ചങ്ങനാശ്ശേരി: കള്ളക്കേസു കൊണ്ടൊന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ പ്രതിഷേധം അവസാനിക്കില്ല. എൻഎസ്എസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനെ കലാപമുണ്ടാക്കലായി ചിത്രീകരിച്ച് കേസെടുത്തെങ്കിലും ഈ കൂട്ടായ്മ തളരുന്നില്ല. എൻഎസ്എസിനുള്ളിൽ നിന്ന് സമുദായ നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ ശബ്ദമുയർത്താനാണ് തീരുമാനം. വരും ദിനങ്ങളിൽ സുകുമാരൻനായരുടെ നേതൃത്വത്തിനെതിരെ ഫെയ്‌സ് ബുക്ക് കൂട്ടായ്മ ശക്തമായി തന്നെ രംഗത്തുവരും.

ഇത് ജാതിയുടേയോ മതത്തിന്റെയോ പ്രശ്‌നമല്ല. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ പ്രതികരിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് കള്ളക്കേസ് എന്നാണ് സേവ് നായർ സൊസൈറ്റിയെന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ അഭിപ്രായം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കോഴ വിഷയത്തിൽ സ്വീകരിച്ച നിലപാടുകൾക്കെതിരെയാണ് ഫേസ് ബുക്ക് കൂട്ടായ്മ പെരുന്നയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലെ പ്രധാനികൾക്കെതിരെ പൊലീസ് കേസ് എടുത്തത്. സമാധാനപരമായ പ്രകടനത്തിനെതിരെ കലാപത്തിനുള്ള വകുപ്പു പോലും ചുമത്തി.

തികച്ചും സമാധാനപരമായി സംഘടിപ്പിച്ച ഈ പ്രതിഷേധത്തിൽ പല ഗൂഢാലോചനകളും ഉണ്ടായേക്കാമെന്ന മുൻകരുതൽ എടുത്തിരുന്നതുകൊണ്ട് മുഴുവൻ വീഡിയോയിൽ പകർത്തിയിരുന്നു. ഇപ്പോൾ പ്രതിഷേധത്തിൽ പങ്കെടുത്ത അംഗങ്ങളിൽ ചിലരുടെ പേരിൽ ഐപിസി 143,146,147,149 വകുപ്പുകൾ പ്രകാരം ചങ്ങനാശ്ശേരി പൊലീസ് കള്ളക്കേസ് രജിസ്‌ററർ ചെയ്തിരിക്കുകയാണ്. ചങ്ങനാശ്ശേരിയിലെ യജമാനനെ പ്രീണിപ്പിക്കാനുള്ള ചിലരുടെ കുത്സിതശ്രമമായെ ഇതിനെ കാണാനാവു. നിയമവിരുദ്ധമായി സംഘചേരൽ, കലാപമുണ്ടാക്കൽ തുടങ്ങിയ കുററങ്ങളാണ് ഈ വകുപ്പുകൾ മൂലം ചാർത്തപ്പടുന്നത്. ഈ വക കുററങ്ങളൊന്നും ഈ പ്രകടനത്തിൽ പങ്കെടുത്തവർ നടത്തിയിട്ടില്ല എന്ന് വീഡിയോ പരിശോധിച്ചാൽ വ്യക്തമാവുന്നതാണ്. ശക്തമായി പ്രതികരിക്കാനും മേൽ കോടതിയിൽ നിരപരാധിത്തം തെളിയിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.-ഫെയ്‌സ് ബുക്ക് കൂട്ടാമയ്മയ്ക്ക് നേതൃത്വം നൽകുന്ന ഗോപകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

എൻ എസ് എസ് നേത്രുത്വതിന്റെ് വികലമായ രാഷ്ട്രീയ നിലപാടുകൾക്കും, കേടുകാര്യസ്തതയ്ക്കും, അഴിമതികൾക്കും, സ്വജന പക്ഷ പാതത്തിനും എതിരെയാണ് ചങ്ങനാശ്ശേരിയിൽ പ്രകടനവും, സമ്മേളനം നടന്നത്. സമുദായാചാര്യൻ മന്നത്ത് പത്മനാഭനും ഒരു കൂട്ടം സമുദായ സ്‌നേഹികളും കൂടി കെട്ടിപ്പെടുത്ത എൻ എസ് എസ് എന്ന പ്രസ്ഥാനത്തിന് അവരുടെ കാലശേഷം യാതൊരു പുരോഗമനവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.നായർ സമുദായത്തിന് അനുകൂലമായ ഒരു വിധ ആനുകൂല്യങ്ങളും നേടിയെടുക്കാനും സാധിച്ചിട്ടില്ല. എൻ.എസ്.എസ് നേതൃത്വം മിക്കപ്പോഴും സ്വന്തം മടിശ്ശീല വീർപ്പിക്കാനും കാലാകാലങ്ങളിൽ അധികാരത്തിൽ വരുന്ന രാഷ്ട്രീയക്കാരുടെ ചട്ടുകമായി സ്ഥാപിത താല്പര്യങ്ങള്ക്ക് വേണ്ടി പ്രവർത്തിക്കുന്നതായും അനുഭവപ്പെടുന്നുവെന്ന ആക്ഷേപം ഉന്നയിച്ചാണ് സേവ് നായർ സൊസൈറ്റി സജീവമായത്.

സമദൂരം എന്ന് മുഴത്തിനു മുഴത്തിനു പറയുകയും ജനവിരുദ്ധരും നായർ വിരുദ്ധരുമായ യുഡീഫ് ഗവണ്മെന്റിനെ അനുകൂലിച്ച് ഒരു ഘടകകക്ഷിയോ അല്ലെങ്കിൽ സാമന്തനെയോ പോലെ പ്രസ്താവനകൾ വിട്ട് നായർ സമൂഹത്തെ വഞ്ചിക്കുകയും മൊത്തത്തിൽ അപഹസിക്കുകയും ചെയ്യുന്ന ജനറൽ സെക്രട്ടറിയുടെ നടപടി അവസാനിപ്പിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന മുദ്രാവാക്യം. പള്ളിക്കും പട്ടക്കാർക്കും സ്ത്രീപീഡകർക്കും കോഴപ്രബുദ്ധന്മാർക്കും വിടുവേല ചെയ്ത് നായർ സ്വത്വത്തിനെ ക്ഷതമേൽപ്പിക്കുന്ന പ്രസ്ഥാവനകളും നടപടികളും ജന:സെക്രട്ടറി ഒഴിവാക്കുക, എൻ എസ് എസ് സ്ഥാപനങ്ങളിലേ നിയമനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങൾക്കും സാമ്പത്തിക സംവരണം ഏർപ്പെടുത്തുക. നിയമനങ്ങൾ കരയോഗങ്ങളിൽ പൊതുവായി പരസ്യപ്പെടുത്തി സംഘടനാന്ത്രമായ റിക്രൂട്ട്മന്റ് നടപടികളിലൂടെ സുതാര്യമായി നിയമനങ്ങൾ നടത്തണമെന്നും ആവശ്യപ്പെടുന്നു.

എൻഎസ്എസിന് ബദലായി സമസ്ത നായർ സമാജമെന്ന സംഘടനയും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ആ സംഘടനയുമായി ഫെയ്‌സ് ബുക്ക് കൂട്ടായ്മയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ഗോപകുമാർ പറഞ്ഞു. എൻഎസ്എസിന് ഉള്ളിൽ നിന്ന് പ്രവർത്തിക്കുന്നവരാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലുള്ളത്. സമുദായത്തിനുള്ളിൽ നിന്നുള്ള തിരുത്തലാണ് ലക്ഷ്യമിടുന്നത്. കരയോഗവുമായി സഹകരിച്ച് പ്രവർത്തിച്ചാണ് നേതൃത്വത്തിന് എതിരെ ശബ്ദമയുർത്തുന്നത്. മാറ്റമുണ്ടാകാൻ നേതൃത്വം മാറണം. അതിന് സംഘടനയിൽ ജനാധിപത്യം അനിവാര്യമാണെന്നാണ് ഇവരുടെ നിലപാട്. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെ സമരത്തെ അടിച്ചമർത്താമെന്ന മോഹം വേണ്ടെന്നും പറയുന്നു.

കേരളത്തിലെ സമ്പദ് വ്യവസ്ഥ മൊത്തമായി നിയന്ത്രിച്ചിരുന്ന ഒരു സമുദായത്തിന്റെ ചെങ്കോലും കിരീടവും എടുത്തണിഞ്ഞ് നൂറു വർഷത്തോളമായി പടയണിക്കോലമായി നിൽക്കുന്ന സമുദായസംഘടനയുടെ ആസ്തിയുടെയും ബഡ്ജറ്റിന്റെയും പരിമിതത്വം തന്നെ എല്ലാം വിളിച്ചു പറയുന്നുണ്ട്. വിദ്യാഭ്യാസവും കാമ്പും സേവനപരതയും കഴിവുമുള്ള ധാരാളം ആൾക്കാർ ഈ സമുദായത്തിൽ ഉണ്ടെങ്കിലും അവർക്കാർക്കും എൻ എസ്സ എസ്സ ന്റെ പ്രതിനിധി സഭയിൽ എത്തിനോക്കാൻ പോലും ഇന്നത്തെ സംവിധാനം അവസരം കൊടുക്കുന്നില്ലെന്നാണ് പരാതി. എൻഎസ്എസ് സംവിധാനം ജനകീയം എന്ന് പോലും പറയാൻ ആവില്ല. പുതിയതായി ഒന്നും സംഭവിക്കുന്നില്ല. പുതിയതായി ആരും വരുന്നില്ല, പുതിയ യാതൊരു പദ്ധതികളുമില്ല, പുതിയ ധനമാർഗ്ഗങ്ങൾ ആരായുന്നില്ല, നായർ നേരിടുന്ന ഒരു പ്രശ്‌നവും ചർച്ച ചെയ്യപ്പെടുന്നില്ല.

നൂറു വർഷത്തെ ചരിത്രത്തിൽ വെറും 8 ജന. സെക്രട്ടറിമാർ. അധികാര കേന്ദ്രീകരണത്തിന്, ആശയവൈവിധ്യമില്ലായ്മയ്ക്ക് ഇതിനേക്കാൾ വലിയ ഉദാഹരണം ലോകത്തിലില്ല.സാമ്പത്തിക സംവരണം സമുദായത്തിനുള്ളിൽ പോലും പ്രാവർത്തികമല്ല. മാറുന്ന സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക കാലാവസ്ഥയിൽ നായർക്കു സമൂഹമില്ല, രാഷ്ട്രീയമില്ല, സമ്പത്തുമില്ലാത്ത അവസ്ഥയിലെത്തിച്ചത് എൻ എസ് എസ് നേതൃത്വമാണെന്നാണ് ആക്ഷേപം.