- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണത്തിലിരുന്ന ലീഗ് നേതാവിന്റെ വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ സംഭവം: എട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു; മാധ്യമപിന്തുണയോടെ വിവാദമുണ്ടാക്കി നിർമ്മാണ അനുമതി സംഘടിപ്പിക്കാനുള്ള ലീഗ് നേതാവിന്റെ കുതന്ത്രമെന്നും ആരോപണം
കാസർകോട്: അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ തറയും ഷെഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട് ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ പാെലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപൻ, സുജിത്ത്, കിട്ടു എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.
വീടിന്റെ പണി നടന്നു കൊണ്ടിരിക്കെ അതിക്രമിച്ച് കയറി തറയും ഷെഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും തടയാൻ ചെന്ന ഒന്നിലേറെപ്പേരെ ഡി വൈ എഫ് ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തി എന്നാണ് എഫ്.ഐ.ആറിൽ രേഖപെടുത്തിയിരിക്കുന്നത് . കഴിഞ്ഞദിവസമായിരുന്നു ഡി വൈ എഫ് ഐ പ്രവർത്തകരുടെ കൊടിനാട്ടൽ ഉണ്ടായത് , സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് കൊടിമാറ്റുകയായിരുന്നു.
അതിനിടെ സി പി എം ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാത്തിതിലുള്ള വിരോധം കൊണ്ടാണ് തറയും ഷെഡും പൊളിച്ചതെന്നാണ് സ്ഥലം ഉടമ വി എം. റാസിഖ് പറയുന്നത്. ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലമാണിതെന്നും വീടുനിർമ്മാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും അദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാത്തതുകൊണ്ടാണ് ആക്രമണം നടത്തിയെന്ന കാര്യം പരാതിയിൽ സൂചിപ്പിച്ചിട്ടില്ല.
സംഭാവന ചോദിച്ചിട്ടില്ലെന്നാണ് ഡി വൈ എഫ് ഐ പ്രവർത്തകർ പറയുന്നത്. പ്രതേകിച്ച് പരാതി നൽകിയ വെക്തി മുസ്ലിം ലീഗ് നേതാവ് കൂടിയാണ്, മുസ്ലിം ലീഗ് നേതാവിനോടാണോ സിപിഐ എമ്മിന്റെ തിരഞ്ഞെടുപ്പ് പിരിവ് ചോദിക്കേണ്ടത് എന്നും ഇവർ ചോദിക്കുന്നു , മുസ്ലിം ലീഗ് നേതാവി വീട് നിർമ്മാണം നടക്കുന്ന സ്ഥലം വയൽഭൂമിയാണെന്നും നിർമ്മാണം നടത്തരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ കൈയൊപ്പ് ശേഖരിച്ച് ഡിവൈഎഫ്ഐ. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
മാത്രമല്ല വയൽ നികത്തി വീട് നിർമ്മിക്കുന്നതിനെതിരേയാണ് പ്രതിഷേധിച്ചതെന്ന് ഡിവൈഎഫ്ഐ. ജില്ലാ കമ്മിറ്റി അറിയിച്ചു. വെറ്റ്ലാൻഡിൽ ഉൾപ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുർബലതകൾ പരിഗണിക്കാതെ വീട് നിർമ്മിക്കുന്നതിനെതിരേ നാട്ടുകാരിൽനിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. വയൽ നികത്തി വീട് നിർമ്മിക്കുന്നതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും അത് മൂലം മഴക്കാലങ്ങളിൽ പരിസര പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറാനുള്ള സാധ്യത കൂടുതലുമാണ്.. കൂടാതെ നിർമ്മാണ ആവിശ്യത്തിന് എന്ന നിലയിൽ മണലെടുത്ത് ചുവന്നണ്ണ് നിറക്കാനുള്ള നീക്കവും സ്ഥലം ഉടമയുടെ ഭാഗത്ത് നിന്നും നടക്കുന്നു.
ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. നെല്ല് മധുരക്കിഴങ്ങ് ചീര വെള്ളരി ഉൾപ്പടെയുള്ള വിഭവങ്ങൾ സാധാരണയായി കൃഷി ചെയ്യുന്ന പ്രദേശം കൂടിയാണ് ഇവിടം.. ഇങ്ങനെയുള്ള കൃഷിസ്ഥലത്ത് വീട് നിർമ്മിക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു വരുന്ന എതിർപ്പുകളെ മറികടക്കാനും മാധ്യമ പിന്തുണയോടെ വിവാദമുണ്ടാക്കി നിർമ്മാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗ് നേതാവിന്റെ കുതന്ത്രമാണ് ഇതിന് പിന്നിലെന്നും ജില്ലാ കമ്മിറ്റി പറയുന്നു.അതേസമയം,സംഭവത്തിൽ ഡിവൈഎഫ്ഐ.ക്കെതിരേ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും രംഗത്തെത്തി. യൂത്ത് ലീഗ് നേതാവ് ആബിദ് ആറങ്ങാടിയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ പ്രവർത്തകർ ഡിവൈഎഫ്ഐ.ക്കാർ വഴി തടസ്സപ്പെടുത്താനായിട്ട കല്ലുകൾ എടുത്തുമാറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി.