പാലക്കാട്: കുഴൽമന്ദത്ത് കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവം ഇതിനോടകം വിവാദമായിരുന്നു. റോഡിൽവെച്ചുള്ള വാക്കു തർക്കത്തെ തുടർന്നുള്ള ആസൂത്രിത കൊലപാതകമാണ് നടന്നതെന്നാണ് ഉയർന്നിരുന്ന വിമർശനം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആരോപണവും തെളിവുകളും ശക്തമായതോടെ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.

കെ.എസ്.ആർ.ടി.സി ഡ്രൈവർ സി.എൽ ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്തത്. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്‌പി. എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നേരത്തെ കേസന്വേഷിച്ച പൊലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവർ ഔസേപ്പിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ബസ് ഡ്രൈവർ മനപ്പൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് മരിച്ച ആദർശിന്റെ അച്ഛൻ മോഹൻ പരാതി നൽകിയിരുന്നു. ഇതിനേത്തുടർന്നാണ് തുടരന്വേഷണം ഉണ്ടായത്.

ഫെബ്രുവരി ഏഴിനായിരുന്നു പാലക്കാടുനിന്നും എറണാകുളത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദർശ് മോഹൻ (23), സുഹൃത്ത് കാസർകോട് സ്വദേശി സാബിത് (26) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്ന് തന്നെ ആക്ഷേപം ഉയർന്നിരുന്നു.

തുടർന്ന് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പിനെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ് ക്യാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞിരുന്നത്.