തൃശൂർ: ബലാത്സംഗത്തിന് ഇരയായ ബധിരയും മൂകയുമായ യുവതിയെ ജനങ്ങൾക്കുമുന്നിൽ പ്രദർശനവസ്തുവാക്കിയ കളക്ടർക്കും എസ്‌പിക്കുമെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇത്തരം കേസുകളിൽ ഇരകളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന വ്യക്തമായ നിയമങ്ങളുണ്ടായിട്ടും പൊലീസ് മേധാവികളും ജില്ലാ കളക്ടറുമുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നു. കലക്ടർ വി.രതീശൻ, റൂറൽ പൊലീസ് മേധാവി ആർ.നിശാന്തിനി എന്നിവരടക്കം നാലു പേർക്കെതിരെയാണ് കേസ്.

ക്രൂര പീഡനത്തിനിരയായ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ വാർഡിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത് ഇതോടെ യുവതി ആശുപത്രിയിലെത്തിയ എല്ലാവരുടേയും മുന്നിൽ കാഴ്ചവസ്തുവായി. ഇതിനുപുറമെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതാകട്ടെ നാട്ടുകാർ കാൺകെയും. ഈ വിഷയങ്ങളെല്ലാം പരിഗണിച്ചാണ് കമ്മിഷനംഗം കെ.മോഹൻകുമാർ കേസെടുത്തത്.

പീഡിപ്പിക്കപ്പെട്ട ഇരകളുടെ സ്വകാര്യത ഉറപ്പാക്കാൻ സുപ്രീം കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി വിലയിരുത്തിയാണ് നടപടി. ഇരകളാകുന്നവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്നുപോലും വിലക്കുള്ളപ്പോഴാണ് നാട്ടുകാർക്കുമുന്നിൽ യുവതിയെ പ്രദർശനവസ്തുവാക്കിയത്. പെൺകുട്ടിക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക മുറി നൽകാതെ രോഗികൾ നിറഞ്ഞ ജനറൽ വാർഡിലാണു പ്രവേശിപ്പിച്ചത്.

പ്രതി ബിഹാറി ബിജുവിനെ തെളിവെടുപ്പിനായി ജനറൽ വാർഡിലെത്തിച്ചപ്പോൾ സന്ദർശകരെ വിലക്കിയെങ്കിലും മറ്റു രോഗികളും കൂട്ടിരിപ്പുകാരും വാർഡിൽ തന്നെയുണ്ടായിരുന്നു. ഈ സന്ദർഭത്തിലുൾപ്പെടെ യുവതി അപമാനിതയായി, നിസ്സഹായാവസ്ഥയിൽ ഇരിക്കേണ്ടിവന്നുവെന്ന് മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണു പൊലീസ് മേധാവി, കളക്ടർ, ഡിഎംഒ വി.സുഖിത, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ഷംഷാദ് ബീഗം എന്നിവർക്കെതിരെ കേസെടുത്തത്.

നാട്ടികയിൽ അമ്മയോടൊപ്പം താമസിച്ചിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ക്രൂര പീഡനത്തിനിരയായത്. നാട്ടിക ബീച്ച് കെ.എം.യു.പി. സ്‌കൂളിന് സമീപം ബിഹാറി ബിജു എന്നറിയുന്ന ഉണ്ണ്യാരംപുരയ്ക്കൽ ബിജു (35)വിനെയാണ് വലപ്പാട് എസ്‌ഐ പി.ജി. മധുവും സംഘവും പിടികൂടിയത്. നാട്ടിക ബീച്ച് നാഗയക്ഷി ക്ഷേത്രത്തിനടുത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.

വെള്ളിയാഴ്ചയാണ് വീട്ടിൽ ഒറ്റയ്ക്കായിരുന്ന യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വെള്ളം ചോദിച്ചു വന്ന യുവാവാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴിനൽകിയിരുന്നു. ഇയാൾ കാതിൽ കടുക്കനിട്ടിരുന്നുവെന്നും താടിയുള്ളയാളാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇതോടെ സംശയനിഴലിലായിരുന്നു ബിജു. അന്വേഷണം തന്നിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് മനസ്സിലാക്കിയ ബിജു മൊബൈൽ ഫോൺ ഓഫാക്കി സ്ഥലംവിട്ടു.

ഇയാൾ ചെറായിയിലുണ്ടെന്ന വിവരത്തെത്തുടർന്ന് രാത്രി പൊലീസ് അവിടെയെത്തിയെങ്കിലും ബിജു കടന്നുകളഞ്ഞു. ഞായറാഴ്ച വൈകീട്ട് ബിജു നാട്ടിക ബീച്ച് നാഗയക്ഷി ക്ഷേത്രത്തിനടുത്ത വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് വരുന്നതുവരെ വീട് നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ കമ്പിപ്പാര കൈവശം വച്ച് ബിജു നിൽക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്.