തിരുവനന്തപുരം: വിദ്വേഷപ്രസംഗത്തിൽ പി.സി.ജോർജിനെതിരെ വീണ്ടും കേസ്. കൊച്ചി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. വെണ്ണലയിലെ മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞ സമാപന പരിപാടിയിൽ പ്രസംഗിക്കുമ്പോൾ ഒരു വിഭാഗത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷൻ 153എ, 295 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.

വിവാദ ഇടനിലക്കാരൻ നന്ദകുമാർ ഭാരവാഹിയായ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ സമാപനത്തിലാണ് മുസ്ലിം മതവിഭാഗത്തെ അധിക്ഷേപിച്ച് പി.സി ജോർജ് വീണ്ടും രംഗത്തെത്തിയത്.കഴിഞ്ഞയാഴ്ച അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുക്കവെ വർഗീയ പരാമർശം നടത്തിയതിന് തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. കേസിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പി.സി. ജോർജിനു ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹർജി ബുധനാഴ്ച മജിസ്‌ട്രേട്ട് കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സർക്കാർ വാദം കേൾക്കാതെ പി.സി. ജോർജിനു ജാമ്യം അനുവദിച്ചെന്നാണ് പൊലീസ് പക്ഷം. നേരത്തെയും ഇതേ വകുപ്പുകൾ ചുമത്തിയാണ് പി.സി. ജോർജിനെ അറസ്റ്റു ചെയ്തത്. മെയ്‌ 1നു പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.നേരത്തെയും മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് മുൻ എംഎൽഎ. പി.സി. ജോർജിനെതിരേ കേസെടുത്തത്.തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കേസ് എടുത്തിരുന്നത്. തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ചായിരുന്നു ജോർജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് ഉൾപ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഹിന്ദു മുസ്ലിം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പർദ്ധ വളർത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.153 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു. മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ പറഞ്ഞിരുന്നു.യൂത്ത് ലീഗ് ഉൾപ്പെടെയുള്ള നിരവധി സംഘടനകളാണ് ജോർജിനെതിരേ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നത്.പിന്നാലെ വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത്. സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നില്ക്കുന്നതായി ജോര്ജ്ജ് ജാമ്യം കിട്ടിയ ശേഷം പ്രതികരിച്ചു. സർക്കാറിന്റെ റംസാൻ സമ്മാനമാണ് അറസ്റ്റെന്നും ജോർജ്ജ് പ്രതികരിച്ചു. നേരത്തെ ഈരാറ്റുപേട്ടയിൽ എത്തി അറസ്റ്റു ചെയ്ത ജോർജ്ജിനെ വൈദ്യ പരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കാണ് കൊണ്ടു പോയത്. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. മുൻ എംഎൽഎ ആയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.