- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പ് കേസിൽ അകത്തായപ്പോൾ പൊലീസുമായി ചേർന്ന് പുതിയ തട്ടിപ്പ് തുടങ്ങി; മയക്കുമരുന്ന് കേസിൽ കവിതാ പിള്ളയുടെ റോൾ പുറത്തായിട്ടും കുലുക്കമില്ലാതെ പൊലീസ്
കൊച്ചി: മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിലെ പ്രതി കവിതാ പിള്ളയ്ക്ക് പൊലീസുമായി അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായി പൊലീസ് സ്‌റ്റേഷനുകൾ കയറിയിറങ്ങിയ പരിചയവും ബന്ധവുമാണ് പൊലീസിന്റെ ഇടനിലക്കാരിയെന്ന റോളിൽ കവിതയെ എത്തിച്ചത്. മയക്കുമരുന്ന് കേസിൽ കവിതാ പിള്ള ഇടനിലക്കാരിയ
കൊച്ചി: മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിലെ പ്രതി കവിതാ പിള്ളയ്ക്ക് പൊലീസുമായി അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായി പൊലീസ് സ്‌റ്റേഷനുകൾ കയറിയിറങ്ങിയ പരിചയവും ബന്ധവുമാണ് പൊലീസിന്റെ ഇടനിലക്കാരിയെന്ന റോളിൽ കവിതയെ എത്തിച്ചത്. മയക്കുമരുന്ന് കേസിൽ കവിതാ പിള്ള ഇടനിലക്കാരിയായിയെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളത്. മയക്കുമുരന്ന് തട്ടിപ്പ് കേസിൽ കവിതയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം എങ്ങുമെത്തിയിട്ടില്ല.
മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ ജാമ്യ വ്യവസ്ഥ പ്രകാരം നഗരത്തിലെ മൂന്ന് സ്റ്റേഷനുകളിൽ ആഴ്ചയിലൊരിക്കൽ കവിതപിള്ള ഹാജരാകണം. ഇത് പുതിയ ബന്ധങ്ങളുണ്ടാക്കി. ഇങ്ങനെ പലകുറി കയറിയിറങ്ങി പൊലീസുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പൊലീസുകാരുടെ വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും കവിത മനസിലാക്കി. അതോടെ പണം തട്ടിയെടുക്കാൻ ഒരു അവസരം വന്നപ്പോൾ കവിതാ പിള്ള പൊലീസുകാരുടെ ഇടനിലക്കാരി ചമയുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇങ്ങനെ ഇവർ നേരത്തേ തട്ടിപ്പു നടത്തിയോ എന്നും പരിശോധിക്കുന്നുണ്ട്.
സ്വകാര്യ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിലെ പ്രതിയാണു കവിതാ പിള്ള. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടന്നുവരുന്നതിനിടെയാണു കഞ്ചാവ് കേസിലെ ശബ്ദരേഖ പുറത്തായത്. ശബ്ദരേഖ വിവാദമായതോടെ ഐജി എം.ആർ. അജിത്കുമാർ അന്വേഷണം പ്രഖ്യാപിച്ചു. ഡിസിപി: ടി. നാരായണനാണ് അന്വേഷണച്ചുമതല. കഞ്ചാവ് കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി ആദിത്യന്റെ അമ്മയും അദ്ധ്യാപികയുമായ ഗീതയോട് കേസിൽ കൂടുതൽ നടപടികൾ ഒഴിവാക്കാൻ രണ്ടു ലക്ഷം രൂപയാണ് കവിത ആവശ്യപ്പെട്ടത്.
കഞ്ചാവ് വലിക്കുക മാത്രം ചെയ്തതിനാൽ ആദിത്യനെയും സുഹൃത്തുക്കളെയും കവിത രംഗത്തെത്തുന്നതിന് മുമ്പേ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഗീതയുടെ സുഹൃത്തുക്കളായ ചന്ദബോസ്, അഡ്വ. അഭിലാഷ് എന്നിവരാണ് ജാമ്യമെടുക്കാൻ സ്റ്റേഷനിലെത്തിയത്. ഈ സമയം, കേസ് രജിസ്റ്റർ ചെയ്ത കളമശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പൗലോസിന് 4,000 രൂപ കൈക്കൂലി നൽകി. പിന്നീടാണ് കൂടുതൽ പണം ആവശ്യപ്പെട്ട് കവിത ഫോണിൽ ഗീതയോട് ഭീഷണി മുഴക്കിയത്. ജാമ്യം ലഭിച്ചെങ്കിലും, ചോദിക്കുന്ന പണം പൊലീസുകാർക്ക് നൽകിയില്ലെങ്കിൽ മറ്റ് കേസുകളിൽ കുടുക്കുമെന്നായിരുന്നു ഭീഷണി.
കഞ്ചാവ് വിൽപന നടത്തുകയും കൈവശം വയ്ക്കുകയും ചെയ്ത കേസിൽ 11 പേരെയാണു പ്രത്യേക സ്‌ക്വാഡ് നാലിന് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നു കഞ്ചാവ് കൊച്ചിയിലെത്തിച്ചു വിദ്യാർത്ഥികൾക്കു വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ എന്നാണു പൊലീസ് അറിയിച്ചത്. എന്നാൽ, പിന്നീട് ഇവരിൽ ചിലരിൽ നിന്ന് 18,000 രൂപ വീതം വാങ്ങിയശേഷം ഇവർക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തുകയായിരുന്നു. വീണ്ടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഇവരിൽ ഒരാളുടെ മാതാവും മലപ്പുറം കാടാമ്പുഴയിലെ അദ്ധ്യാപികയുമായ ഗീതയെ കവിത ഫോണിൽ ബന്ധപ്പെട്ടത്.
സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു വിളിക്കുന്നതെന്നും പണം കൊടുത്തില്ലെങ്കിൽ മകനെ പൊലീസ് അകത്താക്കുമെന്നും കവിത ഗീതയെ ഭീഷണിപ്പെടുത്തി. എസ്‌ഐ പൗലോസ് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് കവിതാ പിള്ളയുടെ വാദം. ഒടുവിൽ പണം ശരിയായിട്ടുണ്ടെന്നും പിറ്റേന്നു പണവുമായി വരാമെന്നു ഫോൺ സംഭാഷണത്തിൽ ഗീത ഉറപ്പുകൊടുക്കുന്നുണ്ട്. എന്നാൽ താൻ ഇതിൽനിന്ന് ഒഴിയുകയാണെന്നും തന്നെ കാണാൻ വരേണ്ടെന്നും പറഞ്ഞ് കവിത സംഭാഷണം അവസാനിപ്പിക്കുന്നു.
പറഞ്ഞ സമയത്ത് ഗീത പണം എത്തിക്കാത്തതാണു കവിതയെ പ്രകോപിപ്പിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നതായി ഗീത കൊച്ചി വിജിലൻസ് എസ്‌പിക്കു നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം എസ്‌ഐ പൗലോസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, തന്നെ രണ്ടുവട്ടം കവിത വിളിച്ചിരുന്നെന്നും മകന്റെ സുഹൃത്തിനെ കേസിൽ നിന്ന് ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നെന്നുമാണു പൗലോസ് പറഞ്ഞതെന്നു കമ്മിഷണർ കെ.ജി. ജയിംസ് പറഞ്ഞു.
പൊലീസുകാർ കവിതയുമായി ഫോണിൽ ബന്ധപ്പെട്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സംശയ നിഴലിലുള്ള കളമശേരി സ്റ്റേഷനിലെയും ഷാഡോ പൊലീസിലെയും ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ ശേഖരിച്ചു. ആദിത്യന്റെ ബന്ധുക്കൾ കൈക്കൂലി തന്നെങ്കിലും തിരികെ നൽകിയെന്ന് എസ്.ഐ. പൗലോസ് വിജിലൻസിന് മൊഴി നൽകി. പൊലീസുകാർക്ക് കവിതാ പിള്ളയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഡെപ്യൂട്ടി കമ്മിഷണർ ടി.നാരായണൻ ഇന്ന് കൊച്ചി റേഞ്ച് ഐ.ജി. എം.ആർ. അജിത് കുമാറിന് കൈമാറും. അതിന് ശേഷമായിരിക്കും കുറ്റക്കാർക്കെതിരെ നടപടി.