്ടുമെന്നത് പഴയൊരു കഥയാണ്. കെ എസ് ആർ ടി സിയെ നശിപ്പിച്ചത് ഇങ്ങനെ ഫ്രീ കാറിന് വേണ്ടിയുള്ള മോഹമാണെന്നും വിലയിരുത്തൽ എത്തിയിരുന്നു. ഇതിന് സമാനമാണോ ഇപ്പോഴത്തെ കാർ വാങ്ങൽ എന്ന ചർച്ച സജീവമാണ്. എന്നാൽ അങ്ങനെ അല്ലെന്നാണ് സർക്കാർ പറയുന്നത്. ലാഭത്തിലോടിയ കെ എസ് ആർ ടി സിയെ ബസ് വാങ്ങി ചതിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ ആ സ്ഥാപനം അനുഭവിക്കുന്നത്. സമാന സാഹചര്യം ഖജനാവിനും കാറുവാങ്ങൾ തുടർന്നാൽ ഉണ്ടാകും.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പുതുതായി വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ വിലക്ക് എർപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിലുള്ള കാറുകൾ പഴകിയതാണെന്നും പലപ്പോഴും വഴിയിൽക്കുടുങ്ങേണ്ടിവരുന്നെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പടെയുള്ള മന്ത്രിമാർ ടൂറിസം വകുപ്പിനെ അറിയിച്ചു. ഇവ മാറ്റി പുതിയവ നൽകാൻ ടൂറിസം വകുപ്പ് ധനവകുപ്പിനുമുന്നിൽ നിർദ്ദേശം വെച്ചു. ധനവകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ വാങ്ങുന്നത്. ധനമന്ത്രിയുടെ കൂടെ ആവശ്യമായതു കൊണ്ട് ഒന്നിനും തടസ്സം വന്നില്ല.

ചീഫ് വിപ് എൻ.ജയരാജ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, റോഷി അഗസ്റ്റിൻ, പി.പ്രസാദ്, കെ.രാജൻ, ജി.ആർ.അനിൽ, വി.അബ്ദുറഹ്‌മാൻ എന്നിവർക്കായാണിത്. സംസ്ഥാനത്തു വരുന്ന വിഐപികൾക്കായാണ് 2 കാറുകൾ. ധനവകുപ്പിനു ടൂറിസം വകുപ്പ് ശുപാർശ കൈമാറി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഔദ്യോഗിക വാഹനങ്ങൾ വാങ്ങി നൽകുന്നതു ടൂറിസം വകുപ്പാണ്.

ഇപ്പോഴത്തെ കാറുകൾ ഏറെദൂരം ഓടിക്കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണു പുതിയവ വാങ്ങുന്നത്. മുൻപു മന്ത്രിമാർക്കു കാർ അനുവദിച്ചപ്പോൾ ഇന്നോവ ക്രിസ്റ്റ തികയാതിരുന്നതിനാൽ അബ്ദുറഹ്‌മാൻ സ്വന്തം കാറാണ് ഉപയോഗിക്കുന്നത്. വിവിധ വകുപ്പുകൾ അനാവശ്യമായി കാറുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തി പുതിയ കാറുകൾക്കു പകരം ഉപയോഗിക്കാൻ 3 വർഷം മുൻപു സർക്കാർ തീരുമാനിച്ചിരുന്നു. ഈ കണക്കെടുപ്പ് പൂർത്തിയാക്കാതെയാണു പുതിയ കാറുകൾ വാങ്ങുന്നത്.

മന്ത്രിമാർക്കും ഉദ്യോഗസ്ഥരും എല്ലാം ഇപ്പോൾ ഇന്നോവയാണ് വാങ്ങുന്നത്. അതിൽ വില കുറഞ്ഞ കാറുകളോട് താൽപ്പര്യമില്ല. 7 സീറ്റുള്ള സർക്കാർ വാഹനം അഞ്ചു സീറ്റും കാലിയാക്കി ഓടുന്നതു തിരുവനന്തപുരത്തെ പതിവുകാഴ്ചയാണ്. ഒരാൾക്കു സഞ്ചരിക്കാൻ എന്തിനാണ് 7 സീറ്റുള്ള കാർ എന്ന ചോദ്യം മുന്നിലെത്തുന്ന ഫയലിൽ ധനവകുപ്പ് എഴുതാറില്ല. അഡ്വക്കറ്റ് ജനറലിനു 16 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങണമെന്ന ശുപാർശ ജൂണിൽ എത്തിയപ്പോൾ ധനവകുപ്പ് ഫയലിൽ എഴുതി. ''5 വർഷം പോലും പൂർത്തിയാക്കാത്ത, 86,000 കിലോമീറ്റർ മാത്രം ഓടിയ കാർ മാറ്റി പുതിയതു വാങ്ങണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയുന്നതല്ല.'' ഫയൽ നിയമമന്ത്രിവഴി മുഖ്യമന്ത്രിക്കു മുന്നിലേക്കും മന്ത്രിസഭയിലേക്കുമെത്തി. അത് അംഗീകരിച്ചു.

ഉന്നതരുടെ വീട്ടുകാര്യത്തിനോടാൻ വകുപ്പുകൾക്കു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ നീണ്ടനിരയാണ് തലസ്ഥാനത്ത്. പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, പ്രധാന വകുപ്പു മേധാവികൾ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവർക്കാണു താമസസ്ഥലത്തുനിന്ന് ഓഫിസിലെത്താൻ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ളത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ടൂറിസം വകുപ്പ് വാങ്ങിയതു 37 കാറുകളാണ്. ചെലവ് 7.13 കോടി രൂപ. പഴക്കംമൂലം അന്നു കാറുകൾ മാറ്റിനൽകിയതു രണ്ടു മന്ത്രിമാർക്കു മാത്രമാണ് എ.കെ.ബാലനും ഇ.പി.ജയരാജനും. എന്നാൽ, രണ്ടാം പിണറായി സർക്കാർ ഒരു വർഷം തികയ്ക്കുമ്പോഴേക്കും 6 പുതിയ കാറുകൾക്കു തുക അനുവദിച്ചു. മൂന്നെണ്ണം കറുത്ത ഇന്നോവയാണ്; അതിൽ രണ്ടെണ്ണം ഡൽഹിയിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും വേണ്ടി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുപുറമേ 10 കാറുകൾ അദ്ദേഹത്തിന്റെ ഓഫിസിനായി ഓടുന്നു. ടൂറിസം മന്ത്രിയുടെ വീട്ടിലേക്കുകൂടി ഒരു കാർ ടൂറിസം വകുപ്പ് നൽകിയിട്ടുണ്ട്.