കോഴിക്കോട്: മുൻ ഭാര്യ നസീമ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് ടി സിദ്ദിഖിനെതിരെ കേസെടുത്തു. ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് കേസ്. 23ന് കോഴിക്കോട് കോടതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് നിർദ്ദേശം.

ഭാര്യയുടെ ക്യാൻസർ രോഗം മുതലാക്കി വോട്ട് പിടിച്ച ടി സിദ്ദിഖ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. ഇക്കാര്യം മറുനാടൻ മലയാളി വാർത്തയിലൂടെയാണ് പുറംലോകം അറിഞ്ഞത്. താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചു നസീമ ടി സിദ്ദിഖിന് തുറന്ന കത്തെഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ക്യാൻസർ രോഗിയായ തന്നെ വഞ്ചിച്ചാണ് സിദ്ദിഖ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുന്നതെന്ന ഗുരുതര ആരോപണമാണ് സിദ്ദിഖിന്റെ രണ്ട് മക്കളുടെ അമ്മയും കോഴിക്കോട് അദ്ധ്യാപികയുമായ നസീമ പറഞ്ഞത്. അസുഖം തിരിച്ചറിഞ്ഞതിന് ശേഷമാണ് സിദ്ദിഖിന് തന്നോടും മക്കളോടുമുള്ള സമീപനത്തിൽ മാറ്റം വന്നത്. ഒരിക്കലും അയാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സിദ്ദിഖ് ചെയ്തതുകൊടും ക്രൂരതയാണെന്നും നസീമ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തിയിരുന്നു.

ഭാര്യയെ ഉപേക്ഷിച്ച് മാസം തികയുന്നതിന് മുമ്പ് വിവാഹം കഴിക്കാൻ സ്ത്രീയെ ഇത്ര റെഡിമെയ്ഡ് ആയി കിട്ടിയതെങ്ങനെ? ഉപ്പയുടെ വിവാഹത്തിന് മക്കളെ എങ്കിലും വിളിക്കണമായിരുന്നുവെന്നും ടി സിദ്ദിഖിനോട് തുറന്ന കത്തിൽ നസീമ ചോദിച്ചിരുന്നു. തന്നെ മൊഴി ചൊല്ലിയത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനാണെന്ന ആരോപണങ്ങൾക്ക് കരുത്തു പകരുന്ന വാക്കുകളുമായാണ് കോഴിക്കോട് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക കൂടിയായ നസീമ ഫേസ്‌ബുക്കിൽ തുറന്ന കത്തെഴുതിയത്.

വിവാഹ മോചന വിഷയത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുവെന്നും നസീമ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ, ഷാനി മോൾ ഉസ്മാൻ, ബെന്നി ബഹനാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ സമീപിച്ച് പ്രശ്‌നം തർത്തു തരാൻ ആവശ്യപ്പെട്ടിരുന്നതായും നസീമ വെളിപ്പെടുത്തി. പാത്തും പതുങ്ങിയും വിവാഹം കഴിച്ചപ്പോൾ രണ്ട് മക്കളെ കൂടി പങ്കെടുപ്പിക്കാമായിരുന്നില്ലേയെന്നും നസീമ തുറന്ന കത്തിലൂടെ വ്യക്തമാക്കി.

നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ട് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ ശ്രമിക്കുമെന്നും നസീമ പറഞ്ഞിരുന്നു. അനുസരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് മക്കളെയും എന്നെയും മൊഴി ചൊല്ലാൻ നാണമില്ലേയെന്നും അവർ ചോദിച്ചു. നഷ്ടപരിഹാരം നൽകാൻ പണമില്ലെന്ന സിദ്ദിഖിന്റെ വാദത്തെയും അവർ തള്ളിക്കഞ്ഞിരുന്നു. ഒരു ശമ്പളവുമില്ലാതെ, 'മറ്റു വരുമാനമില്ലാതെ' താങ്കൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് വെളിപ്പെടുത്തണമന്നും സാമ്പത്തിക ആസ്തി വെളിപ്പെടുത്തണമെന്നും നസീമ തുറന്ന കത്തിൽ ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച് ടി സിദ്ദിഖും രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയും മറുനാടൻ മലയാളിയിലൂടെയും തങ്ങളുടെ വശം വിശദീകരിച്ച് ഇരുവരും രംഗത്തെത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സിദ്ദിഖിന്റെ രണ്ടാമത്തെ ഭാര്യയുടെ മുൻ ഭർത്താവും രംഗത്തെത്തിയിരുന്നു. നസീമയെ മൊഴിചൊല്ലിയതിന് ശേഷം പി എ ഷറഫുന്നീസയെന്ന യുവ എഴുത്തുകാരിയെയാണ് സിദ്ദിഖ് വിവാഹം ചെയ്തത്. തന്റെ ഭർത്താവായിരിക്കെ തന്നെ സിദ്ദിഖിന് ഷറഫുന്നീസയുമായി ബന്ധമുണ്ടായിരുന്നെന്ന ആരോപണം നസീമ ഉന്നയിച്ചിരുന്നു. നസീമയുടെ വാക്കുകളെ ശരിവച്ചുകൊണ്ടാണ് ഷറഫുന്നീസയുടെ മുൻഭർത്താവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

ഇതിന്റെ തുടർച്ചയായാണ് നസീമ കോടതിയെ സമീപിച്ചത്. ജഹാംഗീർ റസാഖ് പാലേരിയാണ് നസീമയ്ക്കായി കോടതിയിൽ ഹാജരായത്.