തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിൽ പുത്തൻ പരീക്ഷണവുമായി സംസ്ഥാന സർക്കാർ. പങ്കാളിത്തസൗഹൃദ കാരവൻ ടൂറിസം പദ്ധതിയായ 'കാരവൻ കേരള'യുമായി സഹകരിച്ചുള്ള കാരവാൻ മന്ത്രിമാർ ചേർന്ന് പുറത്തിറക്കി.വാഹന നിർമ്മാതാക്കളായ ഭാരത്‌ബെൻസുമായി സഹകരിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവൻ സംസ്ഥാനത്ത് പുറത്തിറക്കിയത്.

ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, കിടപ്പുമുറി സൗകര്യങ്ങളാണ് കാരവനിലുള്ളത്.മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു.പ്രത്യേക സുരക്ഷാ ആവരണത്തോടുകൂടിയ ഔട്ട്ഡോർ സീറ്റിങ് ആണ് മറ്റൊരു ആകർഷണം.രജിസ്റ്റർ ചെയ്ത കാരവനുകൾക്ക് പ്രത്യേക ലോഗോ അനുവദിക്കും.അനാവശ്യ പരിശോധനകളിൽ നിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കും.

സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനും ഉതകുന്ന വിധത്തിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവൻ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്നാണ് പുറത്തിറക്കിയത്

പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് കാരവൻ ടൂറിസമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാരവൻ മാതൃക വരുംദിവസങ്ങളിൽ പുതിയ തരംഗമായി മാറും. കാരവൻ പാർക്കുകൾ ഒന്നിൽ കൂടുതൽ പഞ്ചായത്തുകളുടെ സാംസ്‌കാരിക കേന്ദ്രമായി മാറുന്നതിനൊപ്പം ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊഴിലവസരവും നൽകും. കാരവൻ ടൂറിസം എന്ന ആശയം മുന്നോട്ടുവച്ചപ്പോൾ വളരെ അനുകൂലമായാണ് ഗതാഗതമന്ത്രി പ്രതികരിച്ചത്. കാരവനുകളുടെ നികുതിയിളവ്, പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ ശിൽപ്പശാല സംഘടിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തത് പദ്ധതി നടത്തിപ്പിൽ ഊർജ്ജമേകിയെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

ടൂറിസം, ഗതാഗത വകുപ്പുകൾ ചേർന്നുള്ള മെഗാ പദ്ധതിയായ കാരവൻ കേരള ടൂറിസം മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. രജിസ്റ്റർ ചെയ്ത കാരവനുകൾക്ക് പ്രത്യേക ലോഗോ അനുവദിക്കും. ഇത് കാരവനുകളുടെ യാത്രയും പ്രവർത്തനവും തടസരഹിതമാക്കും. അനാവശ്യ പരിശോധനകളിൽ നിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.ആർ.അജിത്കുമാർ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാനും എംഡിയുമായ കെ.ജി. മോഹൻലാൽ, ഡയംലർ കൊമേർഷ്യൽ വെഹിക്കിൾസ് വൈസ് പ്രസിഡന്റ് രാജാറാം കൃഷ്ണമൂർത്തി, ഓട്ടോബാൻ സെയിൽസ് ആൻഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് അരുൺ വി.കെ എന്നിവർ സംബന്ധിച്ചു.