ആലപ്പുഴ : വ്യാജ ഓഡിയോ കാട്ടി വ്യാജവാർത്ത സൃഷ്ടിച്ച ചാനലിനെതിരേ സോളാർ കേസിലെ സരിതാ എസ് നായരുടെ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണൻ നല്കിയ പരാതിയിൽ കേസെടുത്തു. തന്റെ ശബ്ദമാണെന്നു പറഞ്ഞു തന്റേതല്ലാത്ത ശബ്ദം ഉപയോഗിച്ചു വ്യാജ ഓഡിയോയുണ്ടാക്കിയതിനും താനറിയാതെ വ്യാജവാർത്തയുണ്ടാക്കിയതിനും തുടർച്ചയായി അതു പ്രചരിപ്പിച്ചതിനും അതുപയോഗിച്ച് ഒരു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനുമെതിരേ താൻ റിപ്പോർട്ടർ ചാനലിന്റെ പേരിൽ ഐ ടി നിയമപ്രകാരം നാളെ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നു ഫെനി ബാലകൃഷ്ണൻ മറുനാടൻ മലയാളിയെ അറിയിച്ചു.

സരിതയെയും ബിജു രാധാകൃഷ്ണനെയും ആറു വർഷം കഠിന തടവിനു ശിക്ഷ വിധിച്ച കോടതി ഉത്തരവിനു പിന്നാലെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തലായി ചാനലുകളിൽ വാർത്ത വന്നത്്. സരിതയ്ക്കു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തമ്പാനൂർ രവി വഴി പണം കൊടുത്തെന്ന വാർത്തയായിരുന്നു അത്. കഴിഞ്ഞ മൂന്നു ദിവസമായി ചാനലുകളിൽ ഈ വാർത്തയും അതിനെത്തുടർന്നുള്ള പ്രതിഷേധങ്ങളും ചർച്ചകളും നിറഞ്ഞുനിന്നു. അരുവിക്കരയിലും ഈ വാർത്തയ്ക്ക് അനുരണനങ്ങളും പ്രത്യാഘാതങ്ങളുമുണ്ടാക്കി. ഇതോടെ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിനാണു ജയസാധ്യതയെന്ന് ഇന്റലിജൻസിന്റെ പ്രവചനവുമുണ്ടായി. അത്രത്തോളമായിരുന്നു ഈ വാർത്തയുടെ സ്വാധീനം.

മൂന്നാം ദിവസമാണ് വാർത്ത വെറും പച്ചക്കള്ളമാണെന്നുള്ള പുതിയ വെളിപ്പെടുത്തലുകളും സൂചനകളുമുണ്ടാകുന്നത്. മുഖ്യമന്ത്രി പണം നൽകിയതായി താൻ പറഞ്ഞിട്ടില്ലെന്നും ചാനലുകാർ പറയുന്ന ശബ്ദരേഖയിലെ ശബ്ദം തന്റേതല്ലെന്നും സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയതോടെ റേറ്റിങ് കൂട്ടാൻ ചാനലുകാർ നടത്തുന്ന വ്യാജരേഖ ചമയ്ക്കലിന്റെയും വ്യാജവാർത്തയുടെയും നാണം കെട്ട ചുരുളുകളാണഴിയുന്നത്. മുഖ്യമന്ത്രിയിൽനിന്നു താൻ പണം വാങ്ങിയിട്ടില്ലെന്നും സരിതയ്ക്ക് കോയമ്പത്തൂരിൽ ഫ്ളാറ്റില്ലെന്നും ഫെനി ബാലകൃഷ്ണൻ അറിയിച്ചു. വ്യാജ ഓഡിയോയ്്ക്കു പിന്നിൽ ടീം സോളാർ മുൻ മാനേജർ രാജശേഖരൻ നായരാണെന്നും ഫെനി ആരോപിച്ചു. ഇതോടെയാണ് പെണ്ണ് ഇല്ലെങ്കിൽ പെങ്ങളെ കെട്ടുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നു വ്യക്തമാകുന്നത്. വ്യാജവാർത്ത കെട്ടിച്ചമച്ചതിനെതിരേ അഡ്വ. ഫെനി ബാലകൃഷ്ണൻ മാവേലിക്കര സി.ഐയ്ക്ക് നൽകിയ പരാതി സ്വീകരിച്ച് കേസെടുത്തതായി മാവേലിക്കര സി ഐ ജോസ് മാത്യു അറിയിച്ചു.

ഇതിനിടെ, അടിസ്ഥാനരഹിതമായ വാർത്ത കെട്ടിച്ചമച്ചതിനെ ന്യായീകരിക്കാൻ ചാനൽ നടത്തിയ നീക്കങ്ങൾ ഇന്നലെ കയ്യാങ്കളിയിലെത്തുകയും അതും കേസാകുകയും ചെയ്തു. വ്യാജവാർത്തയ്ക്കു ചാനലിനെ സഹായിച്ച രാജശേഖരൻ നായർക്കെതിരേ പരാതി കൊടുക്കാൻ ടീം സോളാർ തട്ടിപ്പ് കേസ് വാദിക്കുന്ന ഫെനി ബാലകൃഷ്ണൻ ഇന്നലെ മാവേലിക്കര പൊലീസ് സ്‌റ്റേഷനിൽ എത്തി. സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് രാജശേഖരൻ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും ഗവൺമെന്റിനെ താഴെയിറക്കാൻ ആവശ്യമായ തെളിവുകൾ തരണമെന്നും ആവശ്യപ്പെട്ടതായി ഫെനി പറയുന്നു. ഇതിന് ഫെനിക്ക് പ്രയോജനം ലഭിക്കുമെന്നും അതിനായി തന്റെ ബന്ധുവിനെ മാവേലിക്കരയ്ക്ക് അയയ്ക്കാമെന്നും രാജശേഖരൻ പറഞ്ഞതായി ഫെനി പറഞ്ഞു. രാജശേഖരന്റെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ഒരാൾ വന്ന് കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സി.ഐ ഓഫീസിനു മുൻപിൽ വച്ച് തന്നോട് ആവശ്യപ്പെട്ടിരുന്നു.

ഇതു പൊലീസിനെ അറിയിച്ചതോടെയാണ് കയ്യാങ്കളിക്കു തുടക്കം. ബന്ധുവിനൊപ്പം വന്ന, വ്യാജവാർത്ത ചമച്ച ചാനലിന്റെ റിപ്പോർട്ടർ തന്നോട് പ്രതികരണം ആവശ്യപ്പെട്ടു. എന്നാൽ സ്വകാര്യ ചാനൽ ചെയ്യുന്നത് തികച്ചും രാഷ്ട്രീയപ്രേരിതമായ കാര്യങ്ങളാണെന്നു താൻ പറഞ്ഞതോടെയാണ് ചാനൽ സംഘവും ബന്ധുവും ചേർന്ന് കയ്യേറ്റത്തിന് ശ്രമിച്ചത്. തട്ടിപ്പിനു കൂട്ടുനിന്ന മന്ത്രിമാരുടെയും നേതാക്കളുടെയും പേര് വ്യക്തമാക്കണമെന്നായിരുന്നു ചാനലിന്റെ ആവശ്യം . ഇതുതന്നെയായിരുന്നു രാജശേഖരന്റെയും ആവശ്യം.

എന്നാൽ ഇപ്പോഴത്തെ വാർത്തയ്ക്കു പിന്നിൽ അരുവിക്കര തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽക്കണമെന്ന ലക്ഷ്യമാണെന്നു ഫെനി ബാലകൃഷ്ണൻ മറുനാടനോടു പറഞ്ഞു. തന്നെ ആക്രമിച്ച ചാനലുകാരും ബന്ധുവും വന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്്. ഇപ്പോൾ നൽകിയ കേസ് രാജശേഖരനെതിരെയാണ്. ചാനലിനെതിരെ നാളെ കേസ് ഫയൽ ചെയ്യുമെന്നും ഫെനി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം മാവേലിക്കര പൊലീസ് സ്റ്റേഷനുള്ളിൽ നടന്ന സംഭവങ്ങൾ പകർത്തിയ പ്രാദേശിക ചാനലുകളുടെ ലേഖകന്മാരെയും പത്രറിപ്പോർട്ടർമാരെയും രാത്രിയിൽ ചിലർ വിളിച്ച് ദൃശ്യങ്ങളും വാർത്തയും പത്രങ്ങളിൽ കൊടുക്കരുതെന്നും വിരട്ടുണ്ടായി. എന്നാൽ ദൃശ്യങ്ങളും വാർത്തകളും അർദ്ധരാത്രിയിൽതന്നെ ചാനലുകൾ പുറത്തുവിട്ടു.

റിപ്പോർട്ടർ ചാനൽ മേധാവി നികേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടക്കുന്നത് എന്നാണ് ഫെനിയുടെ ആരോപണം. ഇതോടെ കുറച്ചു കാലം ചർച്ചകളിൽ നിന്ന് മാറി നിന്ന ഫെനി ബാലകൃഷ്ണനും സജീവമാവുകയാണ്.