- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കിടെ ക്ഷീണം തോന്നി കാറിൽ വിശ്രമിക്കവേ രണ്ട് യുവാക്കൾ ഗ്ലാസിൽ തട്ടി; പെട്രോൾ തീർന്നെന്നും, പെട്രോൾ അടിക്കാൻ പണം തരുമോ എന്നു ചോദിച്ചു; പേഴ്സിൽ നിന്ന് പണം നൽകാൻ ഒരുങ്ങുമ്പോൾ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണമാലയും കവർന്നു; മോഷണത്തിന് ഇരയായത് എറണാകുളം സ്വദേശി
പട്ടിക്കാട്: പെട്രോൾ അടിക്കാൻ പണം ചോദിച്ചെത്തിയ യുവാക്കൾ പണവും സ്വർണാഭരണവും മോഷ്ടിച്ചെന്ന് പരാതി. എറണാകുളം സ്വദേശി ജോജിക്കാണ് രണ്ട് പവൻ മാലയും പണവും നഷ്ടമായത്. തൃശ്ശൂർ പീച്ചിക്ക് അടുത്തായിരുന്നു സംഭവം. പെട്രോൾ അടിക്കാൻ പണം തരുമോ എന്നു ചോദിച്ചെത്തിയവരാണ് മോഷ്ടാക്കളെന്നാണ് യുവാവ് പറയുന്നത്. പണം നൽകാൻ ഗ്ലാസ് താഴ്ത്തിയ വേളയിൽ യുവാവിനെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വർണമാല കവരുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ഒരുമണിക്കാണ് സംഭവം. എറണാകുളത്തേക്കു യാത്ര ചെയ്യുന്നതിനിടയിൽ ക്ഷീണം തോന്നിയ ജോജി ദേശീയ പാതയോരത്തെ ബി.എസ്.എൻ.എൽ ഓഫീസിന് സമീപം കാറിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ രണ്ട് യുവാക്കൾ കാറിന്റെ ഗ്ലാസിൽ തട്ടുകയും പെട്രോൾ അടിക്കാൻ പണം ചോദിക്കുകയും ചെയ്തുവെന്ന് ജോജി പൊലീസിനോട് പറഞ്ഞു.
പേഴ്സിൽ നിന്ന് പണം നൽകാൻ ഒരുങ്ങുമ്പോൾ ഒരാൾ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും പണം മുഴുവൻ തരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജോജി കത്തി തട്ടിമാറ്റാൻ ശ്രമിച്ചതോടെ യുവാക്കൾ കയ്യേറ്റം ചെയ്യാൻ തുടങ്ങുകയായിരുന്നു. കത്തി ജോജി ഒടിച്ചുകളഞ്ഞെങ്കിലും മറ്റൊരു കത്തിയെടുത്ത് കഴുത്തിൽ കുത്തുകയായിരുന്നുവെന്നും ജോജി പറഞ്ഞു.
ഒഴിഞ്ഞുമാറിയെങ്കിലും ജോജിക്ക് ചെറിയ പരിക്കുപറ്റി. വാഹനം മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിക്കുകയും ഷർട്ട് കളഞ്ഞതോടെ അക്രമികളിരൊളാൾ നിലത്തു വീഴുകയും ചെയ്തു. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്നയാൾ താക്കോൽ പിടിച്ചുവലിക്കുകയും കാർ ഓഫാകുകയുമായിരുന്നെന്നും ജോജി പറഞ്ഞു.
തുടർന്നുണ്ടായ പിടിവലിക്കിടയിലാണ് മാല നഷ്ടപ്പെട്ടത്. ഇതിനിടെ രണ്ടാമനും നിലത്തുവീണെന്നും മറ്റുവാഹനങ്ങൾ വരുന്നത് കണ്ട ഇരുവരും എഴുന്നേറ്റ് ഓടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പീച്ചി പൊലീസ് ഇൻസ്പെക്ടർ എസ് ഷൂക്കൂർ അന്വേഷണ സ്ഥലത്തെത്തി പരിശോധന നടത്തി. സംശയമുള്ള ആളുകളുടെ ടവർ ലൊക്കേഷൻ നോക്കി വരികയാണെന്നാണ് പൊലീസ് പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ