- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ ബോധവൽക്കരണത്തിനിറങ്ങിയ എൻസിസി കേഡറ്റുകൾ സഹപാഠികളുടെ ദുരിതജീവിതം കണ്ട് ഞെട്ടി; സർവേ മാറ്റിവച്ച് വീട് പണിതു നൽകാൻ രംഗത്തിറങ്ങി; 'കെയർ ആൻഡ് ഷെയർ' പദ്ധതിയിൽ ഉയർന്നത് 9 ലക്ഷത്തിന്റെ 7 വീടുകൾ; ഇരട്ടയാർ സ്‌കൂൾ രാജ്യത്തിന് വഴികാട്ടുന്നു
ഇടുക്കി: നിർധന കുടുംബാംഗമായ സഹപാഠിക്ക് വീട് വച്ചു നൽകുന്നത് ഒട്ടനവധി വിദ്യാലയങ്ങളിലും കലാലയങ്ങളിലും പതിവ് കാഴ്ചയാണ്. ഇതിൽ വേറിട്ട മുഖമായി രാജ്യത്തുതന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ കേഡറ്റുകൾ. കാൻസർ ബോധവൽക്കരണ പരിപാടികൾക്കായി ഇറങ്ങിത്തിരിച്ച കേഡറ്റുകൾ സഹപാഠികളിൽ ചിലരുടെ വീടുകളുടെ
ഇടുക്കി: നിർധന കുടുംബാംഗമായ സഹപാഠിക്ക് വീട് വച്ചു നൽകുന്നത് ഒട്ടനവധി വിദ്യാലയങ്ങളിലും കലാലയങ്ങളിലും പതിവ് കാഴ്ചയാണ്. ഇതിൽ വേറിട്ട മുഖമായി രാജ്യത്തുതന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ കേഡറ്റുകൾ.
കാൻസർ ബോധവൽക്കരണ പരിപാടികൾക്കായി ഇറങ്ങിത്തിരിച്ച കേഡറ്റുകൾ സഹപാഠികളിൽ ചിലരുടെ വീടുകളുടെ ദയനീയാവസ്ഥ കണ്ട് അമ്പരന്നു. ചാക്കും പടുതയും കെട്ടിമറച്ച, തറപോലും കെട്ടാത്ത ഷെഡ്ഡുകളിൽ വെയിലും മഴയുമേറ്റ്, തണുപ്പും മഞ്ഞും സഹിച്ച് കുടിയേറ്റകാല ജീവിതം ഓർമിപ്പിച്ചു കഴിയുന്ന കുടുംബങ്ങൾ മനസിൽ കോരിയിട്ട നൊമ്പരത്തീയിൽ കേഡറ്റുകൾ കാൻസർ പദ്ധതി മാറ്റിവച്ച് ആർക്കെങ്കിലും കിടപ്പാടം പണിതുകൊടുക്കാൻ കഴിയുമോ എന്നാലോചിച്ചു. എൻ. സി. സി ഓഫീസർ നെടുംതൂണായി നിന്നപ്പോൾ കുട്ടികൾ പടുത്തുയർത്തിയത് ഒന്നല്ല, ഏഴ് സ്വപ്‌നഭവനങ്ങൾ. അതും ഒൻപതു ലക്ഷം രൂപ വീതം ചെലവിൽ 1100 ചതുരശ്ര അടിവീതമുള്ള മനോഹര ഭവനങ്ങൾ.
ഒരു വർഷം തികയാൻ ഒരു ദിനം ബാക്കി നിൽക്കേ, മുഴുവൻ പണികളും പൂർത്തിയാക്കി വീടുകൾ കൈമാറിയതിന്റെ ത്രില്ലിലാണ് സ്‌കൂളും വിദ്യാർത്ഥികളും. അഞ്ചു വിദ്യാർത്ഥികൾക്കു പുറമേ, പ്രദേശവാസികളായ രണ്ടുപേർക്കും വീട് ലഭിച്ചു. പണം കൈപ്പറ്റാതെ, അസംസ്‌കൃത വസ്തുക്കൾ സുമനസ്സുകളിൽനിന്നു സ്വീകരിച്ച് നടപ്പാക്കിയ പ്രൊജക്ടിൽ തൊഴിലാളികൾക്കു കൂലി നൽകാൻ അദ്ധ്യാപകരും ജീവനക്കാരും കൈയയച്ചു സഹായിച്ചതും അവധി ദിനങ്ങളിൽ കുട്ടികൾ തന്നെ തൊഴിലാളികളായി രംഗത്തിറങ്ങിയതും ഒരുമയുടെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും സന്ദേശമായി.
കോട്ടയം 16 ബറ്റാലിയനിലെ അസോസിയേറ്റ് എൻ. സി. സി ഓഫീസർ ലഫ്. റെജി ജോസഫിന്റെ നേതൃത്വത്തിലാണ് 'കെയർ ആൻഡ് ഷെയർ' എന്ന പേരിൽ സ്വപ്‌നഭവന പദ്ധതി നടപ്പാക്കിയത്. കാൻസർ ബോധവൽകരണത്തിന്റെ ഭാഗമായി വിവരശേഖരണം നടത്തവേയാണ് സഹപാഠികളിൽ ചിലരുടെ ദയനീയാവസ്ഥ ബോധ്യപ്പെട്ടത്. ഇതിനിടെ, സ്‌കൂളിൽ ചില കുട്ടികളുടെ പെരുമാറ്റങ്ങളും അദ്ധ്യാപകർക്കിടയിൽ ചർച്ചയായി. ക്ലാസിൽ താൽപര്യമില്ലായ്മ, ഉറക്കം, മറ്റു കുട്ടികളോട് ദേഷ്യത്തോടെയുള്ള പ്രതികരണങ്ങൾ തുടങ്ങിയവയുടെ കാരണങ്ങൾ അന്വേഷിച്ചപ്പോൾ ജീവിത സാഹചര്യങ്ങളിലെ ദുരിതാവസ്ഥ വെളിപ്പെട്ടു. നാലും അഞ്ചും അതിലധികവും അംഗങ്ങളുള്ള കുടുംബങ്ങൾ ഒറ്റമുറി ഷെഡ്ഡുകളിൽ ദാരിദ്ര്യത്തോടു പൊരുത്തപ്പെടാനാവാതെ നിസംഗതയിൽ ജീവിതം തള്ളിനീക്കുന്ന ചിത്രം വേദനിപ്പിക്കുന്നതായിരുന്നു. രോഗങ്ങളും ഗൃഹനാഥന്മാരുടെ അഭാവവുമൊക്കെ ഇത്തരം കുടുംബങ്ങളെ സാമൂഹ്യമുഖ്യധാരയിൽനിന്ന് ഒറ്റപ്പെടുത്തുന്നതായി കണ്ടെത്തിയതോടെ, ബോധവൽകരണ പരിപാടികൾ അടുത്ത വർഷത്തേയ്ക്കു മാറ്റിവച്ചു വീട് പണിയെന്ന ദൗത്യം എൻ. സി. സി ഏറ്റെടുക്കുകയായിരുന്നു. ഒന്നോ, രണ്ടോ വീടുകൾ പണിയാനാണ് ലക്ഷ്യമിട്ടത്. എന്നാൽ അനിവാര്യമായത് ഇതിലധികമായതിനാൽ കഴിയുന്നത്ര വീടുകൾ പണിയാനുള്ള ശ്രമമാണ് ഏഴു കുടുംബങ്ങൾക്ക് സുരക്ഷിത മേൽക്കൂരയൊരുക്കിയത്.
അരക്ഷിതാന്തരീക്ഷത്തിൽ കഴിയുന്ന കുടുംബങ്ങളുടെ വാസസ്ഥലങ്ങളിൽ സുമനസ്സുകളെ എത്തിച്ച് യഥാർത്ഥ സ്ഥിതി ബോധ്യമാക്കിക്കൊടുക്കുകയാണ് ആദ്യം ചെയ്തത്. എല്ലാവരുംതന്നെ അനുകൂലമായി പ്രതികരിച്ചതോടെ 'കെയർ ആൻഡ് ഷെയർ' ഒരു ബൃഹദ്‌സംരംഭമായി. പദ്ധതി കോ-ഓർഡിനേറ്റർ റോബർട്ട് മാടവന, സീനിയർ അണ്ടർ ഓഫീസർ കോളിൻസ് ബാബു, അണ്ടർ ഓഫീസർ സാന്ദ്ര കെ. സജി എന്നവരാണ് ലഫ്. റെജി ജോസഫിനൊപ്പം നിന്ന് ചുക്കാൻ പിടിച്ചത്. സംഘടനകളും ക്ലബ്ബുകളും വ്യാപാരികളും ഉദ്യോഗസ്ഥരും കർഷകരുമുൾപ്പെടെ 1500-ഓളം പേർ പദ്ധതിക്കു പിന്നിൽ അണിനിരന്നു. സ്‌പോൺസർ ചെയ്യപ്പെട്ട നിർമ്മാണ സാമഗ്രികൾ സൈറ്റുകളിൽ എത്തിക്കുന്നതിനും കോൺ്ക്രീറ്റിങ് പോലെയുള്ള ജോലികൾക്കും കേഡറ്റുമാർക്കൊപ്പം രക്ഷിതാക്കളും അയൽക്കൂട്ടങ്ങളും രംഗത്തിറങ്ങി.
നിർമ്മാണ വസ്തുക്കൾ ഒരു കിലോമീറ്റർ വരെ തലച്ചുമടായി എത്തിക്കേണ്ടിവന്നു. സന്നദ്ധ സംഘടനകളും മറ്റും വച്ചു നൽകുന്ന വീടുകളിൽ പലതും ഭിത്തി തേക്കാത്തതും ജനാലകളും മറ്റും സ്ഥാപിക്കാത്തതുമായതിനാൽ പിന്നീട് ഉണ്ടാകുന്ന കുഴപ്പങ്ങൾ പരിഗണിച്ച്, നിർമ്മാണം പൂർണവും മതിയായ സൗകര്യങ്ങളോടുംകൂടി ആയിരിക്കണമെന്നു നിഷ്‌കർഷയുണ്ടായിരുന്നു. കോൺക്രീറ്റ് റൂഫിംഗിൽ മൂന്നു ബെഡ് റൂം, ലിവിങ് റൂം, കിച്ചൺ, വർക്ക് ഏരിയ, സിറ്റൗട്ട്, ടോയ്‌ലെറ്റ് എന്നിവയോടെയുള്ള ആധുനിക ഭവനങ്ങളാണ് പണിതത്. സ്‌കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, പ്രിൻസിപ്പാൾ സിസ്റ്റർ റോസിൻ, ഹെഡ്‌മാസ്റ്റർ പി. ജെ ജോസഫ് തുടങ്ങിയവരുടെ മേൽനോട്ടവും മാർഗനിർദേശവും സഹായമായി. തന്റെ ഒരു വർഷത്തെ ശമ്പളത്തിന്റെ മുഖ്യഭാഗവും കട്ടപ്പന സെന്റ് ജോർജ് സ്‌കൂളിലെ അദ്ധ്യാപികയായ ഭാര്യ ഷാന്റി റെജിയുടെ ശമ്പളത്തിൽനിന്നുള്ള തുകയും ലഫ്. റെജി ജോസഫ് നിർമ്മാണത്തിനായി പങ്കുവച്ചു.
നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ കുറെ സാമ്പത്തിക ബാധ്യതകൾ അവശേഷിപ്പിച്ചാണ് പദ്ധതി പൂർണമാക്കി ഏഴു കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്. ജന്മനാ ശാരീരിക വൈകല്യമുള്ള ഇരട്ടയാർ വേഴമ്പശേരി ജോമോൻ ജോർജിനായി പണിത വീട് വെഞ്ചെരിച്ചുകൊണ്ട് ഇടുക്കി രൂപതാ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലാണ് വീട് കൈമാറ്റം നിർവഹിച്ചത്. ജോയ്‌സ് ജോർജ് എം. പി, എംഎൽഎമാരായ കെ. കെ ജയചന്ദ്രൻ, റോഷി അഗസ്റ്റിൻ എന്നിവരടക്കം നിരവധി പ്രമുഖരും നൂറുകണക്കിന് ജനങ്ങളും 'കെയർ ആൻഡ് ഷെയർ'പദ്ധതിയുടെ സാഫല്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.