"ചേട്ടൻ ഈ ലോകത്തെ എല്ലാ ജോലികളെയും പറ്റി എഴുതിയിട്ടും ഐക്യരാഷ്ട്രസഭയിൽ ഒരു ജോലി കിട്ടുന്നതെങ്ങനെയാണെന്ന് എന്താണ് എഴുതാത്തത്? അതൊക്ക വലിയ ബുദ്ധിമുട്ടായതുകൊണ്ടാണോ, അതോ ഞങ്ങൾ ഒക്കെക്കൂടി അങ്ങോട്ട് വന്നു ചേട്ടന് പണി തരും എന്നോർത്തിട്ടാണോ ?"

ഇത് രണ്ടുമല്ല കാരണം. ഏതാണ്ട് ഒരു വർഷം മുൻപ് ഞാൻ ഈ വിഷയത്തെപ്പറ്റി എഴുതിയിരുന്നു, ഇനിയുമെഴുതിയാൽ ഇവിടുത്തെ പഴയ ആളുകൾക്ക് ബോറടിക്കുമല്ലോ എന്ന് കരുതി റിപ്പീറ്റ് ചെയ്യാതിരുന്നതാണ്. എന്താണെങ്കിലും ചോദിച്ച സ്ഥിതിക്ക് ഒന്നുകൂടി എഴുതാം. ഐക്യരാഷ്ട്രസഭയിൽ ജോലി കിട്ടുക എന്നത് ആർക്കും ഒരു സ്വപ്നമാണ്. യുദ്ധത്തിന്റെയും ദുരന്തത്തിന്റെയും നടുക്ക് ആളുകൾക്ക് സേവനം നല്കാനുള്ള സാധ്യത, ലോകത്ത് പലയിടത്തും സഞ്ചരിക്കാനുള്ള അവസരം, നല്ല ശമ്പളം, ജോലിയുടെ മാന്യത, പല നാട്ടുകാരോടൊത്ത് ജോലി ചെയ്യുന്ന അനുഭവം ഇതെല്ലാം ഐക്യരാഷ്ട്രസഭയിലെ ജോലിയെ ആകർഷകമാക്കുന്നു.

ഐക്യരാഷ്ട്രസഭ എന്നത് ഒറ്റ സ്ഥാപനമല്ല. ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭ സ്ഥാപിക്കുന്നതിനു മുൻപേയുള്ള അന്താരാഷ്ട്ര തൊഴിൽസംഘടന തൊട്ട് ഐക്യരാഷ്ട്ര യൂണിവേഴ്സിറ്റി വരെ അൻപതിലധികം സ്ഥാപനങ്ങൾ ചേർന്ന ഒരു സംവിധാനമാണ് ഐക്യരാഷ്ട്രസഭ. എന്നാൽ ഈ സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകളെല്ലാം ക്രോഡീകരിച്ച് നിയമനം നടത്തുവാൻ നമ്മുടെ പി.എസ്.സി പോലൊരു സംവിധാനം ഇപ്പോൾ നിലവിലില്ല. അതിനാൽ ഐക്യരാഷ്ട്രസഭയിൽ ജോലി വേണമെന്നുള്ളവർ ഈ സ്ഥാപനങ്ങളുടെയെല്ലാം വെബ് സൈറ്റിലും പത്രമാസികകളിലും സ്ഥിരമായി ശ്രദ്ധിക്കണം. ഇതു ക്രോഡീകരിക്കുന്ന പല വെബ് സൈറ്റുകൾ ലഭ്യമാണെങ്കിലും ഒന്നും പൂർണ്ണവും ഔദ്യോഗികവുമല്ല. അങ്ങനൊരു വെബ് സൈറ്റ് ആണിത് (http://unjobs.org).

യുദ്ധം മുതൽ സമാധാനം വരെ, ദുരന്തം മുതൽ ആരോഗ്യപരിപാലനം വരെ, പോസ്റ്റൽ സർവീസ് തൊട്ടു ശൂന്യാകാശം വരെയുള്ള കാര്യങ്ങളിൽ ഐക്യരാഷ്ട്രസഭക്ക് താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ ലോകത്തെ വിവിധ വിഷയങ്ങളിൽ ഉന്നത പരിശീലനം ലഭിച്ചവർക്ക് ഐക്യരാഷ്ട്ര സഭയുടെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് സാധ്യതയുണ്ട്. ഐക്യരാഷ്ട്രസഭക്ക് ലോകത്താകമാനം 193 അംഗരാജ്യങ്ങളുണ്ട്. അവിടുത്തെ ഓരോ ആളുകൾക്കും അവിടെ ജോലിക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്, അവരതു ചെചെയ്തുകൊണ്ടുമിരിക്കുന്നു. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്രസഭയിൽ ജോലി കിട്ടുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും താല്പര്യമുള്ളവർ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ജോലി കിട്ടാനുള്ള സാധ്യത കൂടും എന്നു ഞാൻ പറയും. ലോകത്ത് രണ്ടോ അതിലധികമോ സ്ഥലത്ത് ജോലി ചെയ്തിട്ടുള്ള, ഇംഗ്ലീഷ് അല്ലാത്ത യു എൻ ഭാഷകൾ ഏതെങ്കിലും ഒക്കെ അറിഞ്ഞിരിക്കുന്ന ആളുകൾക്ക് ജോലി കിട്ടാനുള്ള സാധ്യത കൂടും. ഏതു ജോലിക്കും സ്ത്രീകൾക്ക് മുൻഗണനയുണ്ട്. അതുകൊണ്ട് സ്ത്രീകളും തീർച്ചയായും അപേക്ഷിക്കണം.

ഐക്യരാഷ്ട്രസഭയിൽ ജോലി പല ഗ്രേഡിൽ പല തരത്തിലുണ്ട്. പൊതുവെ പറഞ്ഞാൽ പ്രൊഫഷണൽ ആയിട്ടുള്ളവർക്ക് P-ജോലികളും, ഓഫീസ് ജോലി ചെയ്യുന്നവർക്ക് G- ജോലികളുമാണ് ലഭിക്കുക. ജോലികളിൽതന്നെ ഡിഗ്രി കഴിഞ്ഞാൽ ഉടൻ അപേക്ഷിക്കാവുന്നവ (P2) മുതൽ 15 വർഷം പരിചയം വേണ്ട P5 വരെയുണ്ട്. G- ജോലികളിലും ഇത്തരം തരംതിരിവുണ്ട്. എല്ലാത്തരം ജോലികളിലും സ്ഥിരമായിട്ടുള്ളതും താല്ക്കാലികമായിട്ടുള്ളതും ഉണ്ട്. സ്ഥിരമായിട്ടുള്ള ജോലികൾ മിക്കവാറും സ്ഥാപനങ്ങളുടെ വെബ് സൈറ്റിൽ കൂടിയാണ് നിയമനം നടക്കുന്നത്. താൽക്കാലിക ജോലികൾക്ക് അത് നിർബന്ധമല്ല.

പുതിയതായി ബിരുദാനന്തര ബിരുദം നേടിയവരെ ‘യംഗ് പ്രൊഫഷണൽ' ആയി തെരഞ്ഞെടുക്കുന്ന ഒരു സംവിധാനമുണ്ട് UN ൽ. എല്ലാ വർഷവും ഈ തെരഞ്ഞെടുപ്പുണ്ട്. എന്നാൽ, എല്ലാ വർഷവും എല്ലാ രാജ്യത്തുനിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരമില്ല. ഐക്യരാഷ്ട്ര സഭക്കകത്ത് രാജ്യങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താനായി പലപ്പോഴും കുറച്ച് രാജ്യങ്ങളിലെ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കാറുള്ളൂ. അതുകൊണ്ട് ഓരോ വർഷവും ഇത് ശ്രദ്ധിക്കണം. (https://careers.un.org/lbw/home.aspx?viewtype=NCE&lang=en-US).

ഐക്യരാഷ്ട്ര സഭയുടെ മിക്കവാറും ഓഫീസുകളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാം ഉണ്ട്. സ്ഥാപനത്തിന് പുറത്തുള്ളവർക്ക് ഇതിനെ പറ്റി അറിയാനും അന്താരാഷ്ട്രമായ ഒരു സാഹചര്യത്തിൽ ജോലി ചെയ്യാനുമുള്ള അവസരമാണിത്. പക്ഷെ ഇതിന് ശമ്പളം ഇല്ല. ഇന്റേൺഷിപ്പിൽ നിന്നും നേരിട്ട് യു എന്നിൽ ജോലി കൊടുക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്, എന്നാലും സാധിക്കുന്നവർ എല്ലാം ഇന്റേൺഷിപ്പിന് ശ്രമിക്കണം എന്ന് തന്നെയാണ് എന്റെ നിർദ്ദേശം(https://careers.un.org/lbw/home.aspx?viewtype=ip).

ഐക്യരാഷ്ട്രസഭ ആസ്ഥാനമായ ന്യൂയോർക്ക്, പിന്നെ ജനീവ, വിയന്ന, പ്രാദേശിക കേന്ദ്രങ്ങളായ ബാങ്കോക്ക്, പനാമ, ബഹറൈൻ, നെയ്‌റോബി എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ വലിയ ഓഫീസുകളുണ്ട്. കൂടാതെ ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ ആ രാജ്യത്തിനു വേണ്ടിയുള്ള ഓഫീസുകളും, ഇവിടെയെല്ലാം ജോലിസാധ്യതകളുമുണ്ട്. സംഘർഷ പ്രദേശമായ സിറിയയിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവരേക്കാൾ കൂടുതലാളുകൾ സമാധാനത്തിന്റെ കേന്ദ്രമായ സ്വിറ്റ്സർലാന്റിൽ ഉണ്ടാകുമെന്നത് സ്വാഭാവികമാണല്ലോ. അതുകൊണ്ട് ജോലിക്ക് അപേക്ഷിക്കുന്നവർ കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ അപേക്ഷിക്കാൻ ശ്രദ്ധിക്കണം.

ഐക്യരാഷ്ട്രസഭയുടെ ഓരോ രാജ്യത്തെ ഓഫീസിലും ആ രാജ്യത്തേക്ക് വേണ്ടി മാത്രം നാഷണൽ സ്റ്റാഫ് എന്ന പേരിൽ നിയമനമുണ്ട്. അന്താരാഷ്ട്ര നിയമനങ്ങളേക്കാൾ ശന്പളം കുറവാണെങ്കിലും രാജ്യത്തെ ശരാശരി ശന്പളത്തേക്കാൾ മികച്ചതായിരിക്കും ഇത്. ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്യുന്നതിന്റെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടാവുകയും ചെയ്യും. ഒരു രാജ്യത്തെ ആളുകൾക്കു മാത്രം അപേക്ഷിക്കാവുന്നതുകൊണ്ട് മത്സരം കുറവായിരിക്കുകയും ചെയ്യും.

ഐക്യരാഷ്ട്രസഭയിൽ കുറച്ചുനാളെങ്കിലും സേവനം അനുഷ്ഠിക്കണം എന്നുള്ളവർക്കു വേണ്ടി ഒരു ‘ഐക്യരാഷ്ട്ര വാളണ്ടിയർ സർവീസ്' ഉണ്ട്. ഒന്നോ രണ്ടോ വർഷത്തേക്ക് ചെറിയ ഒരു അലവൻസോടു കൂടി ഈ ജോലി ചെയ്യാം. ജോലി വളരെ മികച്ചതാണെങ്കിലും ശന്പളം കുറവായിരിക്കും. അതുകൊണ്ടുതന്നെ അപേക്ഷകരും കുറവാണ്.

ഐക്യരാഷ്ട്രസഭയിലെ അവസാനത്തെ തരം ജോലിസാധ്യത കൺസൾട്ടന്റ് ആയിട്ടാണ്. ഓരോ വർഷവും ആയിരക്കണക്കിന് കൺസൾട്ടന്റുമാരെയാണ് ഐക്യരാഷ്ട്രസഭ തെരഞ്ഞെടുക്കുന്നത്. എന്നാലിത് ദിവസക്കൂലിയുള്ള താൽക്കാലികമായ ജോലിയാണ്. എങ്കിലും മികച്ച വരുമാനം, വ്യത്യസ്തമായ ജോലി, മറ്റു രാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള സാധ്യത എന്നിങ്ങനെ ഇതും നല്ലൊരു തൊഴിലവസരം നൽകുന്നു. (.https://www.unv.org)

ഐക്യരാഷ്ട്ര സഭയുടെ പോലെ തന്നെ ലോകത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാരിതര സ്ഥാപനങ്ങൾ ഉണ്ട് (റെഡ് ക്രോസ്സ്, അതിരുകളില്ലാത്ത ഡോക്ടർമാർ http://www.msf.org, എന്നിങ്ങനെ). ഇവരെല്ലാം ഹെഡ് ക്വാർട്ടറിലും ഫീൽഡിലും യു എന്നും ആയി ചേർന്നാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ഐക്യരാഷ്ട്രസഭയിലേക്ക് എത്താൻ ഏറെ സാധ്യതകളുണ്ട്.

ഐക്യരാഷ്ട്രസഭയിൽ ജോലിക്ക് താല്പര്യമുള്ളവർ ആദ്യം ചെയ്യേണ്ടത് https://inspira.un.org/ എന്ന വെബ് സൈറ്റിൽ പോയി ബയോഡാറ്റ ഉണ്ടാക്കുക എന്നതാണ്. ശ്രദ്ധിച്ചും സമയമെടുത്തും ചെയ്യേണ്ട ഒന്നാണിത്. ഇതിൽ കൊടുക്കുന്ന വിവരങ്ങൾ സത്യസന്ധമായിരിക്കണമെങ്കിലും സ്വന്തം കഴിവുകളേയോ നേട്ടങ്ങളേയോ കുറച്ചു കാണിക്കേണ്ടതില്ല. അതിനുശേഷം ആഴ്ചയിൽ ഒരിക്കലെങ്കിലും പറ്റിയ ജോലി, അത് കൺസൾട്ടന്റ് തൊട്ട് സ്ഥിരം ജോലി പോലെ എന്തും ആകാം, അപേക്ഷിച്ചുകൊണ്ടിരിക്കുക. പി.എസ്.സി. പോലെ ഒരു സംവിധാനം ഇല്ലാത്തതിനാൽ അപേക്ഷകരെ കൃത്യമായി കാര്യങ്ങൾ അറിയിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ പത്ത് അപേക്ഷകൾ തള്ളിപ്പോയതുകൊണ്ട് പതിനൊന്നാമത് അപേക്ഷിക്കാതിരിക്കരുത്. 193 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകളാണ് അതിനുവേണ്ടി ശ്രമിക്കുന്നത് എന്ന് ഓർക്കുക.

ലോകബാങ്ക് ഗ്രൂപ്പിലെ സ്ഥാപനങ്ങളിലെ ജോലിയുടെ കാര്യത്തിലും മിക്കവാറും ഇതുപോലെ ഒക്കെയാണ്. യംഗ് പ്രൊഫഷണൽ, നാഷണൽ സ്റ്റാഫ്‌, കൺസൽട്ടൻറ് ഒക്കെ. അവരുടെ വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ് (http://web.worldbank.org/…/0,,pagePK:8454306~theSitePK:8453…). 
 ഇന്ത്യയിലെ ഐ എ എസ് ഓഫിസർമാക്കും മറ്റു പല സിവിൽ സർവീസുകളിൽ ഉള്ളവർക്കും പലകാരങ്ങങ്ങളാൽ ചെറിയകാലത്തേക്ക് ഐക്യ രാഷ്ട്രസഭയിലും ലോക ബാങ്കിലും ജോലി ചെയ്യാനോ അവരുമായി അടുത്ത് ബന്ധപ്പെടാനോ അവസരം കിട്ടാറുണ്ട്. നമ്മുടെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒക്കെ വേൾഡ് ക്‌ളാസ്സ് ആയതിനാൽ (ഇത് ഞാൻ തമാശക്ക് പറയുന്നതല്ല) അവരിൽ ഏറെ പേർക്ക് പിൽക്കാലത്ത് ബാങ്കിലും യു എന്നിലും നീണ്ട കാലത്തെ കോൺട്രാക്ടുകൾ ലഭിക്കാറുണ്ട്. കേരളത്തിലെ സിവിൽ സർവീസുകാർ ഒന്ന് ശ്രദ്ധിക്കണേ.

ലോക ബാങ്കിനും ഐക്യരാഷ്ട്രസഭക്കും പല പരിശീലന കേന്ദ്രങ്ങളുമുണ്ട് (ഐക്യ രാഷ്ട്ര സർവകലാശാല https://unu.edu), വേൾഡ് ബാങ്ക് ഇൻസ്റ്റിട്യൂട്ട് (https://olc.worldbank.org), UN Institute for Training and Research http://www.unitar.org). ഇതിൽ പഠിക്കുന്നതുകൊണ്ട് യു എൻ ജോലികൾക്ക് പ്രത്യേക പരിഗണന ഒന്നുമില്ലെങ്കിലും ഞാൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും (യാത്ര ചെയ്യാനുള്ള അവസരം, മറ്റു രാജ്യക്കാരുമായുള്ള പരിചയം, ഭാഷകൾ പഠിക്കാനുള്ള അവസരം ഒക്കെ ഇതിന്റെ കൂടെ തരമാക്കാം, അത് അന്താരാഷ്‌ട്ര ജോലികൾക്ക് എല്ലാം സഹായകമാകും).

ഐക്യരാഷ്ട്രസഭയിലെ ജോലി ഏറെ ആകർഷകത്വം ഉള്ളതാണെങ്കിലും അതിന്റേതായ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് കൂടി മനസ്സിലാക്കുക. സംഘർഷഭൂമിയിലേക്ക് എപ്പോൾ വേണമെങ്കിലും പോകേണ്ടിവരും എന്നതും ഏതു സമയവും യാത്രയായതിനാൽ വീട് എപ്പോഴും ഒരു സംഘർഷഭൂമിയായിരിക്കും എന്നതുമാണ് സത്യം. എന്റെ വ്യക്തിപരമായ അനുഭവം മാത്രമല്ല.