തിരുവനന്തപുരം: ആരെയും കൂസാതെ തങ്ങളെ തൊടാൻ ആർക്കും സാധിക്കില്ലെന്ന നിലപാടുമായി മുന്നോട്ടു പോകുന്ന ആശുപത്രിയാണ് തിരുവനന്തപുരത്തെ കിംസ്. അധികാരത്തിന്റെ ഉന്നത കേന്ദ്രങ്ങളിൽ പിടിയുള്ള ആശുപത്രിക്കെതിരെ അടുത്തകാലത്തുയർന്നത് ഗുരുതരമായ ആരോപണങ്ങളായിരുന്നു. എന്നാൽ, അതൊക്കെ പണത്തിന്റെ ഹുങ്കിൽ മൂടിവച്ച് ആശുപത്രിക്ക് ഒടുവിൽ പിടിവീണു. കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കിംസ് ആശുപത്രി മാനേജ്‌മെന്റിനെതിരെ കേസെടുക്കുകയാണ് കോടതി ചെയ്തത്. തീപ്പൊള്ളലേറ്റ് ഗുരുതരമായി ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ മരണമൊഴി എടുക്കാൻ വന്ന മജിസ്‌ട്രേറ്റിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.

യുവതിയുടെ മരണമൊഴി രേഖപ്പെടുത്താൻ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനെ അനുവദിക്കാത്തതിന്റെ പേരിലാണ് കേസെടുത്തത്. ആശുപത്രി അധികൃതർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് അഡി. സി.ജെ.എം എ. ഇജാസ് നേരിട്ടാണ് കേസെടുത്തത്. കുറ്റകരമായ അനാസ്ഥയ്ക്ക് കാരണക്കാരായവരെ കണ്ടെത്തുന്നതിന് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ജവഹർ ജനാർഡിന് അന്വേഷണചുമതല കൈമാറി. ജനുവരി എട്ടിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കന്യാകുമാരി ജില്ലയിലെ അരുമനൈ പൊലീസിന്റെ അപേക്ഷ പ്രകാരമാണ് കിംസ് ആശുപത്രിയിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന മേരി ശുഭയുടെ മരണമൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേട്ടിന് സി.ജെ.എം സിജിമോൾ കുരുവിള നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് ഡിസംബർ 28ന് വൈകീട്ട് മൂന്ന് മണിയോടെ ആശുപത്രിയിൽ എത്തിയ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ആർ.ആർ. രജിത മരണമൊഴി രേഖപ്പെടുത്തണമെന്ന് ആശുപത്രി അധികൃതരെ അറിയിച്ചു. ഡ്യൂട്ടി ഡോക്ടർ വരുമെന്ന് അറിയിച്ചെങ്കിലും ഒരു മണിക്കൂറോളം കാത്ത് നിന്ന മജിസ്‌ട്രേട്ട് ഒടുവിൽ ആശുപത്രി പിആർഒയെ കാണാൻ ശ്രമിച്ചു.

എന്നാൽ പിആർഒ ബോധപൂർവം ഒഴിഞ്ഞു മാറുകയായിരുന്നു. മൊഴി രേഖപ്പെടുത്തേണ്ടതായ രോഗിയെ കാണാൻ പോലും ആശുപത്രി അധികൃതർ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മജിസ്‌ട്രേട്ട് സി.ജെ.എമ്മിന് രേഖാമൂലം പരാതി നൽകിയത്. പരാതിയിൽ നടപടി സ്വീകരിക്കുന്നതിനായി സി.ജെ.എം അഡി. സി.ജെ.എം എ. ഇജാസിന് കെമാറിയതോടെയാണ് ആശുപത്രി അധികൃതർക്ക് എതിരെ നേരിട്ട് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ഉദ്യോഗസ്ഥർക്ക് നിയമപരമായി നൽകേണ്ട സഹായം നൽകാതിരിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തി കേസെടുത്ത്.

തമിഴ്‌നാട്ടിൽ നടന്ന കേസായതിനാൽ തമിഴ്‌നാട് പൊലീസും മജിസ്‌ട്രേറ്റിനൊപ്പം ആശുപത്രിയിൽ എത്തിയിരുന്നു. തമിഴ്‌നാട് പൊലീസും കാര്യം വ്യക്തമാക്കിയിട്ടും ആശുപത്രി അധികൃതർ നിസ്സഹകരിച്ചത് ഗൗരവമായാണ് കോടതി കണ്ടത്. ഇത്തരം സംഭവങ്ങൾ പൊലീസിനും സ്ഥിരമായി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ജവഹർ ജനാർദ്ധ് മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്തി റിപ്പാർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട്് തന്നെ ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടത്തും. കുറ്റക്കാരായവർ ആരാണെന്ന് അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ടെങ്കിലും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസായാതിനാൻ പേര് വെളിപ്പെടുത്തില്ലെന്നും ജവഹർ ജനാർദ്ധ് മറുനാടനോട് പറഞ്ഞു.