ഓസ്ലോ: ഊർജത്തെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് ലോകരാജ്യങ്ങൾ വ്യാപകമായി മുൻതൂക്കം നൽകുന്നത്. നോർവേയിലെ ഓട്ടോ-ഡിമ്മിങ് സ്ട്രീറ്റ് രാജ്യത്തിന്റെ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ളതാണ്. ഓസ്‌ലോയ്ക്ക് പുറത്ത് ഹോളിന് സമീപം ഹൈവേയിൽ അഞ്ചുകിലോമീറ്റർ ദൂരത്താണ് ഈ പരീക്ഷണത്തെരുവ്. ഈ ഭാഗത്തുള്ള റോഡിൽ എൽ.ഇ.ഡി. ട്രാഫിക് ലൈറ്റുകൾ 20 ശതമാനം വെളിച്ചം കുറച്ചായിരിക്കും പ്രകാശിക്കുക. വാഹനങ്ങളും കാൽനടക്കാരും അടുത്തുവരുമ്പോൾ മാത്രമേ പൂർണമായും പ്രകാശം ചൊരിയൂ.

സ്ട്രീറ്റ് ലൈറ്റുകളോടൊപ്പമുള്ള റഡാർ സെൻസർ അനുസരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഒരു വാഹനമോ കാൽനടക്കാരനോ റഡാറിൽ പതിയുമ്പോഴാണ് ലൈറ്റ് പൂർണതോതിലേക്ക് വെളിച്ചം വിതറുക. ഇതോടെ, റോഡ് വ്യക്തമായി കാണാൻ ഡ്രൈവർമാർക്കും കാൽനടക്കാർക്കും സാധിക്കും. വാഹനവും കാൽനടക്കാരനും കടന്നുപോയിക്കഴിയുമ്പോൾ വെളിച്ചം വീണ്ടും മങ്ങി പഴയപടിയാകും.

ഇതിലിത്ര കാര്യമെന്തെന്ന് ചോദിക്കാൻ വരട്ടെ. അഞ്ചുമൈൽ ദൂരത്തിലെ തെരുവുവിളക്കുകൾ ഇപ്രകാരം മങ്ങിയും പ്രകാശിച്ചും നിൽക്കുന്നതുകൊണ്ട് ആഴ്ചയിൽ ലാഭിക്കുന്നത് 2100 കിലോ വാട്ട് വൈദ്യുതിയാണ്. അതായത് 21 മണിക്കൂർ ഇസ്തിരിയിടാനോ വലിയ പ്ലാസ്മ സ്‌ക്രീനിൽ നാലുമണിക്കൂർ തുടർച്ചയായി ടിവി കാണുന്നതിനോ വേണ്ടത്ര വൈദ്യുതി.

എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിക്കുന്നതുവഴി ഹാലോജൻ ബൾബുകളെക്കാളും ഫ്‌ളൂറസെന്റ് ബൾബുകളെക്കാളും കാർബൺഡയോക്‌സൈഡ് പുറന്തള്ളുന്നത് വലിയതോതിൽ കുറയ്ക്കാനാകും. ഇതിന് പുറമെയാണ് ഊർജസംരക്ഷണവും ഇതുവഴി നടക്കുന്നത്. ഇത്തരത്തിൽ ലൈറ്റുമായി ബന്ധപ്പെട്ട ഊർജ സംരക്ഷണ പരിപാടികൾ നോർവേയിൽ വേറെയും ്പ്രചാരത്തിലുണ്ട്. രണ്ടായിരം മുതൽക്കുതന്നെ ഓസ്‌ലോയിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

പ്രകൃതി സംരക്ഷണത്തിനൂന്നൽ കൊടുക്കുന്ന പദ്ധതികളാണ് നോർവേയിൽ ഏറെയും ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് പ്രാധാന്യം കൊടുക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിലാവിഷ്‌കരിച്ച പദ്ധതിക്ക് പിന്തുണ കൊടുക്കുന്നതിനായി രാജ്യത്തിന്റെ ഒരു ലക്ഷം കോടി ഡോളർ നീക്കിവെക്കുമെനന് പ്രധാനമന്ത്രി എർന സോൾബർഗ് പ്രഖ്യാപിച്ചിരുന്നു. ന്യൂസീലൻഡ്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, അബുദാബി എന്നീ രാജ്യങ്ങളും 'വൺ പ്ലാനറ്റ് സോവറിൻ വെൽത്ത് ഫണ്ട് വർക്കിങ് ഗ്രൂപ്പ്' എന്ന പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ട്.