കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ എംഎൽഎമാർക്ക് ടോൾ നൽകേണ്ടതില്ലേ? ടോൾ ചോദിച്ചാൽ അത് ആക്രമണമാകുമോ? പാലിയേക്കര ടോൾ പ്ലാസയിൽ ഇ.പി. ജയരാജൻ എംഎൽഎയെ തടഞ്ഞ സംഭവത്തിൽ പ്ലാസ മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. എന്തിനാണ് കേസ് എടുത്തത് എന്നതിന് വ്യക്തമായ ഉത്തരമില്ല.

ടോൾ പാസകളിൽ എംഎൽഎമാർക്കും എംപിമാർക്കും തുക അടക്കേണ്ടതില്ല. ഇവരെ ടോൾ അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാരിന്റെ ഉത്തരവുണ്ട്. മന്ത്രിമാർക്കും അവരുടെ വാഹനവ്യൂഹങ്ങൾക്കും ദേശീയ പാതയിലൂടെ പോകുമ്പോഴും ഈ ആനുകൂല്യം ലഭിക്കും. ചുവന്ന ലൈറ്റുമിട്ട് ചീറിപ്പായുന്ന മന്ത്രിവാഹനങ്ങളെ ആരും തടയില്ല. എന്നാൽ എംഎൽഎമാരും എംപിമാകും പാസ് കാണിച്ച് ടോൾ പ്ലാസയിൽ ജനപ്രതിനിധിയാണെന്ന് ബോധ്യപ്പെടുത്തണം. ഇതിന് ജയരാജന് കഴിഞ്ഞില്ല. ചോദ്യം ചെയ്തവർക്കെതിരെ കേസും.

ഞായറാഴ്ച അഞ്ചു മണിക്ക് എറണാകുളം ഭാഗത്തു നിന്ന് തൃശൂരിലേക്ക് സ്വകാര്യ കാറിൽ പോയിരുന്ന എംഎൽഎയും സംഘവും പ്ലാസയിലെത്തിയപ്പോൾ ജീവനക്കാർ തടഞ്ഞു. എംഎൽഎ ആണെന്നു പറഞ്ഞെങ്കിലും പണം കൊടുത്തു പോകണം അല്ലെങ്കിൽ പാസ് കാണിക്കണം എന്നായി ജീവനക്കാർ. പാസ് കൈയിലുണ്ടായില്ല. അതിനാൽ പണം നൽകി. അതിന് ശേഷം പുതുക്കാട് സ്‌റ്റേഷനിലെത്തി പരാതി നൽകി. തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞതിനാണ് മാനേജർക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തത്. എംഎൽഎയുടെ പരാതി കിട്ടയപ്പോൾ തന്നെ പൊലീസ് കേസുമെടുത്തു.

എംഎൽഎയുടെ ഗൺമാൻ വിഷ്ണുകുമാർ ആണ് പൊലീസിൽ പരാതി നൽകിയത്. സ്വകാര്യ കാറിൽ ടോൾ പ്ലാസയിലെത്തിയ എംഎൽഎയോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും പണം നൽകി പോകുകയായിരുന്നെന്നും ടോൾ പ്ലാസ അധികൃതർ പറഞ്ഞു. അതിനപ്പുറം ഒന്നും സംഭവിച്ചില്ലെന്നാണ് ടോൾ പ്ലാസ അധികൃതരുടെ വിശദീകരണം. എന്നാൽ എംഎൽഎയെ തിരിച്ചറിയാൻ കഴിയാത്തതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും വാദമുണ്ട്.