ന്യൂഡൽഹി:ആധാർ സുരക്ഷാ സംവിധാനത്തിലെ ദോഷവശം പുറത്തുകൊണ്ട് വന്ന മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യക്കെതിരെ പ്രതിഷേധം പുകയുന്നു. പ്രശ്‌നത്തെ നേരിടുന്നതിന് പകരം അത് പുറത്തുകൊണ്ടുവന്നവർക്കെതിരെ കേസെടുക്കുന്നത് എന്തുനീതിയെന്നാണ് ചോദ്യമുയരുന്നത്.

ട്രിബ്യൂണിലെ രചന ഖൈറ ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ യുഐഡിഎഐ വിവരം പുറത്തറിയുമായിന്നോയെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകർ ചോദിക്കുന്നത്.വാട്‌സാപ്പ് വഴി അജ്ഞാതർ ആധാർ വിവരങ്ങൾ ചോർത്തി വിൽക്കുന്നുവെന്നായിരുന്നു രചന റിപ്പോർട്ട് ചെയ്തത്. ഇത്തരമൊരു സർവീസ് വിലയ്ക്ക വാങ്ങിയാണ് ട്രിബ്യൂൺ ചോർച്ച പുറത്തുകൊണ്ടുവന്നത്.

ക്രൈംബ്രാഞ്ചിന്റെ സൈബർ സെല്ലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു. ട്രിബ്യൂൺ റിപ്പോർട്ടർ രചന ഖൈറ, റിപ്പോർട്ടിൽ പരമാർശമുള്ള അനിൽ കുമാർ, സുനിൽ കുമാർ, രാജ് എന്നിവരുടെ പേരുകളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി അനിൽ കുമാർ, സുനിൽ കുമാർ, രാജ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായി രചന ഖൈറ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. വെറും 500 രൂപമാത്രം നൽകി ആയിരക്കണക്കിന് ആധാർ വിവരങ്ങൾ വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തൽ. ആധാർ വിവരങ്ങൾ ചോർത്തിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന് മാധ്യമ പ്രവർത്തക അടക്കമുള്ളവർക്കെതിരായ എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടുണ്ട്.ആധാർ വിവരങ്ങൾ പൂർണ സുരക്ഷിതമാണെന്ന ്അധികൃതരുടെ അവകാശവാദത്തിന് കടകവിരുദ്ധമാണ് രചനയുടെ റിപ്പോർട്ട്