കൊല്ലം: അനുവാദമില്ലാതെ യുവതിയുടെ ചിത്രം ക്യാമറയിൽ പകർത്തിയതിന് മലയാള സിനിമയിലെ പ്രമുഖ നടൻ ഷമ്മി തിലകനെതിരെ പൊലീസ് കേസെടുത്തു. കൊല്ലത്തെ പ്രമുഖ വനിതാ വ്യവസായിയുടെ പരാതിയിലാണ് പൊലീസ് ഷമ്മി തിലകനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബർ 19ന് നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയ ശേഷം രണ്ടാഴ്‌ച്ച മുമ്പാണ് നടനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തത്.

കൊല്ലം ഈസ്റ്റ് പൊലീസാണ് വനിതാ വ്യവസായിയുടെ പരാതിയിൽ ഷമ്മി തിലകനെ ചോദ്യം ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബർ 19ന എസ് എൻ വനിതാ കോളേജിന് സമീപത്തെ സ്ഥാപനത്തിൽ വച്ച് ഷമ്മി തിലകൻ പരാതിക്കാരിയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പരാതിക്കാരിയുടെ സമ്മതം കൂടാതെ മൊബൈൽ ഫോണിൽ ഫോട്ടോ പകർത്തിയെന്നാണ് കേസ്. സ്ത്രീകളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രമെടുക്കന്നുതിനെ കാണുന്നത്. ഇതാദ്യമായാണ് ഇത്രയും പോപ്പുലർ ആയ ഒരു നടനെതിരെ ഇത്തരമൊരു സംഭവത്തിന് കേസെടുക്കുന്നത് എന്ന് പൊലീസ് പറയുന്നത്. അതേസമയം തനിക്കെതിരെ കേസെടുത്തതിനെ സംബന്ധിച്ച് പരസ്യമായി പ്രതികരിക്കാൻ ഷമ്മി തിലകൻ തയ്യാറായിട്ടില്ല. എന്നാൽ ഈ സംഭവത്തെ ഉദ്ദേശിച്ചുകൊണ്ടെന്ന വിധത്തിൽ ഫേസ്‌ബുക്കിൽ അദ്ദേഹം ഒരു പോസ്റ്റിട്ടിട്ടുണ്ട്.

എ സെൽഫി കാൻ ചേഞ്ച് യുവർ ലൈഫ് എന്ന് പറഞ്ഞുകൊണ്ട് ഒരു സെൽഫി പടത്തോടൊപ്പം ഒരു കേസിന്റെ വിവരങ്ങളാണ് ഷമ്മി ഫേസ്‌ബുക്കിൽ പറഞ്ഞിരിക്കുന്നത്. താൻ മൊബൈലിൽ പകർത്തിയ സെൽഫിയാണ് പ്രശ്‌നമെന്ന സൂചനയാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നൽകുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

A selfie can change your life...!!
അതെ...!
ഈ സെൽഫി എന്റെ ജീവിതവീഥി തന്നെ മാറ്റി മറിച്ച ഒന്നാണ്..!!
Hon.Air&Water Appallet authortiy-യിൽ പരിഗണനയിലുള്ള 39 of 2014 നവംബർ അപ്പീലിലെ നാലാം എതിർകക്ഷിയായ ഞാൻ..; ഈ ഒരു സെൽഫിക്ക് ശേഷം ഉണ്ടായ സംഭവ വികാസങ്ങളേ തുടർന്ന്..; ടി കേസിൽ ഈ പുതുവർഷ ദിനം (01/01/2015) മുതൽ എന്റെ ഭാഗം കോടതി മുമ്പാകെ പറയുന്നത് ഞാൻ സ്വയം ആണ്..! സുപ്രീം കോടതിയിൽ വേണമെങ്കിലും ഈ കേസ് സംബന്ധമായി സ്വയം ഒരു കൈ നോക്കാം എന്ന ചങ്കുറപ്പ് എന്നിൽ സംജാതമായത് ഈ ഒരേയൊരു സെൽഫി കാരണമാണ്..!
സംഭവാമി യുഗേ.. യുഗേ...!!

അതേസമയം ഷമ്മിയുടെ പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്‌സിൽ കൊല്ലത്തെ പൊലീസ് സ്‌റ്റേഷനിലുള്ള കേസിനെ കുറിച്ചാണ് എന്ന് ആരാധകർ ചോദിച്ചിട്ടും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം യുവതിയുടെ ഫോട്ടോയെടുക്കാൻ താൻ മനപ്പൂർവ്വം ശ്രമിച്ചിട്ടില്ലെന്നാണ് ഷമ്മി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.