- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസന്റെ പക്കൽനിന്ന് പിടിച്ചെടുത്തവയിൽ കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത പോർഷെ കാറും; വാഹനം ഒരു വർഷമായി ചേർത്തല പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ; മോൻസന്റെ കൈയിൽ കാറെത്തിയത് എങ്ങനെയെന്ന് അറിയില്ല; ഫെറാറിയെന്ന് കരുതിയ കാർ മിത്സുബിഷിയുടെ കാർ രൂപമാറ്റം വരുത്തിയത്
ആലപ്പുഴ: മോൻസന്റെ വീട്ടിൽ നിന്നും വൻ ആഡംബര കാറുകളുടെ ശേഖരം തന്നെയാണ് കണ്ടെത്തിയിരുന്നത്. ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും മോൻസന്റെ പക്കൽ എത്തി. പോർഷെ ബോക്സ്റ്റർ കാർ കഴിഞ്ഞ ഒരു വർഷമായി ചേർത്തല പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ആണ് ഉള്ളത്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനെ തുടർന്നാണ് വാഹനം പൊലീസ് പിടിച്ചെടുത്തത്. വാഹനത്തിന്റെ രേഖകൾ മോൻസൻ ഹാജരാക്കിയിട്ടുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്.
ഏകദേശം 20 കാറുകളാണ് ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിന്റെ പേരിൽ മോൻസനിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. അതിൽ ഒരു കാറാണ് കരീന കപൂറിന്റെ പേരിലുള്ള രജിസ്ട്രേഷനിൽ ഇപ്പോഴും തുടരുന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വണ്ടിയാണ് ഇത്. ഈ കാർ എങ്ങനെ മോൻസന്റെ കയ്യിൽ വന്നു എന്നതും ഇതുവരെ വാഹനത്തിന്റെ രേഖകൾ എന്തുകൊണ്ട് മാറ്റിയില്ല എന്ന കാര്യത്തിലും പൊലീസിനും വ്യക്തതയില്ല.
കാറുകളുടെ വലിയ ശേഖരം ഉള്ളതുകൊണ്ട് ഏതൊക്കെ രേഖകൾ ഇയാളുടെ കൈവശം ഉണ്ട് എന്നതിൽ വ്യക്തതയില്ലെന്നും ആധികാരിക രേഖകളെ കുറിച്ച് അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കരീനയുടെ മുംബൈയിലുള്ള വിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തത്. എങ്ങനെയാണ് വി.ഐ.പികളുടെ വാഹനങ്ങൾ മോൻസന്റെ കയ്യിൽ വരുന്നത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നിട്ടില്ല. ഒരു കാരവനും മോൻസന്റേതായി ചേർത്തലയിൽ കിടക്കുന്നുണ്ട്. ഇതിന്റെ ടാക്സുമായി ബന്ധപ്പെട്ടോ രേഖകളെ കുറിച്ചോ പൊലീസിനും അറിയില്ല.
അതേസമയം വാഹന രജിസ്റ്റ്രഷനിലും മോൻസൺ മാവുങ്കൽ വലിയ ക്രമക്കേട് നടത്തിയതായി കണ്ടെത്തലുമുണ്ട്. മോൻസന്റെ വാഹനങ്ങൾ വ്യജ രജിസ്ട്രേഷനിലുള്ളതാണെന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്. മോൻസണിന്റെ പക്കലുള്ള പല ആഡംബര കാറുകളും രൂപമാറ്റം വരുത്തിയവയുമാണ്. മോൻസണിന്റെ കലൂരിലെ വീട്ടിൽ ഏഴ് വാഹനങ്ങളാണ് ഉള്ളത്. അതിൽ ഒരു വാഹനം ഒഴികെ ബാക്കിയെല്ലാം വ്യാജ നമ്പറിലുള്ള കാറുകളാണ്. മോൻസന്റെ പക്കലുള്ള ഫെറാറി കാർ പ്രാദേശിക വർക്ക്ഷോപ്പിലൂടെ മിത്സുബിഷിയുടെ കാർ രൂപമാറ്റം വരുത്തിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ സംഭവത്തിൽ അടക്കം വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
മോൻസൺ മാവുങ്കൽ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാർ ആരോപിച്ചത്. 4 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകളാണ് ക്രൈംബ്രാഞ്ചിന് നിലവിൽ ലഭിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് പരിശോധനയിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് തെളിവുകൾ ലഭിച്ചത്. ബാങ്ക് വഴി കൈപറ്റിയ പണം താൻ വാങ്ങിയിട്ടുണ്ടെന്നും മോൻസൺ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മോൻസൺ ചോദ്യം ചെയ്യലിൽ നിഷേധിച്ചു.
10 കോടി രൂപ താൻ ആരിൽ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും മോൻസൺ ആവർത്തിച്ചു. നാല് കോടിയിലെ വിഹിതം ആഡംബര ജീവിതത്തിനായി ഉപയോഗിക്കാനും ബാക്കി തുക പുരാവസ്തുക്കൾ വാങ്ങാനും വിനിയോഗിച്ചതായി മോൻസൺ സമ്മതിച്ചു. പുരാവസ്തുക്കൾ കാണിച്ച് നടത്തിയ തട്ടിപ്പിൽ മോൻസണെതിരെ വഞ്ചനാക്കുറ്റവും ക്രൈംബ്രാഞ്ച് ചുമത്തിയേക്കും. അതിനിടെ, മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പുരാവസ്തു വകുപ്പ് വിദഗ്ധ പരിശോധന നടത്തും. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ