കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതിയിൽ മൊഴി നൽകാൻ കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചിയിൽ എത്തി. രാവിലെ 11.30ന് അഭിഭാഷകയോടൊപ്പം എളമക്കര പൊലീസ് സ്റ്റേഷനിലാണ് യുവതി എത്തിയത്. തുടർന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. രഹസ്യമൊഴിയെടുക്കാനായിരുന്നു ഇത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

തിരുവനന്തപുരം ഹൈടെക് സെല്ലാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പത്ത് വർഷം മുൻപ് നടന്ന സംഭവത്തിന്റെ പരാതി ആയതിനാൽ കേസ് അന്വേഷിക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ഉള്ളതായി എളമക്കര പൊലീസ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കേസ് തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.

പത്ത് വർഷം മുൻപ് എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തിയശേഷം ബാലചന്ദ്രകുമാർ ബലാത്സംഗം ചെയ്തെന്നാണ് കണ്ണൂർ സ്വദേശിയായ യുവതിയുടെ പരാതി. പീഡനവിവരം പൊലീസിൽ അറിയിക്കുമെന്നു പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ കാണിച്ച് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. അതിന് ശേഷം ദീർഘമായ വർഷങ്ങൾ തമ്മിൽ കണ്ടില്ലെങ്കിലും പിന്നീട് ദിലീപുമായി ബന്ധപ്പെട്ട കേസിലാണ് മാധ്യമങ്ങളിൽ ബാലചന്ദ്രകുമാറിനെ കണ്ടതെന്നും യുവതി പറയുന്നു.