മലപ്പുറം: ലാബിൽ വെച്ചും ക്ലാസ് മുറിയിൽ വെച്ചും പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഫിസിക്സ് അധ്യപകനെതിരെ കേസ്. വിദ്യാർത്ഥിനികൾ നൽകിയ പരാതിയെ തുടർന്നാണ് അദ്ധ്യാപകനെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. 20ൽ അധികം പെൺകുട്ടികൾ ഇയാളുടെ പീഡനത്തിനിരയായതായി ചൈൽഡ് ലൈൻ കണ്ടെത്തി. ഇക്കഴിഞ്ഞ പ്ലസ്ടു ഫൈനൽ പരീക്ഷക്കായി മറ്റൊരു സ്‌കൂളിൽ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് അദ്ധ്യാപകന്റെ ലൈംഗിക വൈകൃതങ്ങൾ പിടിക്കപ്പെട്ടത്. ഇവിടത്തെ കുട്ടികളും രക്ഷിതാക്കളും പരാതിയുമായി രംഗത്ത് വന്നതോടെ സ്വന്തം സ്‌കൂളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഏറെ നാളായി നടന്നു വന്ന പീഡന സംഭവങ്ങൾ പുറത്തായത്.

എറണാകുളം സ്വദേശിയായ ബെന്നി പോൾ ഒരു വർഷം മുമ്പാണ് പെരിന്തൽമണ്ണ ഭാഗത്തുള്ള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെത്തുന്നത്. കഴിഞ്ഞ മാർച്ചിൽ പ്ലസ്ടു ഫൈനൽ പരീക്ഷയുടെ ഇൻവിജിലേറ്ററായി മറ്റൊരു സ്‌കൂളിൽ ഡ്യൂട്ടിക്ക് പോയിരുന്നു. പരീക്ഷാ ഹാളിൽ വെച്ച് പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നത് കുട്ടികൾക്കിടയിൽ തന്നെ സംസാരമായി. പരീക്ഷ തുടങ്ങുന്നതിന് മുമ്പായി തനിക്ക് താൽപര്യമുള്ള കുട്ടികളെ കൈയെത്താ ദൂരത്തേക്ക് ഇരുത്തി സീറ്റ് അറേജ്മെന്റ് നടത്തിയിരുന്നു. പരീക്ഷ നടന്നു കൊണ്ടിരിക്കുമ്പോൾ ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയായിരുന്നുവത്രെ. സഹികെട്ട വിദ്യാർത്ഥിനിൾ ഒന്നടങ്കം പ്രിൻസിപ്പലെ വിവരമറിയിച്ചു. ഇതിൽ ഒരു കുട്ടിയുടെ രക്ഷിതാവ് രേഖാ മൂലം സ്‌കൂളിൽ പരാതി നൽകുകകയും ചെയ്തു.

പരീക്ഷാ ഡ്യൂട്ടിക്കെത്തിയ സ്‌കൂളിൽ അദ്ധ്യാപകനെതിരെ പരാതി ഉയർന്നപ്പോൾ സ്‌കൂൾ അധികൃതർ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിൽ പരാതി നൽകി. പ്രിൻസിപ്പലിന്റെ പരാതിയിന്മേൽ അധ്യപകനെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണിപ്പോൾ. കൂടാതെ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാൽ പരീക്ഷ കഴിഞ്ഞ് കുട്ടികൾ പലവഴിക്ക് പിരിഞ്ഞതോടെ കുട്ടികളുടെ അഡ്രസ് തേടിപ്പിടിക്കുക പ്രയാസമായി. പരീക്ഷ കഴിഞ്ഞ് കുട്ടികൾ പോകുമെന്നും പരാതിയുണ്ടാകില്ലെന്നും മുൻകൂട്ടി കണ്ടായിരിക്കണം ഇയാൾ ലൈംഗികാതിക്രമത്തിന് മുതിർന്നത്.

ഈ സാഹചര്യത്തിലാണ് ചൈൽഡ് ലൈൻ ഇയാൾ പഠിപ്പിക്കുന്ന സ്‌കൂളിൽ അന്വേഷണം നടത്തിയത്. എന്നാൽ ഇവിടത്തെ സ്ഥിതി ഏറെ ഗുരുതരമായിരുന്നു. ലാബിലും ക്ലാസ് മുറിയിലും വെച്ച് ഇവിടെ കുട്ടികൾക്കെതിരെ പീഡനം പതിവായിരുന്നു. ഇന്റേണൽ മാർക്ക് ഭയന്ന് ഇക്കാര്യം കുട്ടികൾ ആരോടും പറയുകയും ചെയ്തിരുന്നില്ല. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളെ കൗൺസിലിംങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്താകുന്നത്. തുടർന്ന് ഇരുപത് വിദ്യാർത്ഥികൾ പരാതി നൽകി.

പ്ലസ് ടു കഴിഞ്ഞ് പാസ് ഔട്ടായ പെൺകുട്ടികളാണ് ഇരയായവരിൽ അധികവും. ഇവരിൽ കുറച്ച് പേർ മാത്രമാണ് ഇക്കൂട്ടത്തിൽ പരാതി നൽകിയിട്ടുള്ളത്. ഇപ്പോൾ പരാതി നൽകിയവർ കഴിഞ്ഞ അധ്യയന വർഷത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളായവരാണ്. സ്‌കൂളിലെ ക്ലാസ് മുറിയിൽ വെച്ച് സ്വകാര്യ ഭഗങ്ങളിൽ പിടിക്കാറുണ്ടെന്നാണ് കുട്ടികൾ നൽകിയ മൊഴി. ലാബിന്റെ ചാർജുള്ള അദ്ധ്യാപകനാണ് ബെന്നി പോൾ. ലാബിലെത്തുന്ന കുട്ടികൾ ലാബ് പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ പുറകിലൂടെ വന്ന് മാറിടത്തിൽ പിടിക്കുകയും മറ്റ് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയ്ും ചെയ്തിരുന്നതായി കുട്ടികൾ മൊഴിയിൽ പറയുന്നു.

കുട്ടികളുടെ മൊഴിയടങ്ങിയ റിപ്പോർട്ട് ചൈൽഡ് ലൈൻ പെരിന്തൽമണ്ണ പൊലീസിൽ കൈമാറിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തി അദ്ധ്യാപകൻ ബെന്നി പോളിനെതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. എല്ലാ പരാതികളും ഒരു എഫ്.ഐ.ആറിൽ തന്നെ കാണിക്കുമെന്നും പ്രതിക്കായി അന്വേഷണം നടത്തി വരികകയാണെന്നും എസ്.ഐ ചുമതലയുള്ള എ.എസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു.