കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 505 (1) (ബി) വകുപ്പു പ്രകാരമാണ് കേസ്.വിദ്വേഷം പരത്തി കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രസംഗമാണ് ശ്രീധരൻപിള്ള നടത്തിയതെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ പരാതി ഉയർന്നിരുന്നു.

യുവമോർച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ശ്രീധരൻ പിള്ളയ്‌ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികൾ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്ത്രിയേയും പ്രവർത്തകരേയും ശ്രീധരൻ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.

തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്റെ ഉറപ്പിന്റെ പിൻബലത്തിലായിരുന്നെന്നാണ് യുവമോർച്ച സമ്മേളനത്തിൽ ശ്രീധരൻ പിള്ള പറഞ്ഞത്. നമ്മൾ മുന്നോട്ട് വച്ച അജൻഡയിൽ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തിൽ നടന്നത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തിൽ സജീവമാകാനുള്ള സുവർണാവസരമാണ് ഇതെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.

തന്റെ പേരിൽ ഏഴുകേസുകൾ ഇതുവരെ എടുത്തിട്ടുണ്ട്. സിപിഎമ്മും കോൺഗ്രസും തനിക്കെതിരെ കേസ് കൊടുത്ത് നടക്കുകയാണെന്നും ശ്രീധരൻപിള്ള കാസർഗോഡ് ആരംഭിച്ച രഥയാത്രയുടെ ഉദ്ഘാടനത്തിന് ശേഷം പറഞ്ഞു. എന്നാൽ തനിക്കെതിരെ കേസ് കൊടുത്തവർക്കെതിരെ വെറുതേയിരിക്കില്ലെന്നാണ് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞത്.

അതേസമയം വ്യാജപ്രചരണം നടത്തി, കലാപത്തിന് ആഹ്വാനം ചെയ്തു എന്നീ കുറ്റങ്ങൾ ചുമത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുക്കാൻ സർക്കാർ നീക്കം ശക്തമാക്കി. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ നിയമോപദേശം നൽകുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. ഡെഡ്ബോഡി വിവാദമടക്കമുള്ള സംഭവങ്ങൾ ശ്രീധരൻ പിള്ളയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

ളാഹ വനത്തിന് സമീപത്ത് നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയ ശിവദാസന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് മർദ്ദനത്തിലാണ് ശിവദാസൻ മരിച്ചതെന്നാരോപിച്ച് ബിജെപി പത്തനംതിട്ടയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ പൊലീസ് മർദ്ദനത്തിലല്ല, മറിച്ച് അപകടത്തിൽപ്പെട്ട് ചോരവാർന്നാണ് ശിവദാസന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇതോടെ ബിജെപി ഉയർത്തിയ ആരോപണങ്ങളുടെ മുനയൊടിയുകയായിരുന്നു.

ഇതിനിടെ ശബരിമലയിൽ അക്രമം നടത്തിയതിന് അറസ്റ്റിലായ ആളുകൾക്ക് ജാമ്യം നിഷേധിച്ചു കൊണ്ട് പത്തനംതിട്ട സെഷൻസ് കോടതിയും കേരളാ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. ശബരിമലയിൽ നടന്ന സമരപരിപാടികൾ സുപ്രീം കോടതി വിധിക്കെതിരെയെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമത്തിൽ അറസ്റ്റിലായവരുടെ ജാമ്യ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്നും ഇത് ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയതെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. റിവ്യു ഹർജി നൽകാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകണമെന്ന ആവശ്യവും ഹൈക്കോടതി നിരാകരിച്ചു. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അവകാശങ്ങളിൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

യുവമോർച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കൊച്ചിയിലും കോഴിക്കോടും പരാതികൾ ലഭിച്ചിട്ടുണ്ട്. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്ത്രിയേയും പ്രവർത്തകരേയും ശ്രീധരൻ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.

ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ.) ആലപ്പുഴ ജില്ലാ കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. യുവമോർച്ച യോഗത്തിൽ ശ്രീധരൻപിള്ള നടത്തിയ വെളിപ്പെടുത്തൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ ഗൂഢാലോചനയാണെന്ന് ഐഎൻഎൽ വ്യക്തമാക്കി.