കോഴിക്കോട്: കോൺഗ്രസ് നേതാവ് അഡ്വ: ടി സിദ്ദിഖിന് പിന്നാലെ കോഴിക്കോട്ടെ സിപിഐ (എം) നേതാവ് അഡ്വ. പി.എ. മുഹമ്മദ് റിയാസും ഗാർഹിക പീഡനക്കേസിൽ. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റിയംഗം റിയാസിനെതിരെ ഭാര്യ ഡോ.സമീഹാ സെയ്തലവിയാണ് പരാതി നൽകിയത്. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി(നാല്)യിൽ നൽകിയ പരാതി ഫയലിൽ സ്വീകരിച്ച ജഡ്ജി എം.എൻ. സാബു, റിയാസിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ആവശ്യമെങ്കിൽ റിയാസിന്റെ ഭാര്യ ഡോ.സമീഹാ സെയ്തലവിക്കും മക്കൾക്കും സംരക്ഷണം നൽകണമെന്നും കോടതി നടക്കാവ് പൊലീസിന് നിർദ്ദേശം നൽകി.

ഭർത്താവിൽ നിന്നും ഗാർഹിക പീഡനം ഉള്ളതായും മക്കളുടെ ചെലവിൽ ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റിയാസിന്റെ ഭാര്യയുടെ പരാതി. ഏറെ നാളായി സമീഹക്ക് പരാതിയുണ്ടായിരുന്നെങ്കിലും ഈയിടെയാണ് കോടതിയെ സമീപിച്ചിരുന്നത്. തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും മർദിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഇന്നലെയായിരുന്നു സമീഹയുടെ ഹർജി കോടതി പരിഗണിച്ചത്. ഭാര്യ സമീഹ പൊലീസ് പ്രൊട്ടക്ഷൻ നൽകണമെന്നാവശ്യവും ഹർജിയിൽ പറഞ്ഞിരുന്നു. ഇതേ തടർന്ന് യുവതിക്ക് ആവശ്യമായ സംരക്ഷണം നൽകാനും, ആവശ്യമുള്ളപ്പോൾ പൊലീസ് പ്രൊട്ടക്ഷൻ നൽകാനുമായിരുന്നു കോടതി ഉത്തരവ്. കോഴിക്കോട് നാലാം കോടതിയിൽ നിന്നുള്ള ഉത്തരവ് നടപ്പാക്കുന്നതിനായി നടക്കാവ് പൊലീസ് സ്‌റ്റേഷനിലേക്ക് ഉത്തരവ് കൈമാറിയിട്ടുണ്ടെന്നും റിയാസിന്റെ ഭാര്യ ഡോ.സമീഹാ സൈതലവിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്നും നടക്കാവ് എസ്.ഐ ഗോപകുമാർ മറുനാടൻ മലയാളിയോടു പറഞ്ഞു.

റിയാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്എഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഡോ. സമീഹ ഉന്നയിച്ചിരിക്കുന്നത്. 2004 മുതലാണ് കാര്യമായ പീഡനം ആരംഭിച്ചതെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇടയ്ക്കിടെ ചുമരിൽ ചാരിനിർത്തി മർദ്ദിക്കും. മർദ്ദനമേറ്റ് മൂത്രതടസ്സം വരെയുണ്ടായെന്നും പരാതിയിൽ പറയുന്നു. കൂടാതെ സ്വർണം മുഴുവൻ കൈക്കലാക്കി. 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്നുവരെ പറഞ്ഞ് ആക്ഷേപിച്ചന്നെും പരാതിയിൽ പറയുന്നുണ്ട്. പീഡനം നിത്യസംഭവമായതോടെ ആത്മഹത്യ ചെയ്യാൻ വരെ തോന്നി. മക്കളെ വീട്ടിൽ നിർത്തി ഒഴിഞ്ഞു പൊയ്‌ക്കോള്ളാനാണ് ഭർത്താവ് റിയാസ് പറഞ്ഞതെന്നും പരാതിയിൽ വ്യക്തമാക്കി. സ്‌കൂളിൽ പഠിക്കുന്ന മക്കളെ റിയാസും ഗുണ്ടകളും തട്ടിക്കൊണ്ടുപോവുമെന്ന ഭീതിയുണ്ട്. ഇതിനാലാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെയാണ് ജില്ലാ കമ്മിറ്റി അംഗമായ റിയാസിനെ പരിചയപ്പെടുന്നത്. രാഷ്ട്രീയം ഉപേക്ഷിച്ചാൽ മാത്രമെ വിവാഹത്തിന് സമ്മതിക്കൂവെന്നായിരുന്നു റിയാസിന്റെ കുടുംബത്തിന്റെ നിലപാട്. 2002 മെയ് 27ന് പട്ടാമ്പി കൊപ്പം ജുമാഅത്ത് പള്ളിയിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. 70 പവൻ സ്വവർണമാണ് നൽകിയിരുന്നത്. 10 പവൻ മെഹറായും നൽകി. സ്വർണം വേണ്ടെന്നാണ് റിയാസിന്റെ വീട്ടുകാർ ആദ്യംപറഞ്ഞത്. എന്നാൽ വിവാഹത്തിന് ശേഷം വീട്ടുകാർ പൊന്നിന്റെയും പണത്തിന്റെയും കാര്യത്തിൽ വാശിപിടിച്ചു തുടങ്ങിയെന്നും പരാതിയിലുണ്ട്. തടി കൂടുതലാണെന്നും ഉയരം കുറവാണെന്നും പറഞ്ഞ് ആക്ഷേപിച്ചിരുന്നു. എം ബിബി എസ് കഴിഞ്ഞയാളായിട്ടും പ്രാക്ടീസിന് വിടാൻ അനുവദിച്ചില്ല. ടി.വി കാണാനോ സുഹൃത്തുക്കളെ കാണാനോ വരെ അനുവദിച്ചില്ല. വീട്ടിലുണ്ടായിരുന്ന സിഡി പഌർ വരെ എടുത്തുമാറ്റി. തന്റെയും മക്കളുടെയും പേരുപോലും റേഷൻകാർഡിൽ ചേർത്തില്ലന്നെും പരാതിയിലുണ്ട്. അഡ്വ. പി.എം. സോമസുന്ദരൻ മുഖേനയാണ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.

മാസങ്ങളായി അകന്നു താമസിക്കുകയായിരുന്ന റിയാസും സമീഹയും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായത് ഈയിടെയാണ്. പ്രശ്‌ന പരിഹാരത്തിന് സമീഹ ശ്രമം നടത്തിയിരുന്നെങ്കിലും തന്റെ മേലിലുള്ള ഭീഷണിയും ഉപദ്രവവും തുടരുകയായിരുന്നു. ഇതേ തുടർന്ന് നിയമ നടപടിക്കൊരുങ്ങുകയാണുണ്ടായത്. അതേ സമയം കഴിഞ്ഞ ഏതാനും മാസങ്ങളായി മുഹമ്മദ് റിയാസിന്റെ മലാപറമ്പ്, പുതുക്കുടി മേത്തലിലെ വീട്ടിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നില്ലെന്നും അകന്നു താമസിക്കുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. റിയാസിന്റെ വീട്ടിൽ നിന്നും അഭിപ്രായ ഭിന്നത രൂക്ഷമായതോടെ രണ്ട് കൈകുഞ്ഞുങ്ങളുമായി തന്റെ പാലക്കാട്ടുള്ള വീട്ടിലേക്ക് സമീഹ പോകുകയായിരുന്നു. പാലക്കാട് പുല്ലാശ്ശേരി സ്വദേശിയാണ് സമീഹ. വർഷങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാക്ടിസ് ചെയ്തിരുന്ന ഇവർ, റിയാസുമായുള്ള പ്രശ്‌നം രൂക്ഷമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.

മാസങ്ങൾക്കു മുമ്പായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ടി സിദ്ദീഖിനെതിരെ ഭാര്യ നസീമ പരാതിയുമായി രംഗത്ത് വന്നത്. നസീമയെ ത്വലാഖ് ചൊല്ലി കണ്ണൂർ സസ്വദേശിനിയായ മറ്റൊരു യുവതിയെ സിദ്ദിഖ് വിവാഹം കഴിക്കുകയായിരുന്നു. സിദ്ദിഖിനെതിരെയുള്ള പരാതി ഏറെ രാഷ്ട്രീയമായും ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ നസീമയുടെ പരാതിക്കു പിന്നാലെയാണ് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനെതിരെ ഗാർഹിഗ പീഡനത്തിന്റെ പേരിൽ സ്വന്തം ഭാര്യതന്നെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്ട് സിപിഐ(എം)മ്മിന് ഏറെ പ്രതീക്ഷയുള്ള നേതാവ് കൂടിയാണ് മുഹമ്മദ് റിയാസ്.

എന്നാൽ ഭാര്യയുടെ പരാതിന്മേൽ ഇതുവരെയും പാർട്ടി നേതൃത്വം ഇടപെട്ടതായി അറില്ല. തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ റിയാസിനെതിരെ ഭാര്യ നൽകിയ പരാതി ഏറെ രാഷ്ട്രീയ മാനം കൈവരുന്ന ഒന്നുകൂടിയാണ്. വർഷങ്ങളായി കെട്ടിപ്പടുത്തുണ്ടാക്കിയ വ്യക്തിത്ത്വത്തിൽ വിള്ളലുണ്ടാക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ ശ്രമവും ശക്തമായിട്ടുണ്ട്. സോഷൽ മീഡിയക്ക് ഏറെ ആഘോഷത്തിനിടയാക്കുന്ന ഒന്നാണ് റിയാസിനെതിരെയുള്ള ഗാർഹിക പീഡന പരാതി.