പാലക്കാട് : പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയായതിന് പിന്നാലെ പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തു.കുഞ്ഞ് മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും പിഴവുണ്ടായെന്ന സൂചനയാണ്. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
ചികിത്സാപ്പിഴവിനെത്തുടർന്നാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അഞ്ച് മണിക്കൂറിലധികം ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഐശ്വര്യയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രി ഉപരോധിച്ചിരുന്നു.

ബന്ധുക്കളുടെ നിലവിളി കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. പ്രതിഷേധങ്ങൾക്കിടയിൽ ഐശ്വര്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാരും ഐശ്വര്യയുടെ ബന്ധുക്കളും. മൂന്ന് ഡോക്ടർമാർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു.

കലക്ടർ വന്നതിന് ശേഷം മാത്രമേ പിന്മാറൂ എന്ന നിലപാട് ബന്ധുക്കൾ സ്വീകരിച്ചതോടെ ആർഡിഒ എത്തി കുറ്റക്കാർക്കെതിരെ നടപടി ഉറപ്പ് നൽകി. ആശുപത്രി ജീവനക്കാർ നേരിട്ട് മറവ് ചെയ്തിരുന്ന ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

കഴുത്തിൽ പൊക്കിൾക്കൊടി മുറുകിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും കണ്ടെത്തി. ബന്ധുക്കളെ അറിയിക്കാതെ ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്‌തെന്നും പിന്നീടാണ് ഒപ്പിടാൻ സമീപിച്ചതെന്നും പരാതിയുണ്ട്.