ഉന്നാവ: കുട്ടികളുടെ കൂട്ടമരണം നടന്ന ഉത്തർപ്രദേശിൽ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി. ഉത്തർപ്രദേശിലെ ഉന്നാവയിൽ തിമിര ശസ്ത്രക്രിയ നടത്തിയത് ടോർച്ച് വെളിച്ചത്തിൽ. നവാബ്ഗഞ്ചിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ടോർച്ച് വെട്ടത്ത് തിമിര ശസ്ത്രക്രിയ നടത്തിയത്. ഒന്നും രണ്ടുമല്ല, 32 രോഗികളെയാണ് ഇത്തരത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്.

വികസനം ഘോരം ഘോരം പ്രസംഗിക്കുന്ന യോഗി ആദിത്യ നാദിന്റെ നാട്ടിൽ നിന്നാണ് രണ്ടാമതും നാടിനെ നടുക്കിയ വാർത്ത പുറത്ത് വന്നിരിക്കുന്നത്. വൈദ്യൂതി തടസപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം നടത്തേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയവരെ വെറും നിലത്താണ് കിടത്തിയതെന്നും കിടക്ക നൽകിയില്ലെന്നും ബന്ധുക്കളുടെ ഭാഗത്തു നിന്നും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.