ആലപ്പുഴ: ചെങ്ങന്നൂരിൽ കെ റെയിൽ സമരത്തിനിടെ പൊലീസിനെതിരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്. അതേസമയം, പൊലീസ് തന്നെ അപമാനിച്ചെന്നും പരാതി നൽകുമെന്നും എംപി പറഞ്ഞു.

കഴിഞ്ഞ ദിവസം, സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടാൻ വന്ന സംഘത്തിനൊപ്പമെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് കൊടിക്കുന്നിൽ സുരേഷ് എംപി ക്ഷോഭിച്ച് സംസാരിച്ചിരുന്നു. ചെങ്ങന്നൂരിൽ കല്ലിടാൻ എത്തിയവരെ കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് സംഭവം.

അതിനിടെയാണ് പൊലീസും എംപിയും തമ്മിൽ വാക്ക് തർക്കമുണ്ടായത്. തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് പൊലീസ് പറഞ്ഞതോടെയാണ് എംപി ക്ഷുഭിതനായത്.

'തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ് ഒരു സബ് ഇൻസ്പെക്ടർ. തന്നെക്കാളും വലിയ ആളാടോ ഞാൻ. തന്റെ മുകളിലുള്ള ഉദ്യോഗസ്ഥരെക്കാളും വലിയ ആളാണ് ഞാൻ. ഞാൻ ഇവിടത്തെ ജനപ്രതിനിധിയാണ്. അവർ രോഷത്തിലാണ്. നിങ്ങൾ മടങ്ങി പോകണം' കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.