കണ്ണുർ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക ദുരീകരിക്കുന്നതിനായി സംഘടിപ്പിച്ച ജനസമക്ഷം പരിപാടിക്കിടെ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊതിരെ തല്ലിയ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടിലായി. കോടതി നിർദ്ദേശപ്രകാരം ഇവർക്കെതിരെ ഗുരുതരമായ വകുപ്പുകളോടെ കോടതി കേസെടുത്തതോടെയാണ് സിപിഎം നേതൃത്വം പ്രതിരോധത്തിലായത്.

ദിനേശ് ഓഡിറ്റോറിയത്തിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെയും നാലു പേരെയും മർദിച്ച സംഭവത്തിലാണ്‌സിപിഎം പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കണ്ണൂർ ടൗൺ പൊലിസ് കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുത്തത്. മന്ത്രി എം വി ഗോവിന്ദന്റെ പേഴ്സനൽ സ്റ്റാഫംഗം പ്രശോഭ് മൊറാഴ, പിപി ഷാജർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ, റോബർട്ട് ജോർജ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

സിപിഎം പ്രവർത്തകർക്കെതിരെ കേസെടുക്കാൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെയായിരുന്നു അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായെത്തിയത്. നേതാക്കൾ യോഗത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളായ റിജിൽ മാക്കുറ്റി, സുദീപ് ജയിംസ് എന്നിവർക്ക് അതിക്രുരമായി മർദ്ദനമേറ്റു.

ഡിവൈഎഫ്ഐ നേതാക്കളാണ് മർദിച്ചതെന്ന് റിജിൽ മാക്കുറ്റി പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാനേതാക്കൾ ഉൾപ്പെടെയുള്ളവർ തെരുവുഗുണ്ടകളെപ്പോലെ മർദിച്ചെന്ന് റിജിൽ മാക്കുറ്റി പറഞ്ഞു. ജനാധിപത്യ രാജ്യമായ 'ഇന്ത്യയിൽ പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ട്. ഡിവൈഎഫ്ഐ ഉൾപ്പെടെ ഇങ്ങനെ പ്രതിഷേധിച്ചിട്ടുണ്ട്. ആ ഡിവൈഎഫ്ഐയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിട്ടതെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു.

ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു വിശദീകരണയോഗം. ഹാളിനുള്ളിലേക്ക് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സിപിഎം ആരോപണം.എന്നാൽ പൊലിസ് നോക്കി നിൽക്കവെ ഡിവൈഎഫ്ഐ, സിപിഎം നേതാക്കൾ പൊലീസിനൊപ്പം ചേർന്ന് മർദിച്ചെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ദൃശ്യങ്ങൾ പകർത്താനെത്തിയ ജയ് ഹിന്ദ് ചാനലിന്റെ റിപ്പോർട്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, പിന്നീട് വിട്ടയച്ചു.

പ്രതിഷേധം ആവാമെന്നും എന്നാൽ യോഗം നടക്കുന്ന ഹാളുകൾ കയ്യേറിയുള്ള പ്രതിഷേധം ജനാധിപത്യപരമല്ലെന്നും മന്ത്രി എം.വി ഗോവിന്ദൻ സംഭവത്തിന് ശേഷം പ്രതികരിച്ചിരുന്നു. സിപിഎം നേതാവ് പി.ജയരാജന്റെ ഡ്രൈവറുടെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടതെന്ന ആരോപണവുമുണ്ട്. എന്നാൽ ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. ഖാദി ബോർഡ് വൈസ് ചെയർമാൻ കൂടിയായ പി.ജയരാജൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഡ്രൈവർ കൂടിയാണ് ഇയാൾ.