പാലക്കാട്: യുഡിഎഫ് പട്ടാമ്പി മണ്ഡലം സ്ഥാനാർത്ഥി സി പി മുഹമ്മദിനെതിരെ കേസ്. വോട്ട് അഭ്യർത്ഥിക്കവെ വോട്ടർക്ക് പണം നൽകി എന്ന ആരോപണത്തിലാണു കേസ്.

പട്ടാമ്പി മണ്ഡലം എൽഡിഎഫ് കൺവീനറുടെ പരാതിയിലാണ് നടപടി. കേസെടുക്കാൻ പൊലീസ് നേരത്തെ കോടതിയുടെ അനുമതി തേടിയിരുന്നു.

ശക്തമായ പോരാട്ടം നടക്കുന്ന പട്ടാമ്പിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു വോട്ട് ചോദിക്കാനെത്തിയ സ ിപി മുഹമ്മദ് വീട്ടമ്മയ്ക്ക് പണം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് സി പി മുഹമ്മദ് വോട്ടർക്ക് പണം നൽകുന്ന വീഡിയോ ഫേസ്‌ബുക്ക് വഴി പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകളിൽ സന്ദർശനത്തിനെത്തുന്ന എംഎൽഎ വീട്ടിലുള്ള സ്ത്രീക്ക് പണം നൽകുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്.

തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വീട്ടിലെത്തുന്ന സി പി മുഹമ്മദ് കുടുംബാംഗങ്ങളോട് വിശേഷങ്ങൾ അന്വേഷിക്കുകയും എല്ലാം ശരിയാക്കാം എന്ന് ഉറപ്പുനൽകുകയും ചെയ്യുന്നുണ്ട്. പരാജയ ഭീതിയിൽ യുഡിഎഫ് കണക്കില്ലാതെ പണം ഒഴുക്കുകയാണെന്നും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിയമ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമീഷൻ തയാറാകണമെന്നും വീഡിയോ പുറത്ത് വിട്ട് പിണറായി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ആരോപണം സി പി മുഹമ്മദ് നിഷേധിച്ചിരുന്നു. കാശ് കൊടുത്ത വോട്ട് വാങ്ങേണ്ട ആവശ്യം തനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കുന്ന സ്ഥാനാർത്ഥി അയോഗ്യനാക്കപ്പെടും.