- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റർ; മുരളി തുമ്മാരുകുടിയുടെ കരിയർ ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം
എനിക്ക് ഒരു ദിവസം ജനീവയിലെ ഫ്‌ലാറ്റിൽ ഒരു കത്ത് കിട്ടി. അത് ഫ്രഞ്ചിലായിരുന്നതിനാൽ ഓഫീസിൽ കൊണ്ടുചെന്ന് സെക്രട്ടറിയെക്കൊണ്ട് വായിപ്പിച്ചു. ''ഈ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ മൂട്ടശല്യം ഉള്ളതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഒരു മൂട്ടപരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഈ വരുന്ന ഇരുപത്തിമൂന്നാം തിയതി പതിനൊന്നുമണിക്ക് മൂട്ടപരിശോധനക്ക് ആളെത്തും. ഇത് സൗജന്യമാണ് സഹകരിക്കുക.'' ജനീവയിലെ കാര്യമായതുകൊണ്ട് സഹകരിച്ചില്ലെങ്കിൽ പിന്നെ രണ്ടാമത് മൂട്ട ഓഫീസറെ ഞാൻ പോയി പടികെട്ടി കൊണ്ടുവരേണ്ടിവരും. പത്തായിരം ഫ്രാങ്ക് ചെലവാകും. അതുവേണ്ട, ഇരുപത്തിമൂന്നാം തിയതി പതിനൊന്ന് മണിക്ക് ഞാൻ വീട്ടിൽ കാവൽ. പത്തുമണി അന്പത്തിയൊന്പത് മിനുട്ടിൽ ഡോർ ബെല്ലടിച്ചു. ഞാൻ വാതിൽ തുറന്നു. ഒരു ഭീകരൻ പട്ടിയെയും പിടിച്ച് ഒരു സായിപ്പ്. ''May I come in?' ഭാഗ്യം! സായിപ്പിന് ഇംഗ്ലീഷ് അറിയാം. ''Yes, please.' 'Can I keep this dog in your bathroom for a minute?' എന്തിനാണ് മൂട്ട ഓഫീസർ ഒരു പട്ടിയുമായി വന്നതെന്നോ, ആ പട്ടിയെ എ
എനിക്ക് ഒരു ദിവസം ജനീവയിലെ ഫ്‌ലാറ്റിൽ ഒരു കത്ത് കിട്ടി. അത് ഫ്രഞ്ചിലായിരുന്നതിനാൽ ഓഫീസിൽ കൊണ്ടുചെന്ന് സെക്രട്ടറിയെക്കൊണ്ട് വായിപ്പിച്ചു. ''ഈ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ മൂട്ടശല്യം ഉള്ളതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഒരു മൂട്ടപരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഈ വരുന്ന ഇരുപത്തിമൂന്നാം തിയതി പതിനൊന്നുമണിക്ക് മൂട്ടപരിശോധനക്ക് ആളെത്തും. ഇത് സൗജന്യമാണ് സഹകരിക്കുക.''
ജനീവയിലെ കാര്യമായതുകൊണ്ട് സഹകരിച്ചില്ലെങ്കിൽ പിന്നെ രണ്ടാമത് മൂട്ട ഓഫീസറെ ഞാൻ പോയി പടികെട്ടി കൊണ്ടുവരേണ്ടിവരും. പത്തായിരം ഫ്രാങ്ക് ചെലവാകും. അതുവേണ്ട, ഇരുപത്തിമൂന്നാം തിയതി പതിനൊന്ന് മണിക്ക് ഞാൻ വീട്ടിൽ കാവൽ. പത്തുമണി അന്പത്തിയൊന്പത് മിനുട്ടിൽ ഡോർ ബെല്ലടിച്ചു. ഞാൻ വാതിൽ തുറന്നു. ഒരു ഭീകരൻ പട്ടിയെയും പിടിച്ച് ഒരു സായിപ്പ്.
''May I come in?' ഭാഗ്യം! സായിപ്പിന് ഇംഗ്ലീഷ് അറിയാം.
''Yes, please.'
'Can I keep this dog in your bathroom for a minute?'
എന്തിനാണ് മൂട്ട ഓഫീസർ ഒരു പട്ടിയുമായി വന്നതെന്നോ, ആ പട്ടിയെ എന്റെ ബാത്റൂമിൽ വിടുന്നതെന്നോ എനിക്ക് മനസ്സിലായില്ല.
''Yes, of course'
പട്ടിയെ ബാത്റൂമിൽ കെട്ടിയിട്ട് സായിപ്പ് സിറ്റിങ് റൂമിലെത്തി.
''ഞാൻ മൂട്ട പരിശോധിക്കാൻ വന്നതാണ്. മൂട്ടയെ കണ്ടുപിടിക്കാൻ വേണ്ടി പ്രത്യേകം പരിശീലനം നേടിയ ഒരു അമേരിക്കൻ പട്ടിയാണിത്. ഈ പട്ടിക്ക് മൂട്ട എവിടെ ഉണ്ടെങ്കിലും മണത്തറിയാൻ കഴിവുണ്ടെന്ന് നിങ്ങളെ വിശ്വസിപ്പിക്കാനായി ഞാൻ ഒരു മൂട്ടയെ ചെറിയ ഡപ്പിയിലാക്കി കൊണ്ടുവന്നിട്ടുണ്ട്. സായിപ്പ് വിക്‌സ് ഡപ്പി പോലൊന്ന് എന്നെ കാണിച്ചു (അതിന്റെ മുകളിൽ വല പോലൊരു ചെറിയ തുണികൊണ്ട് വരിഞ്ഞുകെട്ടിയിരിക്കുന്നു. അതിനകത്ത് ഒരു മൂട്ട).
''നിങ്ങളീ മൂട്ടയെ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചോളൂ, എന്നെ കാണിക്കണ്ട.''
ഞാൻ മൂട്ടയെ അടുക്കളയുടെ അലമാരിയിൽ വച്ച് കതകടച്ചു.
''Are you ready?'
'Yes'
Let the game begin...
സായിപ്പ് പോയി പട്ടിയെ തുറന്നുവിട്ടു. പട്ടി വീടുമുഴുവൻ കുറേനേരം മണത്തുനടന്നിട്ടും ഒരിടത്തുനിന്നും മൂട്ടയെ കിട്ടിയില്ല. അവസാനം ഭാഗ്യത്തിന് അലമാരിയിൽ ഞാനൊളിപ്പിച്ചു വച്ച മൂട്ടഡപ്പി അവൻ തപ്പിയെടുത്തു. ''Well done' എന്നുപറഞ്ഞ് സായിപ്പ് പോക്കറ്റിൽ നിന്നും രണ്ട് പട്ടിഗുളികയെടുത്തുകൊടുത്ത് പട്ടിയുടെ പുറത്തുതട്ടി. എന്റെ വീട്ടിൽ മൂട്ടയൊന്നുമില്ല എന്ന സർട്ടിഫിക്കറ്റും എഴുതിത്ത്ത്ത്തന്ന് സായിപ്പ് സ്ഥലം വിട്ടു.
മൂട്ടയെ മാത്രം മണത്തു പിടിക്കുന്ന പട്ടി എനിക്കൊരു അതിശയമായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ റെന്റൽ ഏജൻസിയോട് അതിന്റെ വിവരങ്ങൾ ചോദിച്ചു. സായിപ്പ് പറഞ്ഞത് സത്യമാണ്. അമേരിക്കയിൽ നിന്നും പരിശീലനം നേടി ഇറക്കുമതി ചെയ്ത പട്ടിയാണ്. ഒരു ദിവസം ഒരുലക്ഷം രൂപയുടെ മുകളിലാണ് ഈ പട്ടി-സായിപ്പ് ടീമിന്റെ കൂലി. ഇങ്ങനെ അധികം പട്ടികൾ സ്വിറ്റസർലാണ്ടിൽ ഇല്ല. മാസങ്ങൾക്ക് മുന്നേ ബുക്ക് ചെയ്താലേ മൂട്ട ടീമിനെ കിട്ടൂ. പട്ടിക്ക് മൂട്ട പിടുത്തത്തിൽ സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ട്. (http://www.bedbugs.org/dogs/).
ഈ ലോകത്തിൽ ഒരാൾക്ക് ചെയ്യാൻ പറ്റുന്ന, നമുക്കറിയാത്ത, ഏറെ വരുമാനമുള്ള പല പണികളുമുണ്ടെന്ന് അറിയിക്കാനാണ് ഞാനീ കാര്യം പറഞ്ഞത്. നാട്ടിൽ ഈ മൂട്ട ഓപ്പറേറ്റർ വന്നാൽ എല്ലാ തീയേറ്ററിലും ഒടുക്കത്തെ ഡിമാൻഡ് ആയിരിക്കും, ഫ്‌ളാറ്റുകളിലും.
ഇതൊരു അപൂർവത ഒന്നുമല്ല. എന്റെ തൊഴിൽജീവിതത്തിനകത്ത് ആയിരക്കണക്കിന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിൽ ഞാൻ പങ്കാളിയായിട്ടുണ്ട്. അതിലേറ്റവും ശന്പളം കൊടുക്കേണ്ടിവന്നത് ഡോക്ടർക്കോ എൻജിനീയർക്കോ ഒന്നുമല്ല. ഒരുദിവസം അഞ്ചുലക്ഷം രൂപയിൽ കൂടുതൽ ശന്പളം കൊടുത്തത് എണ്ണക്കിണർ കത്തുന്നത് നിയന്ത്രിക്കാൻ അമേരിക്കയിൽ നിന്നെത്തിയ ആൾക്കായിരുന്നു.
[BLURB#1-VL]കടലിനു നടുക്ക് പ്ലാറ്റ്ഫോം പണിയുന്‌പോഴും അത് റിപ്പയർ ചെയ്യുന്‌പോഴും കടലിനടിയിൽ മുങ്ങി പണിയെടുക്കുന്ന വെൽഡർമാരുണ്ട്. അവർക്കും കൊടുത്തിരുന്നു ദിവസം ഒന്നരലക്ഷം രൂപയിലധികം ശന്പളം. (ഈ പണിക്കിപ്പോൾ ആളുകൂടി എന്ന് തോന്നുന്നു, ഇന്ന് റേറ്റ് ടെസ്റ്റ് ചെയ്തപ്പോൾ ഇതിന്റെ പതിലൊന്നായി). കടലിലും കരയിലും ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിസൂക്ഷ്മമായി സർവ്വേ നടത്തുന്ന ആളുകൾക്കും, ജാപ്പനീസും അറബിക്കും എല്ലാം ഭംഗിയായി ഇംഗ്ലീഷിലേക്കും തിരിച്ചും തർജ്ജിമ ചെയ്യുന്നവർക്കും ഒക്കെ ദിവസം ഒരു ലക്ഷത്തിന് മുകളിൽ ശന്പളം കിട്ടുന്നുണ്ട്.
ഇതുപോലെ ഒരു ഡസൻ ജോലികൾ വേറെയുമുണ്ട് നമ്മൾ കേട്ടിട്ടില്ലാത്തതും ശ്രദ്ധിക്കാത്തതും ഒക്കെയായി. ഇതിനൊക്കെ ശേഷമേ എൻജിനീയരുടെയും ഡോക്ടറുടെയുമൊക്കെ ശരാശരി ശമ്പളം വരൂ. കേരളത്തിൽ എന്നാലും ഇപ്പോഴും 'എൻജിനീയറും ഡോക്ടറും' തന്നെ ആണ് തൊഴിലുകൾ മുകളിൽ നിൽക്കുന്നത്. ഇത് സാമ്പത്തിക കാരണങ്ങളാൽ മാത്രമല്ല. കേരളത്തിലെ തൊഴിലുകളുടെ ഗ്രേഡിങ് എന്നത് ചില സാമൂഹ്യധാരണകളിൽ നിന്നും ഉണ്ടായിവന്നതാണ്. ഇത് കുറെയൊക്കെ പഴയ ജാതിവ്യവസ്ഥയുടെയും മറ്റും പിന്തുടർച്ചയുമാണ്. നല്ല തൊഴിൽ, ചീത്ത തൊഴിൽ, ഉയർന്ന തൊഴിൽ, താണ തൊഴിൽ എന്നൊക്കെയുള്ള ചിന്താഗതി നിലനിൽക്കുന്നിടത്തോളം കാലം പ്രൊഫഷണൽ ആയിട്ടുള്ള കരിയർ മാനേജ്മെന്റ് കൊണ്ട് ഗുണമുണ്ടാകാൻ ബുദ്ധിമുട്ടാണ്. തൽക്കാലം ഇത്തരം മണ്ടത്തരങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ എനിക്ക് താല്പര്യവുമില്ല. എന്നാൽ പുതുതായി തൊഴിൽമേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നവരോട് കുറച്ചുകാര്യങ്ങൾ പറയാം.
നല്ല ജോലി, ചീത്ത ജോലി എന്നിങ്ങനെ ജോലികളെ ലോകം ഇപ്പോൾ തരം തിരിക്കുന്നില്ല. പകരം നിങ്ങൾ ചെയ്യുന്ന തൊഴിൽ ഡീസന്റ് വർക്ക് ആണോ എന്നതാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന മാനദണ്ഡമായി എടുക്കുന്നത്. 'Decent work is productive work for women and men in conditions of freedom, equality, security and human dignity. It involves opportunities for work that deliver a fair income; provide security in the workplace and oscial protection for workers and their families.'. ലോകമാണ് നിങ്ങൾ തൊഴിലിടമാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇന്ന് കേരളത്തിൽ ഉള്ള തൊഴിലിനെ പറ്റിയുള്ള ചിന്തകൾ ആദ്യമേ മാറ്റി വക്കുക. നിയമപരമായി അംഗീകരിക്കപ്പെട്ട ഏതൊരു തൊഴിലും ചെയ്യുന്നതിൽ ഒരു വിഷമവും വിചാരിക്കേണ്ട കാര്യമില്ല.
ഏത് ജോലിയാണെങ്കിലും അതിനുവേണ്ട പരിശീലനവും പരിചയവും ആർജ്ജിക്കുക എന്നതാണ് പ്രധാനം. പരിശീലനം വേണ്ടാത്ത ഒരു തൊഴിലുമില്ല. പരിശീലനം കൂടുന്നതോടെ പൊതുവെ നമ്മുടെ എംപ്ലോയബിലിറ്റിയും ശമ്പളവും കൂടും. ഓരോ തൊഴിലിനും അതിന്റേതായ ചില അപകടസാധ്യതകളുണ്ട്. ചിലത് പെട്ടെന്നുണ്ടാകാവുന്ന അപകടമാകാം (തെങ്ങിൽ കയറുന്ന ആൾ അതിൽ നിന്നും താഴെ വീഴാനുള്ള സാധ്യത ). ചിലത് ഏറെ നാളുകൾ കൊണ്ട് ഉണ്ടാകുന്നതാകാം (പെട്രോൾ പന്പിൽ ജോലി ചെയ്യുന്ന ആൾ ദിവസവും പെട്രോളിലെ രാസവസ്തുക്കൾ ശ്വസിക്കേണ്ടി വരുന്നത്). ഇത് നമ്മൾ മനസ്സിലാക്കണം.
ഒരു തൊഴിലിന്റെ വേതനം നിർണ്ണയിക്കുന്നത് അതിന് എത്രമാത്രം പരിശീലനം ആവശ്യമാണ്, എത്രമാത്രം റിസ്‌ക്കുണ്ട്, അത് ചെയ്യാനുള്ള ആളുകളുടെ ലഭ്യത, ജോലി ചെയ്യുന്ന സ്ഥലം, ആ വ്യവസായത്തിന്റെ മൊത്തം ലാഭം, സംഘടിത ശക്തിയുള്ള തൊഴിൽ ആണോ അത് ഇതെല്ലാം അടിസ്ഥാനമാക്കിയാണ്. പണം കൂടുതൽ ലഭിക്കുന്ന ജോലിയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിക്കണം. എല്ലാ ജോലികളും ആഗോളതലത്തിൽ സാധ്യതയുള്ളതല്ല. അപ്പോൾ പുറംരാജ്യത്തെ ജോലിക്കാണ് നമുക്ക് താല്പര്യമെങ്കിൽ എവിടെയൊക്കെ എന്തൊക്കെ ജോലികൾ ലഭ്യമാണ്, അവിടെ നമുക്ക് എത്തിച്ചേരാൻ ഉള്ള പ്രതിബന്ധങ്ങൾ ഏതൊക്കെയാണ് എന്ന് നന്നായി മനസ്സിലാക്കിവേണം അതിന് ശ്രമിക്കാൻ.
കേരളത്തിൽ നിന്നും ഏതാനും കുറച്ചു വിഷയങ്ങൾ പഠിച്ചാണ് കുട്ടികൾ പുറത്തിറങ്ങുത്തതെങ്കിലും പതുക്കെപ്പതുക്കെ അനവധി തൊഴിൽമേഖലകളിൽ ജോലിചെയ്യുന്ന മലയാളികൾ ലോകത്തെന്പാടുമുണ്ട്. പുതിയ തലമുറയിലെ കുട്ടികൾക്ക്, അവർ ഐ ടി ഐ പാസായതായാലും പി എച് ഡി ചെയ്തതായാലും, ഈ രംഗങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാൻ എന്തു ചെയ്യണമെന്നു പറഞ്ഞുതരാൻ അവർ തയ്യാറാണ്. അങ്ങനെയുള്ളവരുടെ ഒരു ഡയറക്ടറി ഞാൻ തയ്യാറാക്കുകയാണ്. അപ്പോൾ ഏതെങ്കിലും പ്രത്യേക മേഖലയിൽ ഉള്ള അവസരങ്ങളെയും സാധ്യതകളെയും കുറിച്ച് വരും ദിവസങ്ങളിൽ അവർ നിങ്ങളുടെ ചോദ്യങ്ങൾക്ക് കൂടുതൽ വ്യക്തമായ മറുപടി തരുന്നതാണ്.
ഞാൻ പറഞ്ഞുവരുന്നത് ഡോക്ടറും എൻജിനീയറും എന്ന നിലയിലേക്ക് മാത്രം കരിയർ ഓപ്ഷനെ ചുരുക്കേണ്ട ഒരു കാര്യവുമില്ല. അതേസമയം ഈ ചിന്ത ഒന്നും തൊഴിൽ തിരഞ്ഞെടുക്കുന്ന സമയത്ത് മാത്രം ഉണ്ടായാൽ പോരാ. ജോലിയുടെ ഉച്ചനീചത്വങ്ങളെ സംബന്ധിച്ച ടെ ചിന്ത പങ്കാളിയെ തിരഞ്ഞെടുക്കുന്‌പോഴും മാറ്റിയില്ലെങ്കിൽ, 'നല്ല' പെണ്ണ് കിട്ടാനും , 'കൊള്ളാവുന്ന' ചെറുക്കനെ കിട്ടാനും വേണ്ടി സമൂഹം വീണ്ടും എന്ജിനീയര്മാരെയും ഡോക്ടർമാരെയും ഒക്കെ തേടി പോകും. 'ഒരു പട്ടിയെയും പിടിച്ചുകൊണ്ടു നടക്കുന്ന പയ്യനെ', അയാൾ എത്ര മര്യാദക്കാരനാണെങ്കിലും, എത്ര ലക്ഷപ്രഭു ആണെങ്കിലും പ്രേമിക്കാനോ കല്യാണം കഴിക്കണോ പെൺകുട്ടികൾ തെയ്യാറായില്ലെങ്കിൽ മൂട്ട ഇൻവെസ്‌റിഗേറ്ററുടെ തൊഴിൽ ഇവിടെ പച്ച പിടിക്കില്ല. കേരളത്തിലെ സ്ത്രീകൾ ഏറെ വരുമാനമുള്ള എത്രയോ ഡിമാൻഡ് ഉള്ള അനവധി ജോലികൾക്ക് പോകാതിരിക്കുന്നതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല. ആൺ കുട്ടികളിലും പെൺകുട്ടികളിലും ഈ മൈൻഡ്സെറ്റ് ചേഞ്ച് ഉണ്ടായാലേ നമ്മൾ പറയുന്ന ഡിഗ്‌നിറ്റി ഓഫ് ലേബർ അടുത്ത തലമുറയിൽ എങ്കിലും സാധ്യമാകൂ.