കൊച്ചി: കാലടിയിലുള്ള തന്റെ ഫ്‌ളാറ്റ് വിൽക്കാനുണ്ടെന്നു കാട്ടി പരസ്യം ചെയ്ത് ആലുവ യു സി കോളജ് പ്രഫസർ ആൻസി ഈപ്പൻ മൂന്നു പേരിൽനിന്നു പത്തു ലക്ഷം രൂപ വീതം അഡ്വാൻസ് വാങ്ങി കബളിപ്പിച്ചു മുങ്ങി. പിന്നീട് അതു കേസായി. കോൺഗ്രസ് അനുകൂല കൊളജ് അദ്ധ്യാപകസംഘടനയുടെ നേതാവായതിനാൽ പൊലീസ് സഹായത്തോടെ കേസ് ഒത്തുതീർക്കുകയായിരുന്നു.

ഇപ്പോൾ ഭരണമാറ്റം വന്നതൊടെ ആൻസി ഈപ്പനെതിരേയുള്ള ദുരൂഹതകളുടെ ചുരുളുകളഴിയുകയാണ്. കോളജിലെ സഹപ്രവർത്തകനായ അദ്ധ്യാപകനാണ് ഭർത്താവ്. ആൻസി ഈപ്പന്റെ സ്വഭാവവിശേഷം മൂലം അയാൾ ഇവരിൽനിന്ന് അകന്നാണു കഴിയുന്നത്.

വഞ്ചനാ കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഒളിവിൽ പോയി പിന്നീട് ആലുവ ഈസ്റ്റ് പൊലീസി അറസ്റ്റ് ചെയ്ത ഇടപ്പിള്ളി വെണ്ണല തൈപ്പറമ്പിൽ പ്രൊഫ. ആൻസി ഈപ്പനു (56) തട്ടിപ്പിന്റെ നിരവധി ചരിത്രം. ഗുണ്ടകൾക്ക് വാഹനങ്ങൾ മറിച്ചു നൽകുന്നതും പുതിയ വാഹനങ്ങൾ വായ്പ എടുത്ത് ആക്രി കച്ചവടക്കാർക്ക് മറിച്ചുവിൽക്കുന്നതും പ്രൊഫസറുടെ ഹോബി.

മകന്റെ വിവാഹത്തിന് സമ്മാനം നൽകാൻ കാർ വേണമെന്നാവശ്യപ്പെട്ട് അടുത്ത സുഹൃത്ത് ബിജു ജോണിനെ ജാമ്യക്കാരനാക്കി ആൻസി വാങ്ങിയ കാർ പൊളിച്ചു വിൽക്കാൻ നൽകി ചതിച്ച സംഭവുമായി ബന്ധപ്പെട്ടാണ് പ്രൊഫസർ അകത്തായത്. വായ്പാ തുക തിരിച്ചടയ്ക്കാതെ കുടിശിക വർദ്ധിച്ച സാഹചര്യത്തിൽ ഫിനാൻസ് കമ്പനി കാർ ജപ്തിക്കു തയ്യാറായപ്പോഴാണ് പ്രൊഫസർ കാർ പൊളിച്ചു വിൽക്കാൻ കണ്ണൂരിലെ സ്‌ക്രാപ്പ് വ്യാപാരിക്ക് വിറ്റത്.

ഇവർ നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പൊലീസിന്റെ നിഗമനം. വാഹനങ്ങൾ വായ്പയെടുത്ത് മറിച്ച് വിറ്റ് കാലടി, പാലാരിവട്ടം, ആലുവ എന്നിവിടങ്ങളിലെ പലരെയും വെട്ടിലാക്കിയതായി പൊലീസ് സംശയിക്കുന്നു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ആലുവ പൊലീസ് അറിയിച്ചു. കൂടാതെ വാഹനങ്ങൾ പൊളിച്ചുവിൽക്കാനെന്ന പേരിൽ സെക്കന്റ് ഹാൻഡ് വാഹനങ്ങൾ വാങ്ങി ക്വട്ടേഷൻ സംഘത്തിന് നൽകുന്ന പതിവും ഈ അദ്ധ്യാപികയ്ക്കുണ്ട്. കേസിൽ വാഹന ബ്രോക്കറായ ഒരാളെ കൂടി പിടികൂടാനുണ്ട്. സംഭവത്തിനുശേഷം ആൻസി ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇവർ ഒളിവിൽ കഴിയുന്ന സ്ഥലം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വൈ.ആർ റെസ്റ്റത്തിന് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.ഹണി.കെ.ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.