കോഴിക്കോട്: സിപിഐ.എം നേതാവ് അഡ്വ.പി.എ മുഹമ്മദ് റിയാസിനെതിരെ ഭാര്യ ഡോ.സമീഹ സൈതലവി നൽകിയ പരാതി പുറത്തായതോടെ നേതൃത്വം ഇടപെട്ട് പ്രശ്‌ന പരിഹാരത്തിനുള്ള നീക്കം ആരംഭിച്ചു. ഇരുവരും പരസ്പര ധാരണയോടു കൂടി ബന്ധം വേർപെടുത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ച കേസ് പിൻവലിക്കണമെന്നും നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ടതനുസരിച്ച് നൽകാമെന്നും സമീഹയോടു നേതാക്കൾ പറഞ്ഞിട്ടുണ്ട്. വീഷയം നീണ്ടു പോയാൽ പാർട്ടിയെ ദോഷമായി ബാധിക്കുമെന്നതാണ് നേതൃത്വം ധൃതിപിടിച്ച് ഇടപെട്ടതിനു പിന്നിൽ.

സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ കോഴിക്കോട്, പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പ്രശ്‌നപരിഹാരത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇരുവരെയും യോജിപ്പിലെത്തിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും ബന്ധം വേർപെടുത്തണമെന്നായിരുന്നു റിയാസും സമീഹയും ആവശ്യപ്പെട്ടത്. എന്നാൽ റിയാസിന്റെ രാഷ്ട്രീയ ഭാവി കൂടി കണക്കിലെടുത്ത് മണിക്കൂറുകൾ നീണ്ട അനുരജ്ഞന ചർച്ചകൾ നേതാക്കൾ തമ്മിൽ നടത്തിയിരുന്നു. എന്നാൽ ഇരുവരുടെയും സമ്മതത്തോടെ വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിക്കുകയായിരുന്നു. അതേസമയം സമീഹ നഷ്ടപരിഹാരമായി വലിയൊരു തുക ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഇതിലും നേതൃത്വം കൃത്യമായ തീർപ്പ് കൽപ്പിച്ചിട്ടുണ്ട്. സമീഹ ആവശ്യപ്പെട്ടതനുസരിച്ചുള്ള തുക നൽകി പരസ്പര ധാരണയിലായിരിക്കും വിവാഹം ബന്ധം വേർപെടുത്തുക.

റിയാസിനെതിരെ ഭാര്യ സമീഹ കോടതിയിൽ നൽകിയ ഗാർഹിക പീഡന പരാതിയെ സംബന്ധിച്ചുള്ള വാർത്ത മറുനാടൻ മലയാളിയിലൂടെ വിശദമായി പുറത്തായതോടെയാണ് സിപിഐ.എം സംസ്ഥാന നേതൃത്വം പ്രശ്‌നത്തിൽ അടിയന്തിരമായി ഇടപെട്ടത്. കേസിന്റെ വിശദാംശം പുറത്തായതോടെ റിയാസിനെതിരെ പാർട്ടിക്കുള്ളിൽ ശക്തമായ വികാരം ഉയർന്നിരുന്നു. എന്നാൽ അതാത് ജില്ലാ നൃതൃത്വത്തിന്റെ കൃത്യമായ ഇടപെടൽ പ്രശ്‌നത്തിൽ അതിവേഗം തീർപ്പു കൽപ്പിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, രണ്ട് ജില്ലാ നേതാക്കൾ എന്നിവരും പാലക്കാട്ട് നിന്നും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും ജില്ലാ കമ്മിറ്റിയിൽപ്പെട്ട എംഎ‍ൽഎയുമാണ് പ്രശ്‌നം തീർപ്പു കൽപ്പിക്കാൻ മുന്നിട്ടിറങ്ങിയത്. നേതൃത്വം ഇടപെട്ട് എടുത്ത തീരുമാനം ഇരുവരും കോടതിയിൽ അറിയിക്കും.

ഡിവൈഎഫിഐ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മുഹമ്മദ് റിയാസിനെതിരെ ഭാര്യ സമീഹ നൽകിയ ഗാർഹിക പീഡനം സംബന്ധിച്ച പരാതി കഴിഞ്ഞ വ്യാഴാഴ്ച പരിഗണിച്ച ശേഷം കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി(നാല്) സമീഹക്കും മക്കൾക്കും പൊലീസ് പ്രൊട്ടക്ഷൽ നൽകാൻ ഉത്തരവിറക്കിയിരുന്നു. ഉത്തരവിന്റെ പകർപ്പ് നടക്കാവ് പൊലീസിനും കൈമാറുകയുണ്ടായി. തുടർന്ന് ഇന്ന് കേസ് പരിഗണിക്കാനിരിക്കുന്നതിനിടെയാണ് ഇരുവരും ബന്ധം വേർപിരിയാനുള്ള തീരുമാനവുമായി ധാരണയിലെത്തിയിരിക്കുന്നത്. തന്നെ മർദിച്ചിരുന്നതായും റിയാസ് ഗുണ്ടകളെ വിട്ട് തന്നെ അക്രമിക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ സമീഹയുടെ പരാതിക്കു പിന്നിൽ ചില താൽപര്യങ്ങൾ മാത്രമായിരുന്നെന്നാണ് റിയാസിന്റെ പക്ഷം. പരാതിയും പ്രശ്‌നങ്ങളുമെല്ലാം സമീഹക്കു മാത്രമാണെന്നും ഭാര്യയുടെ മാതാപിതാക്കൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും ഇവരുമായി അടുപ്പമുള്ളവർ വ്യക്തമാക്കുന്നു. കാൻസർ ബാധിച്ച് തമിഴ്‌നാട് വെല്ലൂർ ആശുപത്രിയിൽ കഴിയുന്ന സമീഹയുടെ സഹോദരിയെ സന്ദർശിക്കാൻ ഭാര്യയുടെ ഉപ്പയോടും ഉമ്മയോടും കൂടെ കഴിഞ്ഞ ദിവസവും റിയാസ് പോയിരുന്നതായും അടുത്ത വൃത്തങ്ങൾ പറയുന്നു.

എന്നാൽ പ്രശ്‌ന കലുഷിതമായ ദാമ്പത്യ സാഹചര്യത്തിൽ ബന്ധം വേർപിരിയാനുള്ള തീരുമാനത്തോടെ ഏറെ നാളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന റിയാസിന് താൽകാലിക ആശ്വാസം പകരുന്നെങ്കിലും പഠനകാലത്ത് മനസിൽ സൂക്ഷിച്ച പ്രണയിനിയെയാണ് ഒറ്റ നിമിഷത്തെ ഒപ്പിലൂടെ നഷ്ടമാകുന്നത്. കോഴിക്കോട് ഫറോക്ക് കോളേജിലെ പഠന കാലം മുതൽക്കേ സമീഹയെ അറിയാമായിരുന്നെങ്കിലും റിയാസിന് നേരിൽ പരിജയമില്ലായിരുന്നു. പാലക്കാട് പട്ടാമ്പിക്കടുത്ത കൊപ്പം പുലാശേരി സ്വദേശിയായ സമീഹാ സൈതലവി എസ്.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ശ്രദ്ധേയമായ കാലമായിരുന്നു അന്ന്. കോളേജ് യൂണിയനിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനിലുമെല്ലാം സജീവമായിരുന്ന റിയാസ് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമമ്മിറ്റിയിലെത്തിയതോടെയാണ് സമീഹയുമായുള്ള അടുപ്പം ശക്തമാകുന്നത്. തുടർന്ന് ബന്ധം തളിർത്ത് വളരാൻ തുടങ്ങുന്നതിനിടെ സമീഹ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലുമെത്തി.

ഒന്നര വർഷക്കാലം ഈ നില തുടർന്നു. ഇതിനിടെ റിയാസ്-സമീഹ ബന്ധം പൂത്തുലഞ്ഞ് വിവാഹത്തിന്റെ പടിവാതിൽക്കലെത്തി. ഇരുവൂട്ടുകാരിലും എതിർപ്പുകളുണ്ടായി. സമീഹയുടെ വീട്ടുകാർ സമ്മതിച്ചെങ്കിലും റിയാസിന്റെ കുടുംബം ഇവർ തമ്മിലുള്ള വിവാഹത്തിന് വിലങ്ങു നിന്നു. നീണ്ടു നിന്ന ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിൽ ഇരുവീട്ടുകാരുടെയും സമ്മത പ്രകാരം 2002 മെയ് 27ന് പട്ടാമ്പി കൊപ്പം ജുമാ മസ്ജിദിൽ വച്ച് നിക്കാഹ് നടക്കുകയുണ്ടായി. പത്ത് പവൻ സ്വർണ മാല മഹറായി സമീഹയുടെ കഴുത്തിൽ മിന്നു ചാർത്തി. ഇതോടെ സമീഹയെന്ന വീദ്യാർത്ഥി നേതാവിന് രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും കൂച്ചുവിലങ്ങു വീണു. ഇടത്തരം കുടുംബത്തിൽ നിന്നും വന്ന സമീഹയെ എഴുപത് പവനിലധികം സ്വർണം നൽകിയായിരുന്നു വീട്ടുകാർ റിയാസിന്റെ കൂടെ അയച്ചത്.

എന്നാൽ ഏറെ വൈകാതെ ദുരിതത്തിന്റെയും കണ്ണീരിന്റെയും പരിഭവങ്ങളായിരുന്നു ഇരുവർക്കും പറയാനുണ്ടായത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം തികയും മുമ്പ് ഇരുവർക്കും ജീവിതത്തിന്റെ സ്വപ്ന കൊട്ടാരങ്ങളെല്ലാം തകർന്നു കഴിഞ്ഞിരുന്നു. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ടിച്ചിരുന്ന സമീഹക്ക് ഇടക്കാലത്ത് ഇതും നിർത്തേണ്ടി വന്നു. കുടുംബത്തിലെ അഭിപ്രായ ഭിന്നതയും കലഹങ്ങളും രൂക്ഷമായതോടെ മനം നൊന്ത് പട്ടാമ്പിയിലെ സ്വന്തം വീട്ടിലേക്ക് തിരിക്കുകയായിരുന്നുവത്രെ. നീണ്ട പതിമൂന്ന് വർഷക്കാലത്തെ ദാമ്പത്യം രണ്ട് ആൺ മക്കളെയും സമ്മാനിച്ചു. ഒടുവിലിതാ സ്വമനസോടെ ഇരുവരും പിരിയാൻ തീരുമാനിച്ചിരിക്കുന്നു. രണ്ട് മക്കൾക്കളെയും അഛന്റെ സ്‌നേഹവാത്സല്യങ്ങൾ നൽകി ജീവനു തുല്യം പരിലാളിക്കുന്നു. റിയാസ് ഇപ്പോഴെടുത്ത തീരുമാനം ഇരുവരും പാർട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞെന്നാണ് അറിയുന്നത്.

ഇനി വക്കീൽ മുഖാന്തരം ഇരു കക്ഷികളും കോടതിയിൽ ഹാജരായി ഡിവോഴ്‌സ് അപേക്ഷ സമർപ്പിച്ച് നൽകാനാണ് തീരുമാനം. നഷ്ടപരിഹാരത്തിന്മേലുള്ള പരസ്പര കരാറിൽ ഇരുവരും ഒപ്പിട്ട ശേഷം ബന്ധം വേർപെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. കഴിഞ്ഞ ദിവസം മാറ്റി വച്ച കേസ് ഇന്ന് (സെപ്റ്റംബർ 19) കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.