- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവകാശ സർട്ടിഫിക്കറ്റ് നൽകിയിട്ടും ഭർത്താവിന്റെ പണം നൽകുന്നില്ല; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ പരാതി; ഇ കെ ഗീതാഭായിയുടെ പരാതിയിൽ ബാങ്കിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: തഹസിൽദാർ നൽകിയ അകാശ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും മരിച്ചുപോയ ഭർത്താവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണം ഭാര്യയ്ക്ക് നൽകാതെ ബാങ്ക്. കോഴിക്കോട് കണ്ണൂർ റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെയാണ് പരാതി. 2020 ഒക്ടോബർ രണ്ടിന് മരിച്ച ഡോ. പാവൂർ ശശീന്ദ്രന്റെ ഭാര്യ ഇ കെ ഗീതാഭായ് ആണ് പരാതി നൽകിയത്. പണം നൽകണമെങ്കിൽ നാൽപത് ലക്ഷം രൂപയുടെ സ്വത്തുള്ള രണ്ട് ജാമ്യക്കാരെ വേണമെന്നാണ് ബാങ്കിന്റെ നിലപാട്. ഗീതാഭായുടെ പരാതിയിൽ ബാങ്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (കോഴിക്കോട്) കണ്ണൂർ റോഡ് മാനേജർക്കെതിരെയാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസ് രജിസ്റ്റർ ചെയ്തത്. പണം നൽകണമെങ്കിൽ 40 ലക്ഷം രൂപയുടെ സ്വത്തുള്ള രണ്ട് ജാമ്യക്കാരെ വേണമെന്ന ബാങ്കിന്റെ നിലപാട് ഇന്ത്യൻ
പിന്തുടർച്ചാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ജാമ്യക്കാരെ ആവശ്യപ്പെടുന്ന ബാങ്കിന്റെ നടപടി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന്വിശദീകരിക്കണമെന്ന് കമ്മീഷൻ എസ് ബി ഐ കണ്ണൂർ റോഡ് ബ്രാഞ്ച് ചീഫ് മാനേജർക്ക് നിർദ്ദേശം നൽകി.
കോഴിക്കോട് റീജിയണൽ മാനേജരും ഇത് സംബന്ധിച്ച് വിശദീകരണം സമർപ്പിക്കണം. രണ്ടാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്. 2020 ഒക്ടോബർ രണ്ടിനാണ് ഡോ. പാവൂർ ശശീന്ദ്രൻ മരണപ്പെടുന്നത്. ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലുള്ള തുക പിൻവലിക്കുന്നതിന് ബാങ്കിന്റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരിയായ ഇ കെ ഗീതാഭായ് തഹസിൽദാർ നൽകിയ ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റും ഭർത്താവിന്റെ മരണ സർട്ടിഫിക്കേറ്റും ഹാജരാക്കിയത്. അപ്പോഴാണ് 40 ലക്ഷത്തിന്റെ സ്വത്തുള്ള രണ്ട് പേരുടെ ജാമ്യം ബാങ്ക് ആവശ്യപ്പെട്ടത്.
റെയിൽവേയിൽ നിന്നും വിരമിച്ച പരാതിക്കാരിയുടെ പെൻഷൻ ഇതേ ബാങ്കിന്റെ മാനാഞ്ചിറ ശാഖയിലാണ് വരുന്നത്. കഴിഞ്ഞ ഒരു വർഷമായി ഭർത്താവിന്റെ അക്കൗണ്ടിലുള്ള പണത്തിന് വേണ്ടി അലയുന്ന തന്റെ അഭിമാനത്തിന് ബാങ്ക് ക്ഷയം വരുത്തിയതായി പരാതിക്കാരി അറിയിച്ചു. ഒരാൾ മരിച്ചാൽ അയാളുടെ സ്വത്തുവകകളുടെ നിയമപരമായ പിന്തുടർച്ചാവകാശം അയാളുടെ അവകാശികൾക്കാണെന്ന ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥ ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥർ നടത്തുന്നത് പ്രഥമദൃഷ്ട്യാ അവകാശ ലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു.
ഗസറ്റ് നോട്ടിഫിക്കേഷന് ശേഷം റവന്യൂ വകുപ്പ് നൽകുന്ന ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്യാൻ സാധിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ബാങ്ക് തങ്ങളുടെ അധികാരപരിധി മറികടന്നതായി കമ്മീഷൻ വിലയിരുത്തി. ജാമ്യം നിൽക്കാൻ ജനങ്ങൾ മടിക്കുന്ന ഇക്കാലത്ത് ജാമ്യം ചോദിക്കുന്നത് അഭിമാനക്ഷതമാണെന്ന് പരാതിക്കാരി കരുതിയാൽ അതിൽ തെറ്റു പറയാനാവില്ല. പരാതിക്കാരി ബാങ്കിനോട് ചോദിക്കുന്നത് അവരുടെ പണമാണ്. വായ്പയല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.