കൽപ്പറ്റ: കുർബ്ബാനയ്ക്ക് താമസിച്ച് വന്നവരൊക്കെ അങ്ങോട്ട് മാറി നിന്നാൽ മതിയെന്ന് വികാരിയച്ചൻ മൈക്കിലൂടെ പറഞ്ഞപ്പോൾ തന്നെ എട്ടുവയസ്സുകാരനും സഹോദരനും പേടിച്ച് വിരണ്ടിരുന്നു. പ്രാർത്ഥനയ്ക്കൊടുവിൽ താമസിച്ച് വന്നതിന്റെ പേരിൽ അച്ചന്റെ ചൂരൽ പ്രയോഗം കൂടിയായപ്പോൾ അത് കേട്ടുകേൾവി ഇല്ലാത്ത കഥയായി മാറുകയായിരുന്നു. താമസിച്ച് വന്നതിന്റെ പേരിൽ കുട്ടികളെ മർദ്ദിച്ച വികാരിയച്ചൻ ഇപ്പോൾ ഊരാക്കുടുക്കിലായിരിക്കുകയാണ്. സീറോ മലബാർ സഭയുടെ മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള ചുണ്ടക്കര സെന്റ് ജോസഫ് പള്ളിയിലാണ് പ്രാകൃതമായ കൃത്യം അരങ്ങേറിയത്. വികാരി ഫാ. തോമസ് പൂന്തോട്ടത്തിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് കമ്പളക്കാട് പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ഡിസംബർ മൂന്ന് ഞായറാഴ്ചയാണ് സംഭവം നടന്നത്. രാവിലെ പള്ളി കുർബാനയ്ക്ക് എത്തിയ എട്ടും പതിനാറും വയസ്സുള്ള സഹോദരന്മാർ സാധാരണയിലും വൈകിയിരുന്നു. താമസിച്ച് ഇവർ എത്തിയപ്പോൾ തന്നെ വികാരി തോമസ് മൈക്കിലൂടെ വിളിച്ച് പറഞ്ഞത് താമസിച്ച് വന്നവർ അകത്ത് ഇരിക്കേണ്ടത് ഇല്ല. അവർ ഒരു വശത്തേക്ക് മാറി നിൽക്കുക. അല്ലെങ്കിൽ അൽത്താരയ്ക്ക് മുന്നിലേക്ക് മാറി നിൽക്കുക എന്നതായിരുന്നു അച്ചന്റെ അനൗൺസ്മെന്റ്. ഇത് കേട്ടപ്പോൾ തന്നെ കുട്ടികൾക്ക് ഭയമായിരുന്നു.

സമാപന പ്രാർത്ഥന തുടങ്ങിയപ്പോഴാണ് പിന്നീട് സഹോദരന്മാർ വീണ്ടും ഹാളിൽ പ്രവേശിച്ചത്. അവസാന പ്രാർത്ഥനയും സമാപിച്ച ശേഷം അച്ചൻ സമീപത്ത് നിന്നും ഒരു വള്ളിച്ചൂരൽ കൈയിലെടുക്കുകയും ദേഷ്യത്തോടെ കുട്ടികളെ തല്ലുകയുമായിരുന്നു. മറ്റ് കുട്ടികളുടേയും രക്ഷിതാക്കളുടേയും മുന്നിൽ വച്ചായിരുന്നു വികാരിയച്ചന്റെ പ്രകടനം എന്നതുകൊണ്ട് തന്നെ കുട്ടികൾക്ക് വലിയ വിഷമാവുകയും കരയുകയും ചെയ്തു.

സംഭവത്തിന് ശേഷം കുട്ടികൾ വീട്ടിലെത്തിയതിന് പിന്നാലെ ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തിയെങ്കിലും രക്ഷിതാക്കൾ തങ്ങളുടെ മക്കളെ തല്ലിയ വിഷയത്തിൽ പരാതി ഇല്ലെന്നാണ് മൊഴി നൽകിയത്. എന്നാൽ വിഷയത്തിൽ നിന്നും പിന്മാറാൻ ചൈൽഡ്ലൈൻ പ്രവർത്തകർ തയ്യാറായില്ല. കുട്ടികൾ പഠിക്കുന്ന സ്‌കൂളിലേക്ക് പോയാണ് പിന്നീട് കേസിന്റെ ബാക്കി നടപടികൾ പൂർത്തിയാക്കിയതും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതും.

സ്‌കൂളിലെത്തി കുട്ടികളുടെ മൊഴിയെടുത്തപ്പോഴാണ് തങ്ങളെ വികാരിയച്ചവൻ മർദ്ദിച്ചുവെന്ന വിവരം ഇവർ പുറത്ത് പറഞ്ഞത്.കുർബാനയ്ക്കെത്താൻ വൈകിയതുകൊണ്ടാണ് തങ്ങളെ തല്ലിയതെന്നും മറ്റ് രക്ഷിതാക്കളുടെയും കുട്ടികളുടേയും മുന്നിൽ വച്ചാണ് തല്ലിയതെന്നും ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കുട്ടികൾ നൽകിയ മൊഴിയിലും പറയുന്നുണ്ടായിരുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കമ്പളക്കാട് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽലൂടെ കുപ്രസിദ്ധി നേടിയ മാനന്തവാടി രൂപതയുടെ കീഴിലുള്ള മറ്റൊരു ദേവാലയത്തിലാണ് മറ്റൊരു ബാലപീഡനം നടന്നിരിക്കുന്നത്. കൊട്ടിയൂർ ഇടവക വികാരിയായിരുന്ന റോബിൻ വടക്കുംചേരിയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയത്. പോക്സോ നിയമപ്രകാരം കഴിഞ്ഞ പത്ത് മാസമായി ഈ പ്രതി ജയിലിലാണ്. അന്ന് സഭയിലെ ചില പ്രമുഖർ ഇടപെട്ട് ഈ കേസ് തേച്ച് മാച്ച് കളയാൻ ശ്രമിച്ചത് വൻ വിവാദമായിരുന്നു. ഇതേ രൂപതയിൽ പെട്ട ഒരു സൺഡേ സ്‌കൂൾ അദ്ധ്യാപകനേയും ബാല പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുർബ്ബാനയ്ക്ക് വൈകിയെത്തിയ കുട്ടികളെ മർദ്ദിച്ച വൈദികനെ കേസിൽ നിന്നും രക്ഷിക്കാനും സഭയെ നാണക്കേടിൽ നിന്നും രക്ഷിക്കാനും ഒരു വിഭാഗം ശ്രമിക്കുന്നുവെന്നും വ്യാപകമായി ആരോപണമുണ്ട്. ഈ വിഷയത്തിൽ സഭാ നേതൃത്വത്തി്ന്റെ പ്രതികരണം ആരാഞ്ഞെങ്കിലും
ആരും തന്നെ പ്രതികരിച്ചില്ല.മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവന്ന ജുവനൈൽ ജസ്റ്റിസ് ആക്റ്റിലെ സെക്ഷൻ 75 പ്രകാരമാണ് അച്ചനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
മതത്തിന്റെയും ആചാരങ്ങളുടേയും പേരിൽ കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നതിനെ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഗൗരവതരമായി കാണുന്നുവെന്ന് പറയുമ്പോഴാണ് സമാധാനത്തിന്റെ വക്താക്കളിൽ നിന്നും ഇത്തരം പ്രാകൃതമായ ഒരു കൃത്യമുണ്ടായത് എന്നത് ഏറെഞെട്ടിക്കുന്ന ഒന്നാണ്.