തിരുവനന്തപുരം: കെ എം മാണിക്കെതിരെയുള്ള കോഴക്കേസ് അട്ടിമറിക്കാൻ വിജിലൻസ് നിയമോപദേശകൻ മുരളീകൃഷ്ണൻ ശ്രമിച്ചതിന്റെ രേഖകൾ പുറത്തു വന്നു. സംഭവത്തിൽ കെ എം മാണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്നാണു വിവരം.

കോഴക്കേസിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും സൂചനയുണ്ട്. ഇതോടെ മുൻ ധനമന്ത്രിക്കെതിരായ കുരുക്കുകൾ മുറുകുന്നുവെന്നാണു സൂചന.

കെ.എം.മാണിക്കെതിരായ കോഴിക്കോഴ കേസിൽ അദ്ദേഹത്തിന് അനുകൂലമായി റിപ്പോർട്ട് നൽകിയ വിജിലൻസിന്റെ നിയമോപദേശകന്റെ നടപടിക്കെതിരെയാണു വിജിലൻസ് അന്വേഷണം. വിജിലൻസിന്റെ നിയമോപദേശകൻ അഡ്വക്കേറ്റ് പി.കെ.മുരളി കൃഷ്ണൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നു കാട്ടിയാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് സംഘം ഡയറക്ടർ ഡി.ജി.പി ജേക്കബ് തോമസിന് കത്തു നൽകിയത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വിജിലൻസ്, ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള കോൺഗ്രസ് മുൻ നേതാവും ഇപ്പോൾ ബിജെപി സംസ്ഥാന സമിതി അംഗവുമായ അഡ്വ. നോബിൾ മാത്യു വിജിലൻസിന് നൽകിയ പരാതിയിലാണ് മാണിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തോംസൺ ഗ്രൂപ്പ് നികുതി വെട്ടിപ്പ് നടത്തിയതായി വാണിജ്യ നികുതി പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയും 64 കോടി രൂപ പിഴയടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ കമ്പനി സുപ്രീംകോടതി വരെ പോയെങ്കിലും പരാജയപ്പെട്ടു. പിന്നീട്, കമ്പനിയെ പിഴ അടയ്ക്കുന്നതിൽ നിന്നൊഴിവാക്കാൻ കെ.എം. മാണി ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചു. കമ്പനി നൽകിയ അപ്പീലിൽ പിഴ ഒഴിവാക്കി . ഇതിനായി മാണി 50 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് നോബിളിന്റെ പരാതി. ഈ കേസിലാണ് മാണിക്ക് അനുകൂലമായി മുരളി കൃഷ്ണൻ നിയമോപദേശം നൽകിയതെന്നാണു പരാതി.