കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസിനെതിരെ പ്രചരണവുമായി കാസാ നേതൃത്വം. കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾ മുസ്ലിം തീവ്രവാദത്തിന് ചുക്കാൻ പിടിക്കുന്നുവെന്ന ആരോപണവുമായാണ് കാസാ നേതൃത്വം രംഗത്തു വന്നത്. ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചർച്ചിൽ ഫാ. ആന്റണി ഹലാൽ ഭക്ഷണത്തിനെതിരെ അൾത്താരയിൽ നടത്തി പ്രസംഗത്തിന്റെ വീഡിയോ പുറത്തായതോടെ ഉണ്ടായ വിവാദങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്.

ഈ വിഷയത്തിൽ വൈദികനെതിരെ പ്രതിഷേധവുമായി മുസ്ലി സംഘടനകൾ രംഗത്തുവന്നതോടെ കോൺഗ്രസ് പ്രാദേശികനേതാവ് തോലാനി ബേബിയുടെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുകയും പ്രസ്താവനയെ രൂപതാ നേതൃത്വം തള്ളിപ്പറയുകയും ചെയ്തു. ഇതോടെയാണ് കാസ കണ്ണൂരിലെ കോൺഗ്രസ് നേത്വത്തിനെതിരെ പരസ്യപ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഓച്ചിറ വിവാദത്തിൽ സിഐ വിനോദിനെ വിമർശിച്ചുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് അടക്കം ആയുധമാക്കിയാണ് കാസ കോൺഗ്രസിനെ വിമർശിക്കുന്നത്.

പള്ളി തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ ഹലാൽ വിശദീകരണത്തിനിടെയാണ് വൈദികൻ ചില വിവാദ പരാമർശങ്ങൾ നടത്തിയത്. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങൾക്ക് പുറമേ ഹലാൽ ഭക്ഷണം ക്രിസ്ത്യൻ വിരുദ്ധമാണെന്നുമൊക്കെ ഫാ. ആന്റണി നടത്തിയ പ്രഭാഷണത്തിൽ ഉണ്ടായിരുന്നു.

ഈ പ്രസംഗം വിവാദമായതോടെ മുസ്ലിംലീഗ്, എസ്വൈഎസ്, എസ്ഡിപിഐ തുടങ്ങിയ സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രശ്നം കൂടുതൽ വർഗീയ ധ്രുവീകരണത്തിലേയ്ക്ക് പോകുന്നതിന് മുമ്പ് രൂപതാ നേതൃത്വം ഇടപെടുകയും രൂപത ചാന്സലർ ഫാ. തോമസ് തെങ്ങുംപ്പള്ളി മുസ്ലിം സംഘടനാ നേതാക്കളുമായി കൂടി കാഴ്ച നടത്തുകയും 'ഫാ. ആന്റണിയുടെ വാക്കുകൾ സഭയുടെ ഔദ്യോഗിക അഭിപ്രായമല്ല ' എന്ന പ്രസ്താവന നൽകുകയും ചെയ്തു.

കോൺഗ്രസ് പ്രാദേശിക നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബേബി തോലാനിയാണ് ജനപ്രതിനിധികളുമായും സഭാനേതൃത്വവുമായി ബന്ധപ്പെട്ട് മധ്യസ്ഥശ്രമം നടത്തിയത്. ഇതോടെ കാസ സഭാ നേതൃത്വത്തിനെതിരെയും കണ്ണൂരിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെയും തിരിയുകയായിരുന്നു.

രൂപതയേയും കോൺഗ്രസിനെയും വെല്ലുവിളിച്ച് കാസ

ഫാ. തോമസ് തെങ്ങുംപ്പള്ളി കോൺഗ്രസ് പാർട്ടിയോടുള്ള വിധേയത്വമാണ് പ്രകടമാക്കിയതെന്നാണ് കാസയുടെ ആരോപണം. ഫാ. ആന്റണിയുടെ പ്രഭാഷണം സ്വന്തം ഇടവക മക്കൾക്ക് നൽകിയ അവബോധമാണെന്നും അക്കാര്യത്തിൽ രൂപത ഒത്തുതീർപ്പ് നടത്തിയതിൽ നീരസമുണ്ടെന്നും കാസ പറയുന്നു. ദിനം പ്രധി ക്രിസ്ത്യൻ യുവതികളെ ലൗ ജിഹാദ് കെണിയിൽ പെടുത്തി കൊണ്ട് പോയിട്ടും പ്രതികരിക്കുവാനോ നടപടി എടുക്കുവാനോ ആർജവം കാണിക്കാത്ത രൂപതയ്ക്ക് മറ്റു മതസ്ഥരുടെ കാര്യത്തിൽ ഇത്രയും വേദന ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.

ഇനി ഒരു വൈദികനും ധൈര്യപൂർവം ഇത്തരം കാര്യങ്ങൾ സ്വജനങ്ങളോട് പറയുവാൻ ധൈര്യപ്പെടില്ല എന്നതാണ് ഈ ഒരു തീരുമാനം കൊണ്ട് രൂപത നേടിയ വിജയം. ഖുറാനിലെ ഈസ ആണ് ഈശോ എന്ന് പറഞ്ഞു പെണ്മക്കളെ മയക്കുന്ന ജിഹാദികൾക്ക് രൂപതയുടെ സമ്മതപത്രമാണ് ഈ ഒത്തു തീർപ്പെന്നും കാസ ആരോപിക്കുന്നു. കണ്ണൂരിലെ കോൺഗ്രസ് നേതൃത്വം മുസ്ലിം തീവ്രവാദികൾക്ക് വഴങ്ങുകയാണെന്ന് ഇവർ ആരോപിക്കുന്നു. ഒച്ചിറ സംഭവത്തിൽ സിഐ വിനോദിനെതിരെ രംഗത്ത് വന്ന യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ എടുത്തുവച്ചാണ് അവർ കോൺഗ്രസിനെതിരെ പ്രചരണം നടത്തുന്നത്.

ഇരവാദം മുഴക്കി കേരളത്തിലെ പൊലീസ് സംവിധാനത്തെ തങ്ങൾക്കനുകൂലമാക്കുവാൻ തിരക്കഥ മെനയുന്ന കൂട്ടർക്ക് ഒത്താശ പാടുന്ന കോൺഗ്രസ് ലക്ഷ്യം വെക്കുന്നത് എന്താണെന്ന് അവർ ചോദിക്കുന്നു. കോൺഗ്രസ് ലീഗിന് വേണ്ടി തീവ്രവാദികളാകുകയാണെന്നും ബാക്കി ഉള്ള ഹൈന്ദവ ക്രൈസ്തവ വിശ്വാസികൾ അതികം വൈകാതെ തന്നെ ആ പാർട്ടിയെ കൈ ഒഴിയുമെന്നും അവർ പറയുന്നു. ഇസ്ലാം പ്രീണനത്തിൽ കോൺഗ്രസ് ലീഗിനേക്കാൾ മുകളിൽ മൽസരിക്കുകയാണ് കോൺഗ്രസെന്നും അവർ ആരോപിക്കുന്നു.

മുതവല്ലിയെ തല്ലിയ കേസും മാക്കുറ്റിയുടെ പോസ്റ്റും

സിഐ വിനോദ് മുസ്ലിം വേട്ടയ്ക്ക് മുമ്പെ പേരുകേട്ടയാളാണെന്നും പള്ളി മുതവല്ലിയെ തല്ലിയെന്ന ആരോപണം നേരിട്ടയാളാണെന്ന് എന്നുമായിരുന്നു റിജിൽ മാക്കുറ്റിയുടെ ആരോപണം. ഇത് വ്യക്തമാക്കി റിജിൽ മാക്കുറ്റി ഫേസ്‌ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു. ഇതിനെതിരെയാണ് കാസ രംഗത്തെത്തിയിരിക്കുന്നത്.

കുറ്റ്യാടി മരുത്തോങ്കര ജുമാ മസ്ജിദിൽ 2020 ലെ ബലി പെരുന്നാൾ ദിവസം ലോക്ക്ഡൗണായതിനാൽ ജുമാ നമസ്‌കാരമോ ബലിയോ ഉണ്ടായിരിക്കുന്നതല്ലെന്ന നോട്ടീസ് ഒട്ടിച്ചുകൊണ്ടുനിന്ന മുതവല്ലിയേയും മുക്രിയേയും കുറ്റ്യാടി സിഐ ആയിരുന്ന സിഐ വിനോദ് യാതൊരു പ്രകോപനവുമില്ലാതെ പള്ളി കോമ്പൗണ്ടിൽ കയറി മർദ്ദിച്ചെന്ന് ഇരുവരും പരാതി നൽകിയിരുന്നു. ഇതായിരുന്നു മാക്കുറ്റിയുടെ പോസ്റ്റിന്റെ കാതൽ. സിപിഎം പ്രദേശിക നേതാവ് കൂടിയായ പള്ളി മുതവല്ലിയെ തല്ലിയെന്ന പരാതിയെ തുടർന്ന് സിഐ വിനോദിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ഈ പോസ്റ്റ് ഉയർത്തികാട്ടി കോൺഗ്രസ് നേതൃത്വം ഇസ്ലാം പ്രീണനം നടത്തുന്നുവെന്ന വ്ാപക പ്രചരണമാണ് കാസ നടത്തുന്നത്. ഇനി കണ്ണൂർ ജില്ലയിൽ ലൗ ജിഹാദ് കേസുകൾ ഉണ്ടാകുമ്പോഴും, മയക്കുമരുന്ന് കേസിൽ യുവാക്കൾ ട്രാപ്പിൽ പെടുമ്പോഴും നിങ്ങൾ ബേബി തെലനിയുമായും, ഫാ. തോമസ് തെങ്ങുംപ്പള്ളി അച്ഛനുമായും ബന്ധപ്പെട്ടാൽ മതിയെന്നും അവർ മുസ്ലിം മത നേതാക്കളുമായി ചർച്ചകൾ നടത്തി കാര്യങ്ങൾ ഭംഗിയായി ചെയ്തു തരുമെന്നും കാസ പരിഹസിക്കുന്നു.