തിരുവനന്തപുരം: എനിക്ക് നീതി കിട്ടണം സാറേ, ഒരു മോളേ ഈ സർക്കാരിന്റെ ഡോക്ടർമാർ പറഞ്ഞയച്ചു. ഇനി എന്റെ മൂത്ത മകളെ ചൈൽഡ്ലൈൻ പ്രവർത്തകർക്ക് കൊടുക്കാനാണ് ഇവർ പറയുന്നത്. വലിയ ഒച്ചയിൽ കന്റോൺമെന്റ് സ്റ്റേഷന് മുന്നിൽ നിന്ന് സുരേഷ്ബാബു എന്ന ചെറുപ്പക്കാരൻ മൂന്നര വയസ്സുള്ള മകളെയും ഒക്കത്തിരുത്തി പറഞ്ഞ വാക്കുകളാണിത്. കണ്ണീരോടെയുള്ള ഈ വാക്കുകൾ കേൾക്കേണ്ടവർ ഇപ്പോഴും ഉറക്കത്തിലാണ്. ഒരു വർഷം മുൻപ് തലസ്ഥാനത്തെ എസ്എടി ആശുപത്രിയിൽ ചികിത്സ പിഴവ് കാരണം മരിച്ച ദുർഗ്ഗയുടെ മാതാ പിതാക്കൾക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. അനാസ്ഥ വരുത്തിയ ആശുപത്രിക്കോ ഡോക്ടർമാർക്കോ എതിരെ യാതൊരു നിയമ നടപടിയുമെടുക്കാതെ മൂന്നര വയസ്സുള്ള കുട്ടിയെയും കൊണ്ട് സമരം ചെയ്തതിന് രുദ്രയുടെ മാതാപിതാക്കളായ സുരേഷ്ബാബുവിനും ധന്യക്കുമെതിരെ കേസെടുത്തിരിക്കുകയാണ് കന്റോൺമെന്റ് പൊലീസ്. തിങ്കളാഴ്ച രാവിലെ വഞ്ചിയൂർ കോടതിയിലെത്താനാണ് ഇവർക്ക് നൽകയിരിക്കുന്ന നിർദ്ദേശം.

നാളെ രുദ്ര മരിച്ചിട്ട് ഒരു വർഷം തികയുകയാണ്. ഇപ്പോൾ ഇങ്ങനെയൊരു കേസെടുത്തിരിക്കുന്നത് മരിച്ച് പോയ എന്റെ മകളോടു കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരത തന്നെയാണെന്നാണ് ഈ അച്ഛൻ പറയുന്നത്. ആശുപത്രി അധികൃതരുടെ പിഴവിനെ തുടർന്ന് എന്റെ മകൾ മരിച്ചതിന് നീതി കിട്ടാനാണ് ഞാൻ സമരം ചെയ്തത്. അതിന് കൊന്നുകളയുമെന്ന് പോലും ഭീഷണിയുണ്ടായി. കൊല്ലുന്നെങ്കിൽ ഞങ്ങളെ മൂന്ന് പേരെയും കൊന്നോട്ടെ എന്നാണ് സുരേഷ് ബാബു പറയുന്നത്. മൂന്നര വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ വെയിലത്തിരുത്തി സമരം ചെയ്യിപ്പിച്ചുവെന്നാണ് ഇപ്പോൾ കേസെടുക്കുന്നതിന് കാരണമായി പറയുന്നത്. സുരേഷ് ബാബുവിനും ഭാര്യക്കും അച്ഛനമ്മമാരില്ല. വീട്ടിൽ കുട്ടിയെ നോക്കാൻ വേറെ ആരുമില്ല എന്ന് പറഞ്ഞപ്പോൾ പൊലീസുകാർ പറഞ്ഞത് കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൊടുക്കു എന്നാണെന്നും മാതാപിാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. നാല് മാസം മാത്രം പ്രായമുള്ളപ്പോഴാണ് രുദ്ര മരിക്കുന്നത്. ചികിത്സാ പിഴവ് കുടുംബം അന്ന് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. പരാതി പറയാനും മുട്ടാനും വാതിലുകളൊന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല.

2016 ജൂൺ 13നാണ് മലദ്വാരത്തിൽ ഒരു ചുവപ്പ് കണ്ടതിനെ തുടർന്ന് അന്ന് രണ്ടര മാസം മാത്രം പ്രായമുള്ള കുട്ടിയേയും കൊണ്ട് തിരുവനന്തപുരം ഊരുട്ടമ്പലം സ്വദേശികളായ മാതാപിതാക്കൾ എസ്എടി ആശുപത്രിയിൽ എത്തിയത്. കുട്ടികളുടെ വിഭാഗത്തിൽ കാണിച്ചപ്പോൾ ത്വക്ക് വിഭാഗത്തിൽ കാണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജിലെ ത്വക്ക് വിഭാഗത്തിൽ കാണിച്ച് മരന്ന് വാങ്ങുകയും ചെയ്തു. അലർജി കാരണമാണ് എന്നാണ് അന്ന് ആശുപത്രി അധികൃതർ പറഞ്ഞത്. ക്ലോട്രിമസോൺ എന്ന ഓയിന്മെന്റാണ് കുട്ടിയുടെ ദേഹത്ത് പുരട്ടിയത്. പിന്നാലെ ദേഹം മുഴുവൻ തീപ്പൊള്ളലേറ്റത് പോലെ പടരുകയും ചെയ്തു.വീണ്ടും ത്വക്ക് വിഭാഗത്തിൽ കാണിച്ചപ്പോൾ പറഞ്ഞത് എസ്എടിയിൽ തന്നെ കാണിക്കാനാണ്. പരിശോധിച്ച മറ്റൊരു ഡോക്ടർ കുഞ്ഞിന് പോഷക കുറവാണെന്നും ഒണ്ടാക്കിയാൽ മാത്രം പോരെന്നും അസുഖങ്ങൾക്ക് കൃത്യമായ ചികിത്സ നൽകണമെന്നും പറയുകയും ചെയ്തുവെന്ന് സുരേഷ് ബാബു പറയുന്നു.

എന്നാൽ താൻ ആദ്യം തന്നെ ചികിത്സ നൽകിയിരുന്നുവെന്നും ഇവിടുന്ന് പറഞ്ഞതനുസരിച്ചാണ് ത്വക്ക് വിഭാഗത്തിൽ കാണിച്ചതെന്നും പറഞ്ഞപ്പോൾ ഡോക്ടർ മാപ്പ് പറയുകയും ചെയ്തുവെന്നും സുരേഷ് പറയുന്നു. പിന്നീട് 18 ദിവസം കുട്ടിയെ രണ്ട് ആശുപത്രികളിലുമായി ചികിത്സിച്ചു. വീര്യം കൂടിയ ഓയിന്മെന്റാണ് കുട്ടിക്ക് നൽകിയതെന്നും തെറ്റ് പറ്റിയിട്ട് പാവങ്ങളുടെ പുറത്ത് കുറ്റം അടിച്ച് വെക്കാൻ വേണ്ടി പോഷക കുറവാണെന്നും അന്ന് ആശുപത്രി അധികൃതർ ആരോപിച്ചു. പിന്നീട് വായിലും മൂക്കിലും ജനനേന്ദ്രീയത്തിലുമെല്ലാം ട്യൂബും മറ്റും ഇട്ട് നരകിപ്പിച്ചാണ് തന്റെ മകളെ കൊലയ്ക്ക് കൊടുത്തത് എന്ന് പറയുമ്പോൾ അയാളുടെയും അടുത്ത് നിന്ന ഭാര്യ രമ്യയുടേയും കണ്ണ് നിറയുകയായിരുന്നു.

കുട്ടി മരിച്ച് ശവശീരം കൈയിൽ കിട്ടുന്നതിന് മുൻപ് പ്രശ്നങ്ങളും പ്രക്ഷോഭങ്ങളുമുണ്ടായപ്പോൾ സന്തോഷ്‌കുമാർ എന്ന ഡോക്ടർ വന്ന് പറഞ്ഞത് 18 ലക്ഷം രൂപ നൽകാമെന്നും പോയ കുട്ടി ഇനി തിരിച്ച് വരില്ലല്ലോ എന്നുമാണ്. പിന്നീട് സമര പന്തലിലെത്തിയും ഇവർ പണം വാഗ്ദാനം ചെയ്തുവെന്ന് സുരേഷ് പറയുന്നു. 159 ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ സമരമിരുന്നപ്പോൾ ഭീഷണിക്ക് യാതൊരു കുറവും ഉണം്ടായില്ലെന്നും സുരേഷ് പറയുന്നു. ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ കൊത്തപ്പണിക്കും പാചകത്തിനും പോയാണ് സുരേഷ് കുടുംബം നോക്കിയിരുന്നത്. എന്നാൽ സമരം തുടങ്ങിയതോടെ ജോലിയും വരുമാനവും ഇല്ലാതാവുകയും ചെയ്തു.

തന്റെ മകളുടെ മരണത്തിൽ പരാതിയുണ്ടായിട്ടും അതിന്റെ പേരിൽ റിപ്പോർട്ട് പോലും ഇനിയും സമർപ്പിച്ചിട്ടില്ലെന്നും സുരേഷ് പറയുന്നു. മുഖ്യന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും എല്ലാം തന്നെ പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്നും മാതാപിതാക്കൾ പറയുന്നു. തന്റെ മകളുടെ മരണത്തിന് പ്രമുഖരെല്ലാം വീട്ടിൽ വന്നുവെന്നും സ്ഥലം എംഎൽഎ വന്നില്ലേയെന്ന് ഒരു പത്രക്കാരൻ ചോദിച്ചപ്പോൾ ഐ.ബി സതീഷ് വന്നില്ല എന്നും പറഞ്ഞതിന് പിന്നീട് കഴുത്തിൽ കത്തിവെച്ചും കുട്ടിയെ കത്തി കാണിച്ച് പേടിപ്പിക്കുകയും ചെയ്തുവെന്നും നീ ഐ.ബി സതീഷിനെതിരെ പറയാറായോടാ എന്നും ചോദിച്ചുവെന്നും സുരേഷ് പറയുന്നു. വലിയ ഭയമാണ് ജീവന് ഈ കുടുംബം നേരിടുന്നത്. അത്കൊണ്ട് തന്നെ ഇപ്പോൾ സമരവും അവസാനിപ്പിച്ചു.നേരത്തെ കഴിഞ്ഞ നവംബറിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ഇവർ പറയുന്നു.