കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയതിന് മറ്റൊരു സലഫി പ്രഭാഷകനെതിരെ കൂടി പരാതി. കേരള നദ്വസത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംഘടനയിൽ നിന്നും വിഘടിച്ച വിസ്ഡം ഗ്ലോബൽ ഇസ്ലാമിക്ക് മിഷൻ നേതാവ് മുജാഹിദ് ബാലൂശേരിക്കെതിരെയാണ് പരാതി. ഹിന്ദു അഡ്വക്കറ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി അംഗവും അഭിഭാഷകനുമായ അഡ്വ.ആർ പ്രതീഷ് ആണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കു കഴിഞ്ഞ ദിവസം പരാതി സമർപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്ന മുജാഹിദ് ബാലുശേരി നടത്തിയ മതവിദ്വേഷം പരത്തുന്നതും മതസ്പർധ വളർത്തുന്നതുമായ പ്രസംഗത്തിനെതിരെ കർശന നിയമ നടപടി ആവശ്യപ്പെട്ടാണ് അഡ്വ.ആർ പ്രതീഷിന്റെ പരാതി. പ്രസംഗ ഭാഗങ്ങൾ, പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്ക് എന്നിവ ഉൾപ്പെടുത്തിയാണ് പരാതി സമർപ്പിച്ചിട്ടുള്ളത്.

വേശ്യാലയം തുടങ്ങാൻ പണം നൽകുന്നതിനേക്കാളും കള്ളു ഷാപ്പു തുടങ്ങാൻ പണം നൽകുന്നതിനേക്കാളും ഗുരുതരമാണ് ക്ഷേത്രത്തിന് പണം കൊടുക്കുന്നത്. ക്ഷേത്ര കമ്മിറ്റികൾക്ക് പിരിവു നൽകുന്നതുകൊടിയ ശിർക്ക് (ബഹുദൈവാരാധന) ആണെന്നുമുള്ള പരാമർശങ്ങളടങ്ങിയതായിരുന്നു മുജാഹിദ് ബാലുശേരിയുടെ പ്രസംഗം. ആർട് ഓഫ് ലിവിംങിൽ പോയി ചേർന്നാലും രവി ശങ്കറിനെ പോയി കാലു നക്കിയാലോ, അമൃതപുരിയിൽ പോയി പെണ്ണിന്റെ കാലുനക്കിയാലോ ഇന്നത്തെ കാലത്ത് ഒരു പ്രശ്നമല്ലാതായിട്ടുണ്ടെന്നും അങ്ങിനെയാണ് മുസ്ലിംസമൂഹമെന്നും ശിർക്ക് ഒരു ഗൗരവമേ അല്ലാതായിട്ടുണ്ടെന്നും പ്രസംഗത്തിൽ പറയുന്നു. പ്രസംഗം ഹിന്ദു മുസ്ലിം മതവിശ്വാസികൾക്കിടയിൽ വിദ്വേഷം പരത്തുന്നതോടൊപ്പം ഹിന്ദുമത ആത്മീയ നേതൃത്വങ്ങളെ ഇകഴ്‌ത്തിയതായും ക്ഷേത്രങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മുജാഹിദ് ബാലുശേരിക്കെതിരെ പരാതിക്കിടയാക്കിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഇങ്ങനെയാണ്: 'നരകത്തിൽ എത്തിപ്പെടാൻ ഒന്നാമത്തെ കാരണം ശിർക് ആണ്. ഈ കാര്യം ജാഗ്രതയോടുകൂടി മനസിലാക്കണമെന്നാണ് എനിക്കു നിങ്ങളോട് സൂചിപ്പിക്കാനുള്ളത്. ശിർക്കിന്റെ അംശങ്ങൾ വരുന്നതിനെ ശ്രദ്ധിക്കണം. പല ആളകളും ബിസിനസ് സ്ഥാപനങ്ങൾ നടത്തും. ആ ബിസിനസിൽ ക്ഷേത്രത്തിന്റെ ഉത്സവത്തിന് പൈസ ചോദിച്ചുകൊണ്ട് വരും. അപ്പോൾ കച്ചവടമല്ലേ, ബിസിനസുകാരല്ലേ, ഒരു മ്യൂച്ചൽ അണ്ടർ സ്റ്റാന്റിൻംങിൽ പോകണ്ടേ..ക്ഷേത്ര ഉത്സവത്തിന് 50 രൂപ എടുത്തുകൊടുക്കും..നീ ശിർക്കിലാണ്, നീ മനസിലാക്കിക്കോ നീ ശിർക്കിനെ പ്രോത്സാഹിപ്പിക്കുന്നു. ഗുരുതരമായ പാപത്തിനാണ് നീ കൂട്ടു നിൽക്കുന്നത്. ഞങ്ങൾക്ക് വേശ്യാലയം നടത്താൻ പണം നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസുമായിട്ട് വന്നാൽ ഹിന്ദുക്കൾക്ക് നിങ്ങൾ കൊടുക്കുമോ? ..വളരെ പ്രധാനപ്പെട്ട ഒരു പോയിന്റാണ് പറയുന്നത്, കൊടുക്കുമോ?..ഇല്ല.. ഇല്ല.. വളരെ ഗൗരവമായി പറയണം. ഞങ്ങൾ കള്ളുഷാപ്പു നടത്താൻ ഉദ്ദേശിക്കുന്നു, അതിനു 50 രൂപ തരണം എന്നു പറഞ്ഞാൽ നിങ്ങൾ കൊടുക്കുമോ?.. അതിനേക്കാൾ ഗുരുതരമല്ലേ ക്ഷേത്രത്തിന് കൊടുക്കുന്നത്..?

അല്ലെ..അല്ലെ..?. പക്ഷേ കള്ള്ഷാപ്പ് ഉണ്ടാക്കാനാന്ന് പറഞ്ഞാൽ നമുക്ക് ദേഷ്യം പിടിക്കും വിഗ്രഹ പൂജക്കാന്ന് പറഞ്ഞോലോ..ഒന്നുമില്ലെങ്കിലും ഒരു മ്യൂച്ചൽ അണ്ടർ സ്റ്റാൻഡിങിൽ പോകണ്ടേന്ന്..അപ്പോൾ നമ്മുടെ മനസിൽ ശിർക്കിന്റെ സ്ഥാനം ഏറ്റവും താഴെ, ചെറിയ തിന്മ ഏറ്റവും മേലെ. ഒരു മുസ്ലിയാർ പള്ളിയിൽ നിന്ന് കള്ളുകുടിച്ചെന്നു കേട്ടാൽ എന്നന്നേക്കുമായി അയാളെ ഒഴിവാക്കും. അള്ളാഹു ഏറ്റവും വെറുക്കുന്ന ശിർക്ക് മുസ്ലിയാർ ചെയ്തു എന്നു പറഞ്ഞാൽ കുഴപ്പമില്ല. അതിന്റെ താഴെയുള്ള ഒരു തെറ്റ് ചെയ്താലോ, വ്യഭിചരിച്ചു എന്നറിഞ്ഞാലോ ഭയങ്കര വിവാദമായി, വമ്പിച്ച പ്രശ്നമായിപ്പോയി. ഓനെ ദുനിയാവിലെ ഒരു കൊമ്പത്തും ജീവിക്കാൻ അനുവദിക്കൂല.

നേരെമറിച്ച് ആർട് ഓഫ് ലിവിംങിൽ പോയി ചേർന്നുന്നു പറഞ്ഞാലോ, പൂട്ടപർത്തിയിൽ രവിശങ്കറിനെ പോയി കാലു നക്കി എന്ന് പറഞ്ഞാലോ, അമൃതപുരിയിൽ പോയിട്ട് പെണ്ണിന്റെ കാലു നക്കിയെന്നു പറഞ്ഞാലോ... അതൊക്കെ ഇന്നത്തെ ലോകത്ത് ഒരാവശ്യമുള്ള കാര്യമല്ലേ...എന്ന് വിലയിരുത്തുന്നവർ..അല്ലേ..? ..അല്ലേ..? അപ്പോൾ ശിർക്കിനു ഒരു ഗൗരവവുമില്ല. അങ്ങനെയാണ് ഇന്നത്തെ മുസ്ലിം ഉമ്മത്ത്. നമ്മളിൽ പോലും പലരും അങ്ങനത്തെ ഒരവസ്ഥയിൽ എത്തിപ്പെട്ടിട്ടുണ്ട്. വളരെ ജാഗ്രതയോട് കൂടി ഈ കാര്യം നിങ്ങൾ നോക്കികാണണമെന്ന് ഓർമപ്പെടുത്തുകയാണ്.'

ഓഡിയൻസിനു മുന്നിൽ പ്രസംഗിച്ച മുജാഹിദ് ബാലുശേരിയുടെ പ്രസംഗമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഇത് യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയയിലുമായി ഇപ്പോഴും പ്രചരിക്കുന്നുണ്ട്. മുമ്പും ചില വിവാദ പ്രസംഗങ്ങൾ മുജാഹിദ് ബാലുശേരി നടത്തിരുന്നു. എന്നാൽ പ്രസംഗത്തിനെതിരെ പരാതി ഇതുവരെ ഉണ്ടായിട്ടില്ല. ഔദ്യോഗിക വിഭാഗം മുജാഹിദ് സംഘടനയിൽ നിന്നും ജിന്ന് വിഷയത്തിൽ വിഘടിച്ച് ഇവർ മറ്റൊരു ഗ്രൂപ്പുണ്ടാക്കുകയായിരുന്നു. വിസ്ഡം ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പിന്റെ നേതാവും പ്രഭാഷകനുമാണ് മുജാഹിദ് ബാലുശേരി. ഈ ഗ്രൂപ്പിൽ നിന്നും പിളർന്ന് സംഘടനാ സംവിധാനമേ വേണ്ടന്നു പറഞ്ഞു സക്കരിയ സ്വലാഹിയുടെ നേതൃത്വത്തിൽ വിഘടിച്ച് രൂപാന്തരപ്പെട്ട ഗ്രൂപ്പിൽപ്പെട്ടയാളാണ് നേരത്തേ വിദ്വേഷ പ്രസംഗത്തിന്റേ പേരിൽ യുഎപിഎ ചുമത്തപ്പെട്ട ശംസുദ്ദീൻ ഫരീദ് പാലത്ത്. ഈ ഗ്രൂപ്പിൽപ്പെട്ട നിയാഫ് ബിൻ ഖാലിദ്, അബ്ദുൽ മുഹ്സിൻ ഐദീദ് എന്നിവരുടെ പ്രസംഗങ്ങളും വിവാദമായിരുന്നു. മുജാഹിദ് ബാലുശേരിക്കെതിരെ അഡ്വ.ആർ പ്രതീഷ് നൽകിയ പരാതി പരിശോധിച്ചു വരികയാണെന്ന് എറണാകുളം ഡിസിപി മറുനാടൻ മലയാളിയോടു പറഞ്ഞു.