കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരേ പൊലീസ് കേസെടുത്തു. ബലാത്സംഗക്കേസിലെ ഇരയുടെ പേര് പുറത്തുവിട്ടതിനാണ് അനിതയ്ക്കെതിരേ കേസെടുത്തത്. മോൻസനെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ പേരും ചിത്രങ്ങളും അനിത പുറത്തുവിട്ടെന്നാണ് ആരോപണം. യുവതി തന്നെയാണ് അനിതക്കെതിരേ പരാതി നൽകിയത്.

ഐ.പി.സി. 228 എ(1) പ്രകാരമാണ് അനിത പുല്ലയിലിനെതിരേ കേസെടുത്തിരിക്കുന്നത്. രണ്ടുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്ത് ഉദ്ദേശ്യത്തോടെയാണ് ഇരയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടത്, യുവതിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിൽ വരുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

മോൻസനെതിരെ മുൻ മാനേജരുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും പരാതികളിൽ കേസ് എടുത്തിട്ടുണ്ട്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി തവണ പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നും പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്നും ഉൾപ്പടെ ഗുരുതരമായ ആരോപണമാണ് പരാതിക്കാർ ഉന്നയിച്ചത്.

പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെയാണ് ഇറ്റലിയിൽ സ്ഥിരതാമസമാക്കിയ അനിതയുടെ പേരും ഉയർന്നുവന്നത്.
മുൻ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മോൻസന് പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണെന്നും മുമ്പ് ആരോപണങ്ങളുയർന്നിരുന്നു. മോൻസന്റെ തട്ടിപ്പുകളെക്കുറിച്ച് ആദ്യം അറിഞ്ഞില്ലെന്ന് മൊഴി നൽകിയ അനിത, തെറ്റിപ്പിരിഞ്ഞ ശേഷമാണ് മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതെന്നും പറഞ്ഞിരുന്നു. മോൻസന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്നും തട്ടിപ്പിനെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നെന്നുമാണ് അനിത നൽകിയ മൊഴി. പ്രവാസി സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് മോൻസനെ പരിചയപ്പെട്ടതെന്നും ആ ഘട്ടത്തിൽ അദ്ദേഹത്തിനെതിരേ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീട് അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നുകയായിരുന്നുവെന്നും അനിത ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

മോൻസന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുൻ ഡ്രൈവർ അജി വെളിപ്പെടുത്തിയിരുന്നു. മോൻസന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നൽകിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം മോൻസന്റെ വീട്ടിൽ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടിൽ താമസിച്ച അനിതയോട് അന്നത്തെ മാനേജർ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.

എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയിൽ പരാതി നൽകിയില്ല. മോൻസന്റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടർന്നിരുന്നു. ഈ കാലയളവിലാണ് അനിത മുൻ ഡിജിപിയെ മ്യൂസിയത്തിന്റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദർശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റിൽ മോൻസന്റെ പിറന്നാൾ ആഘോഷത്തിൽ അനിത സജീവമായിരുന്നു. മോൻസനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോൻസന്റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു.