- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജരേഖകൾ ചമച്ച് ബാർലൈസൻസ് വാങ്ങിയതിൽ സമീർ വില്ലനായി; 17ാം വയസ്സിൽ ബാർ ലൈസൻസ് നേടിയ സമീർ വാംഖഡെക്കെതിരേ പൊലീസ് കേസെടുത്തു, ലൈസൻസ് റദ്ദാക്കി; ഷാരൂഖിന്റെ മകനെ വേട്ടയാടിപ്പിടിച്ച എൻസിബി ഉദ്യോഗസ്ഥന് ഇത് തിരിച്ചടികളുടെ കാലം
മുംബൈ: ഒരു കാലത്ത് മാധ്യമങ്ങളുടെ ഹീറോയായിരുന്നു നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) മുൻ സോണൽ ഡയറക്ടർ സമീർ വാംഖഡെ. ബോളിവുഡിലെ പലരെയും വേട്ടയാടിപ്പിടിച്ച ഉദ്യോഗസ്ഥൻ. ഏറ്റവും ഒടുനിൽ വാംഖഡെക്ക് ചുവടു പിഴച്ചത് ഷാരൂഖ് ഖാന്റെ പുത്രൻ ആര്യൻ ഖാനെ മയക്കുമരുന്നു കേസിൽ അറസ്റ്റു ചെയ്തതോടെയാണ്. ഈ കേസോടെ വാംഖഡെക്കെതിരെയും ആരോപണങ്ങൾ ഉയർന്നു. ഒടുവിൽ മുംബൈയിൽ നിന്നും സ്ഥലം മാറ്റുകയും ചെയ്തു അദ്ദേഹത്തെ.
ഇപ്പോഴിതാ വാംഖഡെക്ക് തിരിച്ചടികളുടെ കാലമാണ്. വ്യാജരേഖകൾ ചമച്ച് ബാർ ലൈസൻസ് നേടിയെന്ന പരാതിയിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) മുൻ സോണൽ ഡയറക്ടർ സമീർ വാംഖഡെയ്ക്കെതിരേ പൊലീസ് കേസെടുത്തു. എക്സൈസ് വകുപ്പിന്റെ പരാതിയിൽ താണെ കോപ്രി പൊലീസാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വാംഖഡെയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
എൻ.സി.ബി. സോണൽ ഡയറക്ടറായിരുന്ന സമീർ വാംഖഡെയ്ക്ക് നിയമപ്രകാരം ഇത്തരം കരാറുകളിൽ ഏർപ്പെടാനുള്ള പ്രായമായിരുന്നില്ലെന്നും എന്നാൽ സദ്ഗുരു ഹോട്ടലിന് വേണ്ടിയുള്ള കരാറിൽ അദ്ദേഹം പ്രായപൂർത്തിയായെന്ന് അവകാശപ്പെട്ടിരുന്നതായും എഫ്.ഐ.ആറിൽ പറയുന്നു. മന്ത്രിയും എൻ.സി.പി. നേതാവുമായ നവാബ് മാലിക്കാണ് സമീർ വാംഖഡെയുടെ പേരിൽ 17-ാം വയസ്സിൽ ബാർ ലൈസൻസ് നേടിയിട്ടുണ്ടെന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത്.
നവി മുംബൈയിലെ ഹോട്ടൽ സദ്ഗുരുവിലെ ബാറിനാണ് 17-ാം വയസ്സിൽ സമീർ വാംഖഡെയുടെ പേരിൽ ലൈസൻസ് അനുവദിച്ചത്. സംഭവം വിവാദമായതോടെ എക്സൈസ് അന്വേഷണം നടത്തുകയും പ്രായപൂർത്തിയാകുന്നതിന് മുമ്പേയാണ് വാംഖഡെയ്ക്ക് ലൈസൻസ് കിട്ടിയതെന്ന് കണ്ടെത്തുകയുമായിരുന്നു.
1997 ഒക്ടോബർ 27-ന് സമീർ വാംഖഡെയുടെ പേരിൽ ബാർ ലൈസൻസ് അനുവദിച്ചപ്പോൾ അദ്ദേഹത്തിന് 17 വയസ്സായിരുന്നു പ്രായമെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് സമീർ വാംഖഡെയ്്ക്കെതിരേ തുടർനടപടികളിലേക്ക് കടന്നത്. ക്രമക്കേട് കാണിച്ചാണ് ലൈസൻസ് നേടിയതെന്ന് കണ്ടെത്തിയതോടെ ബാർ ലൈസൻസ് റദ്ദാക്കാൻ താണെ കളക്ടറും ഉത്തരവിട്ടിരുന്നു.
ഷാരൂഖിന്റെ കുടുംബത്തോട് വിട്ടുവീഴ്ച്ചയില്ലാതെ പെരുമാറിയ ഉദ്യോഗസ്ഥനാണ് സമീർ വാംഖഡെ. പത്തുകൊല്ലം മുൻപ് ഷാരൂഖ് ഖാനും കുടുബവും വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന സമയത്ത് വാംഖഡെ അവരെ മുംബൈ വിമാനത്തിൽ തടയുകയും കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ച സംഭവവും ഉണ്ടായി. 2011 ജൂലൈയിലാണ് സംഭവം. ഹോളണ്ട്, ലണ്ടൻ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാനും കുടുംബവും. നികുതി അടയ്ക്കേണ്ട വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച്, വാംഖഡെ ഷാരൂഖ് ഖാനെ തടഞ്ഞു. അന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു വാംഖഡെ.
ഇരുപതോളം ബാഗുകളുമായാണ് ഷാരൂഖും കുടുംബവും എത്തിയത്. ഷാരൂഖിനെ വാംഖഡെയും സംഘവും നിരവധി മണിക്കൂറുകൾ ചോദ്യം ചെയ്യുകയും നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയാൻ ബാഗുകൾ പരിശോധിക്കുകയും ചെയ്തു. ശേഷം ഷാരൂഖിനെയും കുടുംബത്തെയും പോകാൻ അനുവദിച്ചെങ്കിലും 1.5 ലക്ഷം കസ്റ്റംസ് തീരുവയായി അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വിമാനത്താവളത്തിലെ ചുമതല വഹിക്കവേ നടിമാരായ അനുഷ്ക ശർമ, മിനിഷ ലാംബ, ഗായകൻ മിക സിങ് തുടങ്ങിയവരെയും വാംഖഡെ തടഞ്ഞിട്ടുണ്ട്. 2011 ജൂലൈ മാസത്തിലാണ് ടൊറന്റോയിൽനിന്ന് മുംബൈയിലെത്തിയ അനുഷ്കയെ വാംഖഡെ തടഞ്ഞത്. കണക്കിൽപ്പെടാത്ത നാൽപ്പതു ലക്ഷം വിലമതിക്കുന്ന വജ്രാഭരണം കൊണ്ടുവന്നെന്ന് ആരോപിച്ചാണ് അനുഷ്കയെ തടഞ്ഞത്. 2013-ലാണ് മികാ സിങ്ങിനെ വിമാനത്താവളത്തിൽ തടയുന്നത്. ഫെമ(ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമം അനുവദിക്കുന്നതിലും അധികം വിദേശ കറൻസി കൊണ്ടുവന്നതിനായിരുന്നു ഇത്.
മറുനാടന് ഡെസ്ക്