കോഴിക്കോട്: തിക്കോടിയിലെ കൊലവിളി മുദ്രാവാക്യത്തിൽ സമ്മർദ്ദം മുറുകിയപ്പോൾ നടപടിയുമായി പൊലീസ്. പയ്യോളി പൊലീസാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയവർക്കെതിരെ ഒടുവിൽ കേസെടുത്തിയിരിക്കുന്നത്. കണ്ടാലറിയുന്ന സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനും യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു.

എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിരുന്നു. 143 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറിൽ ആരുടെയും പേര് പരാമർശിക്കുന്നില്ല. കളിച്ചാൽ വീട്ടിൽ കയറി കുത്തി കീറുമെന്നായിരുന്നു മുദ്രാവാക്യം. കൃപേഷിനേയും ശരത്ലാലിനേയും ഓർമ്മയില്ലേയെന്നും പ്രകടനത്തിൽ പ്രവർത്തകർ ചോദിച്ചു. തിക്കോടി ടൗണിലായിരുന്നു പ്രകടനം നടന്നത്.

പ്രസ്ഥാനത്തിന് നേരെ വന്നാൽ ഏത് പൊന്നു മോനായാലും വീട്ടിൽ കേറി കുത്തികീറും. പ്രസ്ഥാനത്തെ തൊട്ടുകളിച്ചാൽ ചാവാൻ ഞങ്ങൾ തയ്യാറാവും. കൊല്ലാൻ ഞങ്ങൾ മടിക്കില്ല. ഓർമ്മയില്ലേ ശരത് ലാലിനെ, ഓർമ്മയില്ലേ കൃപേഷിനെ, ഓർമ്മയില്ലേ ഷുഹൈബിനെ വല്ലാണ്ടങ്ങ് കളിച്ചപ്പോൾ ...' എന്നായിരുന്നു സിപിഐ.എം പ്രവർത്തകരുടെ മുദ്രാവാക്യം. പ്രസ്ഥാനത്തിന് നേരെ തിരിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കളുടെ സ്ഥിതി ഓർമയില്ലേയെന്ന് ചോദിച്ചായിരുന്നു മുദ്രാവാക്യം.

ശരത്ലാലിന്റേയും കൃപേഷിന്റേയും ഷുഹൈബിന്റേയും അവസ്ഥ ഓർത്ത് കളിച്ചോളൂവെന്നും പ്രസ്ഥാനത്തിന് നേരെ വന്നാൽ വീട്ടിൽ കയറി കൊത്തിക്കീറുമെന്നുമാണ് മുദ്രാവാക്യം. സിപിഐ.എമ്മിന് നേരെ വരുന്നത് ഇതൊക്കെ ഓർത്ത് വേണമെന്നും പ്രകോപനപരമായ മുദ്രാവാക്യത്തിൽ പറയുന്നുണ്ട്.