ന്യൂഡൽഹി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനം അതിവേഗത്തിലാക്കാൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് നയതന്ത്ര നീക്കം സജീവമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടുതൽ അടുക്കുന്നത് ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം മോദിയെ സന്ദർശിച്ച കാത്തലിക് ബിഷപ് കോൺഫറൻസ് പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് മോദിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. പോപ്പിനെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന് പ്രധാനമന്ത്രിയോട് കർദിനാൾ അഭ്യർത്ഥിച്ചു. വേണ്ടത് ഉടൻ ചെയ്യുമെന്ന് മോദിയും ഉറപ്പ് നൽകി. ഇതോടെ മാർപ്പാപ്പയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ആകുലതകൾ മാറുന്നതായി ക്രൈസ്തവ സഭയും വിലയിരുത്തുന്നു.

മോദി സർക്കാരുമായി കൂടുതൽ അടുക്കാനാണ് ക്രൈസ്തവ സഭയുടെ തീരുമാനം. ബിജെപിയെ വെറുമൊരു വർഗ്ഗീയ പാർട്ടിയായി ക്രൈസ്തവ സഭകൾ പരിഗണിക്കുന്നുവെന്ന പരാതി മോദിക്കുണ്ട്. ഇതു കൊണ്ട് മാത്രമാണ് പോപ്പിന്റെ സന്ദർശനത്തിന് കേന്ദ്ര സർക്കാർ മുൻകൈയെടുക്കാത്തതും. സർക്കാരുമായി യോജിച്ച് പ്രവർത്തിച്ചാൽ എല്ലാ സഹായവും കേന്ദ്രം നൽകുമെന്നാണ് കർദിനാളിനോട് മോദി അറിയിച്ചിട്ടുള്ളത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാർപാപ്പയെ ക്ഷണിക്കാമെന്ന് മോദി തന്നെ കർദിനാളിന് ഉറപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി സഹകരിക്കാൻ കത്തോലിക്കാ സഭയ്ക്ക് സന്തോഷമേയുള്ളൂവെന്ന് കർദിനാളും അറിയിച്ചു.

കത്തോലിക്കാ സഭയിൽ സമൂല അഴിച്ചുപണി നടത്തി ഏവരുടേയും കൈയടി നേടിയ ഫ്രാൻസിസ് മാർപ്പാപ്പ ഏറെ കാലമായി ആഗ്രഹിക്കുന്ന ഒന്നാണ് ഇന്ത്യൻ സന്ദർശനം. ക്യൂബയുൾപ്പെടെയുള്ള രാജ്യങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പയെ അതിഥിയായി സ്വീകരിച്ചു. എന്നാൽ 2013മുതൽ ഫ്രാൻസിസ് മാർപ്പാപ്പ ഏറ്റവുമധികം ആഗ്രഹിക്കുന്നത് ഇന്ത്യയിലേക്കുള്ള വരവാണ്. 2013ൽ തന്നെ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സിബിസിഐ പ്രസിഡന്റും മാർപ്പാപ്പയുടെ ഉപദേസക സമിതി അംഗവുമായ കർദിനാൾ ഓസ് വാൾ ഗ്രേഷ്യസ് അറിയിക്കുകയും ചെയ്തു. പക്ഷേ ഈ സ്വപ്‌നം ഇനിയും യാഥാർത്ഥ്യമായില്ല.

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു യുപിഎ സർക്കാരിന്റെ കാലത്ത് തന്നെ കാത്തലിക് ബിഷപ്‌സ് കോൺഫ്രൻസ് ശ്രമം തുടങ്ങിയിരുന്നു. വത്തിക്കാന്റെ രാഷ്ട്രത്തലവനും ആഗോള കത്തോലിക്കാ സഭയുടെ തലവനുമായ ഫ്രാ ൻസിസ് മാർപാപ്പയെ ഔദ്യോഗിക അതിഥിയായി ക്ഷണിക്കുന്നതിനു വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയെ അറിയിച്ചു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനുള്ള തീയതി കേന്ദ്രസർക്കാ ർ വത്തിക്കാനുമായി ആലോചിച്ച് കണ്ടെത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ് രാജ്യത്ത് രാഷ്ട്രീയ മാറ്റമുണ്ടായത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ കേന്ദ്ര സർക്കാർ എത്തിയതോടെ കാര്യങ്ങൾ പ്രതികൂലാവസ്ഥയിലായി.

ഇന്ത്യ സന്ദർശിക്കാൻ പരിശുദ്ധ പിതാവ് നേരത്തെ തന്നെ തയ്യാറായിരുന്നു. എന്നാ ൽ രാഷ്ട്രത്തലവൻ എന്ന നിലയിൽ പ്രോട്ടോക്കോൾ പ്രകാരം രാജ്യമാണ് അദ്ദേഹത്തെ ക്ഷണിക്കേണ്ടത്. ഇതിന് ബിജെപി മുൻകൈയെടുത്തില്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പള്ളികളിലുണ്ടായ അക്രമങ്ങളുയർത്തി മോദിയെ ക്രൈസ്തവ സഭാ നേതൃത്വം പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഇതോടെ പോപ്പിന്റെ സന്ദർശന സാധ്യത വിരളമായി. ഇതിന് പുതുജീവൻ നൽകാനാണ് ക്രൈസ്തവ സഭയുടെ തീരുമാനം. കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുമ്പോൾ തന്നെ ക്രൈസ്തവ സഭകൾ അതിനുള്ള സാധ്യതകൾ സജീവമാക്കി.

ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനമാണ് മോദിയുമായി അടുക്കാൻ ക്രൈസ്തവ സഭയ്ക്ക് അവസരമൊരുക്കിയത്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ക്രൈസ്തവ സഭയുടെ അകലം പാലിക്കലെന്ന വിലയിരുത്തൽ മോദിക്കുണ്ടായിരുന്നു. അത് മാറ്റാനാണ് കർദിനാൾ നേരിട്ട് മോദിയെ കണ്ടത്. ഇതോടെ പോപ്പിനെ മോദി തന്നെ ഇന്ത്യയിലേക്ക് ഉടൻ ക്ഷണിക്കുമെന്നാണ് സൂചന.