- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലക്കാട് പതിച്ച് നൽകുന്നത് സർവ്വ ചട്ടങ്ങളും ലംഘിച്ച്; ദുരിതത്തിലായ കൃഷിക്കാരുടെ പേരു പറഞ്ഞ് രക്ഷിക്കുന്നത് വൻകിട കൈയേറ്റങ്ങളേയും പാറമട ലോബിയേയും;' ഒന്നും മിണ്ടാതെ പ്രതിപക്ഷത്തിന്റെ ഒളിച്ചു കളിയും
തിരുവനന്തപുരം: വിശാല പട്ടയമേളയുടെ മറവിൽ ഏലമലക്കാട്ടിലെ പുൽമേടുകളും കരിങ്കാടുകളും സംരക്ഷിത വനങ്ങളും സർക്കാർ പതിച്ചുകൊടുക്കുക വൻകിടക്കാർക്ക് തന്നെ. നിയമത്തെ വളച്ചൊടിച്ചാണ് നീക്കം. പാറമട ലോബികളുടെ സമ്മർദ്ദവും ഇതിലേക്ക് കാര്യങ്ങൾ എത്തിച്ചെന്നാണ് സൂചന. 1977 ജനുവരി ഒന്നിന് മുമ്പ് കൈയേറിയ വനഭൂമി ക്രമീകരിച്ചു കൊടുക്കാൻ അനുവദിക്കുന്ന
തിരുവനന്തപുരം: വിശാല പട്ടയമേളയുടെ മറവിൽ ഏലമലക്കാട്ടിലെ പുൽമേടുകളും കരിങ്കാടുകളും സംരക്ഷിത വനങ്ങളും സർക്കാർ പതിച്ചുകൊടുക്കുക വൻകിടക്കാർക്ക് തന്നെ. നിയമത്തെ വളച്ചൊടിച്ചാണ് നീക്കം. പാറമട ലോബികളുടെ സമ്മർദ്ദവും ഇതിലേക്ക് കാര്യങ്ങൾ എത്തിച്ചെന്നാണ് സൂചന.
1977 ജനുവരി ഒന്നിന് മുമ്പ് കൈയേറിയ വനഭൂമി ക്രമീകരിച്ചു കൊടുക്കാൻ അനുവദിക്കുന്ന 1993ലെ പ്രത്യേക ചട്ടപ്രകാരം ഏലമലക്കാട്ടിലെ 20,384.59 ഹെക്ടർ വനം പതിച്ചുകൊടുക്കുമെന്നാണ് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ്. ഈ മാസം ആറിനാണ് ഈ ഉത്തരവ് ഇറങ്ങിയത്. എന്നാൽ, 77 ജനുവരി ഒന്നിന് മുമ്പ് ഏലക്കൃഷി ചെയ്ത് നശിച്ചുപോയ ശേഷം ആ ഭൂമിയിൽ മറ്റ് കൃഷി നടത്തുന്നവർക്ക് പതിച്ചുനൽകാൻ മാത്രമാണ് ഈ ചട്ടത്തിൽ പറയുന്നത്. ഭൂമി ഒന്നുകിൽ വന, റവന്യൂ സംയുക്ത പരിശോധനയിൽ കൃഷിഭൂമിയെന്ന് കണ്ടെത്തിയതാകണം. അല്ലെങ്കിൽ റീസർവേ ഭൂ രജിസ്റ്ററിൽ കൃഷിഭൂമിയെന്ന് രേഖപ്പെടുത്തിയതാകണം. തരിശും കരിങ്കാടും പുൽമേടും ഇക്കൂട്ടത്തിൽ പെടില്ലെന്നും വ്യക്തമാണ്.
ഒറ്റനോട്ടത്തിൽ തന്നെ കള്ളക്കളി വ്യക്തമാണ്. എന്നാൽ കോൺഗ്രസിലെ ടിൻ പ്രതാപനും വിഡി സതീശനും ഉയർത്തുന്ന പ്രതിഷേധം പോലും പ്രതിപക്ഷം ഉയർത്തുന്നില്ല. ഈ വിഷയത്തിൽ മൗനമാണ് സിപിഐ(എം) പാലിക്കുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സ്ഥിരം പ്രസ്താവനകൾ ഒഴിച്ചാൽ പ്രതിപക്ഷത്ത് ആർക്കും ഒരു മിണ്ടാട്ടവുമില്ല. സർക്കാരും പ്രതിപക്ഷവും വൻകിടക്കാർക്ക് വേണ്ടി ഒത്തുകളിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സ്ാഹചര്യം. വർഷങ്ങളായി കാടും മുൾപ്പടർപ്പകളും ചെറുമരങ്ങളുമായി കിടക്കുന്നതാണ് കരിങ്കാട്. പുൽമേട്ടിൽ കൃഷി വിളയില്ല. എന്നിട്ടും ഇത് മറച്ചുവച്ച് പതിച്ചുകൊടുക്കുന്നത് ഭൂ, ക്വാറി മാഫിയയ്ക്ക് വേണ്ടിയെന്ന് വ്യക്തം. ഇതുപോലും പ്രതിപക്ഷം ചോദ്യം ചെയ്യുന്നില്ല.
പുൽമേട് പതിച്ചുകിട്ടുന്നവർ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുനിഞ്ഞാൽ പ്രകൃതിദുരന്തമുണ്ടാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും കാരണമാകും. വന്യജീവി സങ്കേതങ്ങളോട് ചേർന്ന് പുൽമേട് ഉണ്ടായാലേ പക്ഷി, മൃഗാദികൾക്ക് ആവാസ വ്യവസ്ഥ സാദ്ധ്യമാകൂ. പുൽമേട് ഇല്ലാതായാൽ അപൂർവ സസ്യജാലങ്ങളും നശിക്കും. വാഗമൺ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ സാരമായി തന്നെ ഇതു ബാധിക്കും.
വന, റവന്യൂ സംയുക്ത പരിശോധനയിലോ റീസർവേയിലോ കണ്ടെത്താത്ത ഭൂമി പതിച്ചു നൽകണമെങ്കിൽ അത് 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് മാത്രമേ പാടുള്ളൂ. ആ ഭൂമി ഏതെങ്കിലും പൊതു ആവശ്യത്തിനുള്ളതാകരുത്. കരിങ്കാടും പുൽമേടും സംരക്ഷിതവനമേഖലയിൽ പെടുന്നതിനാൽ പൊതു ആവശ്യത്തിനുള്ളതാണ്. അതുകൊണ്ട് തന്നെ ഈ നിയമം വൻകിടക്കാർക്ക് ഗുണകരമാകില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് കള്ളക്കളി. 1980ലെ വനസംരക്ഷണ നിയമത്തിൽ കരിങ്കാടിന് നൽകിയിരിക്കുന്ന നിർവചനം കാഴ്ചയിലും ഉപയോഗത്തിലും കാടായിരിക്കുന്നത് എന്നാണ്. വനമായി കാണുന്നതോ വനമെന്ന നിലയിൽ ഉപയോഗപ്പെടുത്തി വരുന്നതോ ആയ ഭൂമി വനമാണ്.
ഇത്തരം ഭൂമി 64ലെ ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചുനൽകാൻ വനംവകുപ്പ് സമ്മതിക്കില്ല. വനസംരക്ഷണ നിയമപ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണം. തേടിയാലും കിട്ടണമെന്നില്ല. ഈ സങ്കീർണതകളെല്ലാം ഒഴിവാക്കിയെടുത്ത് കൈയേറ്റക്കാർക്ക് പഴുതൊരുക്കുകയാണ് സർക്കാർ. മാത്രമല്ല, 93ലെ വനം ക്രമീകരിക്കൽ ചട്ടപ്രകാരം നാലേക്കർ വരെ പതിച്ചുനൽകാം. ഭൂപതിവ് ചട്ടമനുസരിച്ച് പരമാവധി രണ്ടേക്കർ വരെയേ കിട്ടൂ. ജലാശയ സാമീപ്യമുണ്ടെങ്കിൽ ഒരേക്കർ വരെ മാത്രവും. ഇതെല്ലാം മനപ്പൂർവ്വം ഉണ്ടാക്കിയതെന്നാണ് സൂചന.
റവന്യൂ മന്ത്രി അടൂർപ്രകാശിന്റെ പ്രത്യേക താൽപ്പര്യം ഇതിലെല്ലാം വ്യക്തമാണ്. എന്നാൽ എല്ലാം കർഷകർക്ക് വേണ്ടിയാണെന്നാണ് വിശദീകരണം. എന്നാൽ ഇതൊന്നും കോൺഗ്രസുകാർ പോലും വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തിൽ നയമാറ്റം വരുമെന്നാണ് പ്രതീക്ഷ. അതുണ്ടായില്ലെങ്കിൽ വനനശീകരണത്തിന്റെ ദുരന്തഫലമാകും കേരളത്തെ തേടിയെത്തുക.