- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലിംലീഗ് പ്രതിഷേധം ശക്തമാകുമ്പോൾ സർക്കാർ തീരുമാനത്തെ അനുകൂലിച്ച് കത്തോലിക്കാ സഭ; സ്കോളർഷിപ്പ് വിതരണത്തിൽ ജനസംഖ്യ അനുപാതം കൊണ്ടുവന്നതിൽ അനീതിയില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി; ഇതുവരെ നീതി ലഭിക്കാത്തവർക്കും നീതി കിട്ടണമെന്ന് ആലഞ്ചേരി
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ സർക്കാർ തീരുമാനത്തെ എതിർത്തു കൊണ്ട് മുസ്ലിംലീഗും ഇതര സംഘടനകളും പ്രതിഷേധ പാതയിലേക്ക് നീങ്ങുമ്പോൾ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു കത്തോലിക്കാ സഭ. ഇതോടെ മുസ്ലിംലീഗ് അടക്കം കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങേണ്ട അവസ്ഥയിലായി.
സ്കോളർഷിപ്പ് വിതരണത്തിൽ ജനസംഖ്യ അനുപാതം കൊണ്ടുവന്നതിൽ അനീതിയില്ലെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വ്യക്തമാക്കി. സർക്കാർ തന്നെ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയതാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണെന്നും ഇതുവരെ നീതി ലഭിക്കാത്തവർക്കും നീതി കിട്ടണമെന്നും ആലഞ്ചേരി പറഞ്ഞു.
അതേസമയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പ് ജനസംഖ്യാ അനുപാതത്തിൽ പുനക്രമീകരിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടിയായ മുസ്ലിം ലീഗ് കടുത്ത എതിർപ്പാണ് ഉന്നയിക്കുന്നത്. മുസ്ലിം വിഭാഗത്തിനു വേണ്ടി കൊണ്ടുവന്ന സ്കോളർഷിപ്പ് സമുദായത്തിനു തന്നെ ലഭ്യമാക്കണമെന്നാണ് ലീഗിന്റെ ആവശ്യം. സർക്കാരിന്റെ തീരുമാനത്തെ ഒരു തരത്തിലും സ്വാഗതം ചെയ്യുന്നില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കിയിരുന്നു.
മുസ്ലിം വിഭാഗത്തിലെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് 2005 ൽ മന്മോഹൻ സിങ് സർക്കാർ ഏഴ് അംഗ കമ്മിറ്റിയെ നിയമിച്ചു. ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2007-ൽ അന്നത്തെ എൽഡിഎഫ് സർക്കാർ കേരളത്തിലെ മുസ്ലിം വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനായി പാലോളി മുഹമ്മദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാൻ തീരുമാനിക്കുകയായിരുന്നു.
പിന്നീട് 2011 ൽ ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാർ സ്കോളർഷിപ്പിൽ 20 ശതമാനം ക്രൈസ്തവർക്ക് ബാധകമാക്കി. പിന്നീടു വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്തും ഇത് തുടർന്നു. എന്നാൽ സ്കോളർഷിപ്പ് നൽകുന്നത് ജനസംഖ്യാനുപാതികമായല്ലെന്ന് 2021 മെയിൽ ഹൈക്കോടതി വിധിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്കോളർഷിപ്പ് ഘടനയിൽ സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്.
സ്കോളർഷിപ്പിൽ സർക്കാർ വരുത്തിയ മാറ്റം പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്തിരുന്നു. ഹൈക്കോടതി വിധി പ്രകാരം ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് കൊടുക്കാനുള്ള തീരുമാനത്തെയും അഗംഗീകരിക്കുന്നു. മുസ്ലിം ലീഗ് ഉന്നയിച്ച പരാതി പരിഗണിക്കണമെന്നും സതീശൻ പറഞ്ഞു. എന്നാൽ മുസ്ലിം ലീഗ് എതിർപ്പ് ഉയർത്തിയതോട് വിഡി സതീശൻ മലക്കം മറിഞ്ഞു. മുസ്ലിം സമുദായത്തിന് എക്സ്ക്ലൂസീവായി കിട്ടിയിരുന്ന ഒരു പദ്ധതി ഇല്ലാതായി. അതാണ് മുസ്ലിം ലീഗ് ഉയർത്തുന്ന പ്രധാന പ്രശ്നം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. രണ്ട് സമുദായങ്ങൾ തമ്മിൽ ഒരു കാരണവശാലും പ്രശ്നം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് സച്ചാർ കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. ഇത് മുസ്ലിം സമുദായത്തിനു തന്നെ ലഭ്യമാക്കണം. മറ്റ് വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് മറ്റ് പദ്ധതികൾ രൂപീകരിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. ദേശീയ തലത്തിൽ മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനാണ് സച്ചാർ കമ്മീഷൻ രൂപീകരിച്ചത്. കേരളത്തിൽ ഇതിനു പുറമേ പാലോളി കമ്മീഷനെ കൊണ്ടുവന്നു. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. സച്ചാർ കമ്മീഷന്റെ റിപ്പോർട്ട് നടപ്പാക്കിയാൽ മതിയായിരുന്നുവെന്നും മുസ്ലിം ലീഗ് പറഞ്ഞു.
പാലോളി കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ന്യൂനപക്ഷ അനുപാതം 80:20 ആയത്. ഒരു സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കൊണ്ടുവന്ന പദ്ധതിയായിരുന്നു ഇത്. മറ്റ് ന്യൂനപക്ഷങ്ങൾക്ക് വേറെ പദ്ധതി മതിയായിരുന്നുവെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി. ഇടത് സർക്കാർ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഏതാണ്ട് ഇല്ലാതാക്കി. സച്ചാർ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചുള്ള ആനുകൂല്യം 100 ശതമാനം മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ളതാണ്. ഇതാണ് മുസ്ലിം ലീഗ് സർക്കാരിന് രേഖാ മൂലം നൽകിയിരിക്കുന്ന നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ