കൊച്ചി: സീറോ മലബാർ സഭയിൽ പ്രശ്‌നങ്ങൾ അതിരൂക്ഷമാണ്. ഭൂമി വിൽപ്പന വിവാദത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ ചതിച്ചത് സഹായമെത്രന്മാരും വൈദികരുമാണെന്നാണ് വ്യക്തമാകുന്നത്. ഹൈക്കോടതിയിലെ കേസിൽ അഭിഭാഷകനെ നിശ്ചയിച്ചത് ആലഞ്ചേരിക്കെതിരെ പടയൊരുക്കം നടത്തുന്ന സഹായമെത്രാൻ തന്നെയാണ്. എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടായതോടെയാണ് ചുമതലൾ സഹായമെത്രാന്മാർക്ക് കർദിനാൾ നൽകിയത്. എന്നാൽ ആലഞ്ചേരിയെ പുറത്താക്കിയേ മതിയാകൂവെന്ന തീരുമാനത്തോടെ ചിലർ ചരടുവലിച്ചു. ഇതിന്റെ ഭാഗമായി കർദിനാളിന് കാനോൻ നിയമം മാത്രമാണ് ബാധകമെന്നും ഇന്ത്യൻ നിയമം ബാധം അല്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇത് കോടതിയെ വെല്ലുവിളിക്കലായി. ഇതോടെ കേസ് അന്വേഷണത്തിനുള്ള ഉത്തരവും എത്തി.

ഈ സാഹചര്യത്തിലാണ് സീറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രതിയാകുന്നത്. അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതി (കൂരിയ). ഇത് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിയക്ക് ലഭിച്ചിരുന്നു. മാർ ആലഞ്ചേരിക്കെതിരെ വൈദികരെ ഇളക്കി വിടുന്നത് സഹായമെത്രാൻ മാർ എടയന്ത്രത്ത് ആണെന്ന് വിമർശനം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇതേ സഹായ മെത്രാനെ പ്രതിക്കൂട്ടിൽ നിർത്തുന്ന രേഖകൾ മറുനാടന് ലഭിച്ചത്. എന്നാൽ ഈ റിപ്പോർട്ടൊന്നും ഹൈക്കോടതിക്ക് മുന്നിലെത്തിയില്ല. പകരം കർദിനാളിനെ കുടുക്കാനായി തയ്യാറാക്കിയ റിപ്പോർട്ടാണ് ഹൈക്കോടതിയിൽ എത്തിയത്. വസ്തു ആധാരം എഴുതിയതിൽ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടായിരുന്നു അത്. ഇത് പരിശോധിച്ച കോടതിക്കും അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നു.

സീറോ മലബാർ സഭ ഭൂമിയിടപാട് വിവാദത്തിൽ സഭയയെും സഭാധ്യക്ഷനെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്ന വൈദികർക്കും വിശ്വാസികൾക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പരാതി നല്കി. ഭൂമിയിടപാട് വിവാദത്തെത്തുടർന്ന് രൂപീകരിച്ച വൈദിക-അൽമായ സംഘടനയ്ക്കെതിരെ രൂക്ഷവിമർശനങ്ങളാണ് പരാതിയിലുള്ളത്. പള്ളികൾ കേന്ദ്രീകരിച്ച് വൈദിക-അൽമായ സംഘടനയായ എഎംടി നടത്തുന്ന സമ്മേളനങ്ങൾ സാധാരണവിശ്വാസികളിൽ തെറ്റിദ്ധാരണ പരത്താനിടവരുന്നു എന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഇടവകകളിൽ ചേരിതിരിവ് സൃഷ്ടിക്കുന്നതിന് ഇത് കാരണമാകുമെന്നും ആരോപണമുണ്ട്.

കാനോൻ നിയമങ്ങളുടെ ലംഘനമാണ് ഇത്തരം പ്രവൃത്തികളെന്നും അതിനാൽ സഭാധ്യക്ഷനെതിരെ പ്രവർത്തിക്കുന്നവർക്ക് നേരെ മഹറോൻ ശിക്ഷയുൾപ്പടെയുള്ള പരസ്യമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം. സഭയയെും സഭാധ്യക്ഷനെയും നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന എഎംടിക്ക് സമ്മേളനങ്ങൾ നടത്താൻ ദൈവാലയങ്ങളോ സഭാ സ്ഥാപനങ്ങളോ വിട്ടുനൽകരുതെന്നും കത്തിൽ ആവശ്യമുണ്ട്. അതിരൂപതയുടെ സാമ്പത്തികപ്രശ്നം അതിരൂപതാ കേന്ദ്രത്തിലാണ് പരിഹരിക്കപ്പെടേണ്ടതെന്നും അത് ചർച്ചയാകേണ്ടത് ഇടവകകളിലോ കുടുംബക്കൂട്ടായ്മകളിലോ അല്ലെന്നും കത്തിൽ അഭിപ്രായമുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന വൈദികർക്കെതിരെ നടപടിയെടുക്കുമെന്ന് പിതാവ് സർക്കുലർ ഇറക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

2016 ജൂൺ 15 ന് അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന ഭരണസമിതിയാണ് സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ള ഭൂമി അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത്. ഈ യോഗത്തിൽ ആലഞ്ചേരി പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമായിരുന്നു്. നിർണ്ണായ തീരുമാനമെല്ലാം എടുത്തത് മാർ എടയന്ത്രത്തിന്റെ നേതൃത്വത്തിലെ യോഗമായിരുന്നു. അതിരൂപതയ്ക്കു വേണ്ടിയും അതിരൂപതയുടെ പേരിലും ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളും നിർദ്ദേശങ്ങളും ഫാ. ജോഷി പുതുവയ്ക്ക് ഭരണ സമിതി നല്കുന്നുവെന്നാണ് മാർ എടയന്ത്രത്ത് ഒപ്പിട്ടിരിക്കുന്ന രേഖയിൽ പറയുന്നത്.

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെക്കുറിച്ച് പഠിക്കാൻ അതിരൂപതയിലെ വൈദിക സമിതിയുടെ ആവശ്യപ്രകാരം കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് നിർണ്ണായകമായ ഈ വിവരങ്ങൾ ഉള്ളത്. ഈ വസ്തുതകളൊന്നും കോടതിയെ അഭിഭാഷകൻ അറിയിച്ചില്ല. കർദിനാൾ ഒപ്പുമാത്രമേ ഇട്ടിരുന്നുള്ളൂ. ഈ സത്യങ്ങൾ മറച്ചുവച്ചതിലൂടെ മാർ എടയന്ത്രത്ത് കേസിൽ പ്രതിയുമായില്ല. കർദിനാളിന് ഈ സഹായമെത്രാനെ ഒറ്റികൊടുക്കാനും കഴിയില്ല.

ഈ സത്യം പുറത്തറിഞ്ഞതോടെ വിശ്വാസികൾ പ്രതിഷേധത്തിലാണ്. അഭിഭാഷകനെ നിയമിച്ചതിൽ അടക്കം കർദിനാളിനെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം. വിമത വൈദികരാണ് കർദിനാളിനെതിരെ പടയൊരുക്കം നടത്തിയത്. ഭൂമി ഇടപാടിനെക്കുറിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ലെന്നുകാണിച്ച് ചേർത്തല സ്വദേശി ഷൈൻ വർഗീസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബി. കെമാൽ പാഷയുടെ സുപ്രധാന ഉത്തരവ് വന്നത്.

ഈ പരാതിക്ക് പിന്നിൽ പ്രവർത്തിച്ചവർ തന്നെ അഭിഭാഷകനെ നിയമിച്ചത് കർദിനാളിനെ കുടുക്കാനാണെന്നാണ് ഉയരുന്ന വാദം. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കൂടിയാണ് മാർ ജോർജ് ആലഞ്ചേരി. കർദിനാളിനുപുറമേ, മുൻ പ്രൊക്യൂറേറ്റർ ഫാ. ജോഷി പുതുവ, പ്രൊ. വികാരി ജനറാൾ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വടക്കുംപാടൻ, ഇടനിലക്കാരനായ സാജു വർഗീസ് എന്നിവരുടെ പേരിൽ കേസെടുക്കാമെന്നാണ് കോടതി നിർദ്ദേശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സിനഡ് തിരഞ്ഞെടുത്തതാണ് കർദിനാളിനെ. ഇത്തരത്തിലൊരു ശ്രേഷ്ഠ പദവിയിലുള്ള വൈദികനെ പുറത്താക്കാൻ നടത്തുന്ന നീക്കം അപലപനീയമാണ്. വൈദികർ ഗുണ്ടകളെ പോലെ തെരുവിൽ ഇറങ്ങുന്നു. ഇതൊന്നും സഭയ്ക്ക് ചേർന്നതല്ലെന്ന് വിശ്വാസികൾ പറയുന്നു. ഭൂമിവിൽപ്പന 27 കോടി രൂപയുടേതാണെന്നാണ് പറയുന്നത്. എന്നാൽ, അതിരൂപതയുടെ അക്കൗണ്ടിൽ ഒമ്പതുകോടിയേ എത്തിയിട്ടുള്ളൂ എന്നാണ് ആക്ഷേപം. തുക മുഴുവൻ നൽകിയെന്നാണ് ഇടനിലക്കാരനായ സാജുവർഗീസിന്റെ നിലപാട്. ഈ പൊരുത്തകേടുകളാണ് കേസിന് ആധാരം. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ തട്ടിപ്പു നടത്തിയെന്ന കുരുക്കാണ് കർദിനാളിനെ കേസിൽ പ്രതിയാക്കുന്നത്. ഇതെല്ലാം തെറ്റായി കോടതിയെ ധരിപ്പിച്ചതാണെന്ന് വിശ്വാസികൾ പറയുന്നു.

ഭൂമിയിടപാടിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമോ എന്നുപരിശോധിച്ച് കേസെടുക്കണോയെന്ന് തീരുമാനിക്കേണ്ടത് പൊലീസാണ്. കേസെടുത്ത് അന്വേഷിക്കാൻ പൊലീസിനോട് നിർദ്ദേശിക്കണമെന്ന ഹർജി നിലനിൽക്കില്ലെന്നാണ് കർദിനാളിനായി ഹൈക്കോടതിയിൽ അഭിഭാഷകൻ വാദിച്ചത്. അതിരൂപത നിയമാനുസൃത സ്ഥാപനമാണ്. അതിന് വസ്തു കൈമാറാൻ അധികാരമുണ്ട്. അക്കാര്യത്തിൽ അതിരൂപതയ്ക്ക് പുറത്തുള്ള ഹർജിക്കാരന് ഇടപെടാനാവില്ല. ക്രമക്കേടുണ്ടെങ്കിൽ കാനോൻ നിയമപ്രകാരമേ നടപടി സാധ്യമാവൂ. ഭൂമി അന്തിമമായി വത്തിക്കാന്റെ ഭാഗമാണ്.

വത്തിക്കാനോ മാർപാപ്പയ്‌ക്കോ ആണ് അക്കാര്യത്തിൽ നടപടിക്ക് അവകാശമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതാണ് ഹൈക്കോടതിയെ പ്രധാനമായും ചൊടിപ്പിച്ചത്. അതിരൂപതയിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാളിന്റെ സ്ഥാനം രാജാവിന് തുല്യമാണോ എന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. അതെ എന്നായിരുന്നു കർദിനാളിന്റെ അഭിഭാഷകന്റെ ഉറച്ച മറുപടി. കള്ളക്കളിയുടെ തെളിവായി ഈ വാദങ്ങൾ വിശ്വാസികൾ കാണുന്നു. കോടതിയെ എല്ലാ അർത്ഥത്തിലും പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണ് വിശ്വാസികളെ ചൊടിപ്പിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മാറിനിൽക്കണമെന്നാവശ്യപ്പെട്ട് വിമത വൈദികരും സജീവമാവുകയാണ്. വിമത വൈദികരുടെ അടിയന്തിരയോഗവും ഇന്ന് നടക്കും. ഇതും വിശ്വാസികളെ പ്രകോപിപ്പിക്കുന്നുണ്ട്.