കൊച്ചി: ഗർഭിണിയായ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ആശുപത്രി ഡയറക്ടർക്കെതിരെ കേസ്. എറണാകുളം തൃക്കാക്കര ഒണച്ചിരയിൽ ഇൻസ്റ്റാ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗർഭിണിയായ പിആർഒയെയാണ് ആശുപത്രിയുടെ ഡയറക്ടറും ഏറ്റുമാനൂർ സ്വദേശിയുമായ അനിയനാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഈവർഷം ജനുവരി വരെയുള്ള കാലയവളവിൽ ആണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ പിആർഒ ആയ വിവാഹിതയായ യുവതിയെയാണ് അനിയൻ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. മാസങ്ങൾക്കുമുമ്പു നടന്ന സംഭവത്തിൽ ഈ മാസം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. വാഴക്കാലയിൽ ഇടപ്പള്ളി ടോളിനടുത്തുള്ള ആശുപത്രിയിലെ അഡ്‌മിൻ ഡയറക്ടറാണ് അനിയൻ.

ഡിസംബർ മുതൽ ജനുവരി വരെയുള്ള കാലഘട്ടത്തിൽ ഇയാൾ പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഭീഷണിപ്പെടുത്തിയും അശ്‌ളീല കഌപ്പുകൾ കാണിച്ചും വശംവദയാക്കാൻ നോക്കിയെന്നും നെഞ്ചോട് ചേർത്തുപിടിച്ച് വിവസ്ത്രയാക്കാൻ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിപ്രകാരം തൃക്കാക്കര പൊലീസാണ് കേസെടുത്ത് അനിയനെ അറസ്റ്റുചെയ്തത്.

ഏഴുമാസം ഗർഭിണിയായ യുവതി ഇയാളുടെ പീഡനം സഹിക്കവയ്യാതെ വീട്ടുകാരെ വിവരം അറിയിക്കുകയും തൃക്കാക്കര അസി. കമ്മിഷണർക്ക് പരാതി നൽകുകയുമായിരുന്നു. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി റിമാന്റ് ചെയ്ത ഇയാൾക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചു. ഇയാൾക്കെതിരെ പരാതി നൽകാൻ വൈകിയത് പ്രസവ അവധിയിൽ ആയിരുന്നതിനാലാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കേസിൽ പ്രതി അനിയന് ജാമ്യം ലഭിച്ചുവെങ്കിലും അന്വേഷണം തുടരുമെന്ന് സിഐ മറുനാടനോട് പറഞ്ഞു.