- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായതിനു പിന്നാലെ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അകത്തു കടന്നത് വൻ സുരക്ഷാ വീഴ്ച്ചയെന്ന് മന്ത്രിസഭാ യോഗം; പിന്നാലെ ബിജെപി അധ്യക്ഷൻ അടക്കം എട്ടുപേർക്കെതിരെ സെക്രട്ടറിയേറ്റിൽ അതിക്രമിച്ചു കയറിയതിന് കേസെടുത്തു പൊലീസ്; അതിക്രമിച്ചു കയറിയിട്ടില്ല, കേസ് എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്ന് സുരേന്ദ്രൻ; അടച്ചിട്ട മുറിയിൽ തീപടർന്നത് ഫാനിൽ നിന്ന്; അഗ്നിബാധയിൽ ഫയലുകൾ ഒന്നും കത്തി നശിച്ചിട്ടില്ലെന്നും സർക്കാർ വാദം
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടായതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ സെക്രട്ടറിയേറ്റിൽ കയറിയതിൽ കേസ്. കന്റോൺമെന്റ് പൊലീസാണ് കെ സുരേന്ദ്രൻ അടക്കം എട്ടു പേർക്കെതിരെ കേസടുത്തത്. സെക്രട്ടറിയേറ്റിൽ അതിക്രമിച്ചു കയറി എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കാണിച്ചുമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അകത്തു കടന്നത് വൻ സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തൽ. ഇക്കാര്യത്തിൽ അന്വേഷണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സുരക്ഷാ വീഴ്ച്ച ഉണ്ടായതിലാണ് അന്വേഷണം വരിക. തീപിടിത്തമുണ്ടായി മിനിറ്റുകൾക്കകമാണ് കെ സുരേന്ദ്രൻ സ്ഥലത്തെത്തിയത്. സുരേന്ദ്രനും മറ്റുള്ളവരും സെക്രട്ടേറിയറ്റിന് അകത്തു കടന്നത് സുരക്ഷാ വീഴ്ചയാണ്. ഇക്കാര്യത്തിൽ അന്വേഷണം നടത്താനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
അതേസമയം തനിക്കെതിരെ കേസെടുത്തത് എന്തിനാണെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു. താൻ അതിക്രമിച്ചു കയറിയിട്ടില്ല. മാധ്യമങ്ങളും പൊതുജനങ്ങളും ഉണ്ടായിരുന്ന വേളയിലാണ് താൻ സെക്രട്ടറിയേറ്റിലേക്ക് എത്തിയതെന്നും തന്നെ ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തീപിടിത്തമുണ്ടായതിനു പിന്നാലെ ബിജെപി, കോൺഗ്രസ് നേതാക്കൾ എത്തിയത് അന്വേഷിക്കണമെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇപി ജയരാൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പ്രതിഷേധത്തിൽ സംശയം പ്രകടിപ്പിച്ചു രംഗത്തുവന്നിരുന്നു.
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തം ആസൂത്രിതം തന്നെയെന്ന് കെ സുരേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു. ജുലൈ 13 ന് സെക്രട്ടേറിയറ്റിനകത്ത് അഗ്നിബാധ സാധ്യത സൂചിപ്പിച്ചുള്ള പൊതുഭരണ വകപ്പിന്റെ സർക്കുലർ ഇതിനുള്ള തിരക്കഥയാണ്. തീ പിടിക്കാതിരിക്കാൻ ജാഗ്രത നടപടി സ്വീകരിക്കണമെന്ന് സർക്കുലറിൽ പറയുന്നുണ്ട്. ചിഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
പ്രോട്ടോകോൾ ഓഫീസിൽ നടത്തിയ കോവിഡ് പരിശോധന പോലും ദുരൂഹമാണ്. തീപിടുത്തം ഉണ്ടായപ്പോൾ പ്രധാന ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലന്ന് അഡീഷണൽ സെക്രട്ടറി എന്തടിസ്ഥാനത്തിലാണ് പറയുന്നത്. എല്ലാം ഇ ഫയൽ ആണോ ? അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ യാത്രാ വിവരങ്ങൾ കസ്റ്റംസ് ക്ലിയറൻസ് അടക്കം പുറത്ത് വിടാൻ തയ്യാറാകണം. കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിക്ക് തീപിടുത്തവും എൻഐഎ അന്വേഷണ പരിധിയിൽ വരണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിയപ്പോൾ മുഖ്യമന്ത്രി ഓടിയെത്തി. സെക്രട്ടറിയേറ്റിൽ എന്തുകൊണ്ട് വന്നില്ലെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ അടച്ചിട്ട മുറിയിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. ഫാനിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഫയലുകൾ ഒന്നും കത്തിയിട്ടില്ലെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ ഭാഗത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി. സ്പെഷ്യൽ സെൽ എസ്പി വി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ശക്തമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തീപിടിത്തതിൽ വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
തീപിടത്തമുണ്ടായ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലാണ് പരിശോധന. ഫൊറൻസിക്, വിരലടയാള വിദഗ്ധരും പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. സംഭവത്തിൽ അട്ടിമറി സാധ്യതകളുൾപ്പെടെ അന്വേഷണ പരിധിയിൽ വരും. സംഭവത്തിൽ രണ്ട് അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ദുരന്ത നിവാരണ കമ്മീഷണർ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊപൊലീസ് സംഘവുമാണ് അന്വേഷിക്കുക. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നത്തിയിട്ടുണ്ട്.
തീപിടത്തത്തിന്റെ കാരണം, നഷ്ടത്തിന്റെ കണക്ക്, സ്വീകരിക്കണ്ട മുൻകരുതൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. തീപിടിത്തത്തിൽ നഷ്ടപ്പെട്ട ഫയലുകൾ ഏതൊക്കെയെന്ന് കണ്ടെത്തേണ്ട ചുമതല അന്വേഷണ സംഘത്തിനാണ്. എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 4.45നാണ് തീ പടർന്നത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ ഫ്ളാറ്റ് ഇടപാട് എന്നിവയുടേതുൾപ്പെടെ നിർണായകരേഖകൾ സൂക്ഷിച്ചിട്ടുള്ളത് ഇവിടെയാണ്. ഉദ്യോഗസ്ഥരുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങൾ, വി.വി.ഐ.പി.കളെ നിർണയിക്കുന്ന ഫയലുകൾ, അതിരഹസ്യ സ്വഭാവമുള്ള രേഖകൾ എന്നിവ സൂക്ഷിക്കുന്ന ഇടങ്ങളിലായിരുന്നു തീപ്പിടിത്തം. ഷോർട്ട് സർക്യൂട്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ് ഫയലുകൾ മാത്രമാണ് നഷ്ടമായതെന്നും മറ്റുള്ളവ സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. തീപിടിത്തം ആസൂത്രിതമാണെന്നും സ്വർണക്കടത്തിലെ രേഖകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോൺഗ്രസും ബിജെപിയും ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ