തിരുവനന്തപുരം: ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ചാണ് ബജറ്റ് അവതരണ ദിവസം നിയമസഭയിൽ അതിക്രമങ്ങൾ നടന്നത്. പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും കൈവിട്ടു കളിച്ചു. തമ്മിലടിച്ചും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമ്മിച്ചവ സഭാ സാമഗ്രികൾ അടിച്ചു തകർത്തും എംഎൽഎമാർ തെരുവു ഗുണ്ടകളെ പോലെ പൊരുമാറിയപ്പോൾ അതിനെ കളിയാക്കാൻ സാധാരണക്കാരന് അവകാശമില്ലേ? ചാനലുകളിലെ കോമഡി പരിപാടികളെ പോലും വെല്ലുന്ന രംഗങ്ങൾ നിയമസഭയിൽ സൃഷ്ടിച്ച എംഎൽഎമാരെ ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും കളിയാക്കിയതിന്റെ പേരിൽ പൊലീസ് കേസെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ. കേരള നിയമസഭയെ കളിയാക്കിയ ഈ സംഭവത്തെ ഗൗരവത്തോടെ സോഷ്യൽ മീഡിയയിൽ ആരെങ്കിലും കളിയാക്കൽ പോസ്റ്റിട്ടാൽ അവർ കുടുങ്ങുമെന്ന കാര്യമാണ് ഉറപ്പായത്.

സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് മർദ്ദിച്ചൊതുക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നിർദ്ദേശം നൽകിയിരിക്കുന്നത്. പത്രങ്ങളിൽ കാർട്ടൂണുകളും ചാനലുകളിൽ പരിഹാസ വീഡിയോകളും അവർ നൽകും. ഒരു കുഴപ്പവുമില്ല. എന്നാൽ സഭയിൽ നടന്ന സംഭവങ്ങളെ പരിഹാസ ചുവയോടെ ആരെങ്കിലും വിമർശിച്ചാൽ ഭരണകൂടത്തിന് അത് സഹിക്കില്ല. സാധാരണക്കാരുടെ വിമർശനത്തെ അവർ ഭയക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. ഐടി ആക്ട് 66 എ പ്രകാരമാകും കേസ് എടുക്കുക. പോസ്റ്റ് ഉണ്ടാക്കിയവരും ഷെയർ ചെയ്തവുരം ലിങ്ക് ചെയ്തവരും വരെ പ്രതികളാവും. ഇത്തരത്തിലൊരു സമഗ്ര അന്വേഷണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. ഇനിയാരും എംഎൽഎമാരെ ആരും വിമർശന രൂപത്തിൽ കളിയാക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ അടക്കമുള്ള തീരുമാനം.

ബജറ്റ് ദിവസം നിയമസഭയിലെ കോപ്രായങ്ങൾ കണ്ടശേഷം എം എൽ എമാർക്കെതിരേ നവമാദ്ധ്യമങ്ങളിൽ വിമർശിച്ച ആളുകളുടെ ലിസ്റ്റ് തയ്യാറാക്കാൻ സർക്കാർ നിർദ്ദേശം.കേരള പൊലീസ് സൈബർ വിഭാഗത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഇത്തരത്തിലുള്ള നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇത് പ്രകാരം മന്ത്രിമാർക്കും എം എൽ എ മാർക്കുമെതിരെ ഫേയ്‌സ്ബുക്കിലൂടെ വളരെ മോശം സന്ദേശങ്ങൾ പ്രചരിപ്പിച്ചവരുടെ കണക്കെടുത്തുതുടങ്ങിയിട്ടുണ്ട്്.

നവമാദ്ധ്യമങ്ങളിൽ ജനപ്രതിനിധികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ സംഭവങ്ങളുടെ പേരിൽ എംഎൽഎമാരെ മോശമായി ചിത്രീകരിച്ച് പ്രചാരണം നടക്കുന്നുണ്ട്. അതിരുകൾ ലംഘിച്ചും അശ്ലീലം കലർത്തിയുമുള്ള പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ഫെയ്‌സ് ബുക്കും ട്വിറ്ററും വെബ്‌സൈറ്റുമെല്ലാം ഉപയോഗിച്ച് സുതാര്യഭരണത്തിന് നേതൃത്വം നൽകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കാണ് നവമാദ്ധ്യമങ്ങളിലെ പരിഹാസം സഹിക്കാൻ കഴിയാത്തത്.

എം എൽ എ മാരെ മോശമായി ചിത്രീകരിച്ച് ഫേയ്‌സ്ബുക്കിലും മറ്റും പോസ്റ്റ് ഇട്ടാൽ ഐ ടി നിയമ പ്രകാരം നടപടി എടുക്കാവുന്നതാണെന്ന് പൊലീസും പറയുന്നു. മന്ത്രിമാർക്കും എം എൽ എ മാർക്കുമെതിരെ ഫേയ്‌സ്ബുക്കിലൂടെ വളരെ മോശം സന്ദേശങ്ങൾ പ്രചരിപ്പിച്ചവരുടെ കണക്കെടുത്തുതുടങ്ങിയിട്ടുണ്ട്്. ശിവദാസൻ നായർക്കും മന്ത്രി ഷിബു ബേബിജോണിനുമെതിരെ അശ്ലീലപരാമർശങ്ങൾ നടത്തിയവരെയാണ് പ്രധാനമായും പൊലീസ് തിരയുന്നത്. എം എൽ എമാർ അടുത്ത ദിവസം തന്നെ പരാതി നല്കുമെന്നും അതോടെ കേസ് ഔദ്യോഗികമായിത്തന്നെ ചാർജ് ചെയ്ത് അന്വേഷണം ആരംഭിക്കുമെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ സൂചന നല്കി. ജമീല പ്രകാശത്തെ മോശമായ രീതിയിൽ ശിവദാസൻ നായർ സ്പർശിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും മന്ത്രി ഷിബു ബേബി ജോൺ ബിജിമോൾ എം എൽ എ യെ തടയുന്ന പടങ്ങളും എഡിറ്റ് ചെയ്തതാണെന്ന വാദമായിരിക്കും ഇവർ ഉന്നയിക്കുക.

തങ്ങളുടെ അന്തസിനേയും പൊതുജീവിതത്തേയും ഇത്തരം ചിത്രങ്ങൾ ബാധിച്ചെന്ന് എം എൽ എ മാർ വാദിച്ചാൽ കേസ് നിലനില്ക്കുമെന്നാണ് പൊലീസ് പറയുന്നത്.എന്നാൽ ഇതുപ്രകാരം ഔദ്യോഗിക വിശദീകരണങ്ങൾക്കൊന്നും പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിപക്ഷ സാമാജികർ പരാതി നല്കിയാലും ഐ ടി നിയമപ്രകാരംഇത്തരത്തിലൂള്ള നടപടി ഉണ്ടാകുമെന്നും അവർ പറയുന്നുണ്ട്.എന്നാൽ കേവലമൊരുരു സൈബർ കേസ് കൊടുത്ത് ജനങ്ങളെ ശത്രുക്കളാക്കാൻ പ്രതിപക്ഷം തയ്യാറായേക്കില്ലെന്നാണ് സൂചന.

സംഘർഷത്തിന് ഒടുവിൽ ബജറ്റ് അവതരിപ്പിച്ചെന്നും ഇല്ലെന്നും പറഞ്ഞ് പ്രതിപക്ഷഭരണപക്ഷങ്ങൾ തമ്മിൽ വാഗ്വാദം മുറുകുകയുമാണ്. ഇതിനിടെയാണ് സഭയിൽ അരങ്ങേറിയ ഓരോ രംഗങ്ങളെയും കളിയാക്കി സൈബർ ലോകം എത്തിയത്. ശിവൻകുട്ടിയെ കീരിക്കാടൻ ജോസും കിലുക്കത്തിലെ കഥാപാത്രമായും മറ്റും അവതരിപ്പിച്ചുകൊണ്ടാണ് സൈബർ ലോകത്തിന്റെ കളിയാക്കൽ. മലയാള സിനിമയിലെ കോമഡി രംഗങ്ങളുമായി കോർത്തിണക്കിക്കൊണ്ടായിരുന്നു പോസ്റ്റുകൾ. ഇത് വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലുമായി നിറയുകയാണ്. ശിവദാസൻ നായരെ കടിച്ച നളിനി പ്രകാശ്, കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത്, ശിവൻകുട്ടിയുടെ പ്രകടനം, സ്പീക്കർ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചത്... ഇങ്ങനെ എണ്ണമറ്റ ആക്ഷേശരങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

കെ.എം മാണി ബജറ്റ് മേശപ്പുറത്ത് വച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വി. ശിവൻകുട്ടിയെ മേശപ്പുറത്ത് വച്ചുവെന്നായിരുന്നു ഒരു പോസ്റ്റ്. സ്പീക്കർ മാണിയെ ആംഗ്യത്തിലൂടെ ക്ഷണിച്ചതിനെ ഗോഡ്ഫാദറിലെ രംഗമാണ് ഉപയോഗിച്ചത്. നിയമസഭയിൽ ഷിബു ബേബി ജോൺ ബിജിമോളെ തടയുന്നതിനെ ബന്ധിപ്പിച്ചത് ബാംഗ്ലൂർ ഡേയ്‌സിലെ പ്രണയ രംഗത്തോടാണ്. മീശമാധവനും പോക്കിരിരാജയും കിലുക്കവുമൊക്കെ സൈബർലോകത്തെ കോമഡിയിൽ ഇടംപിടിച്ചു. ജമീല പ്രകാശം ശിവദാസൻ നായരെ കടിച്ചത് സുവാരസ് ലോകകപ്പിൽ കടിച്ചതുമായാണ് താരതമ്യപ്പെടുത്തിയത്. ശിവൻകുട്ടിയെ സഭയിൽ നിന്നും മാറ്റിയത് മിന്നാരം സിനിമയിലെ രംഗവുമായാണ് താരതമ്യം ചെയ്തത്.

ബിജി മോൾ എംഎൽഎയെ മന്ത്രി ഷിബു ബേബി ജോൺ തടഞ്ഞതും സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഇത്തരം പ്രചരങ്ങൾ അനുവദിക്കില്ലെന്ന് സർക്കാരിന്റെ നിലപാട്. പത്രങ്ങളിലെ കാർട്ടൂണുകളെ നോക്കി കൈയടിക്കുന്ന ഭരണകൂടത്തിന് വോട്ട് ചെയ്യുന്നവരുടെ നേരിട്ടുള്ള വിമർശനങ്ങൾ സഹിക്കുന്നില്ല.