കൊച്ചി: വടക്കൻ പറവൂരിൽ നടത്തിയ പറവൂരിലെ 'മൃത്യുംജ്ഞയ ഹോമ' പ്രസംഗത്തിന്റെ പേരിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചർക്കെതിരെ കേസെടുത്ത് പൊലീസ്. മതേതരാവാദികളായ എഴുത്തുകാർ ആയുസ് വേണമെങ്കിൽ മൃതഞ്ജയ ഹോമം നടത്തിക്കൊള്ളുവാൻ പറഞ്ഞു കൊണ്ടുള്ള പ്രസംഗതതിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. ഐപിസി 153 പ്രകാരമാണ് കേസെടുത്തത്. വെള്ളിയാഴ്ച പറവൂരിൽ നടത്തിയ പ്രസംഗത്തിലാണ് പരാമർശം. ശശികലക്കെതിരെ വി.ഡി.സതീശനും ഡിവൈഎഫ്ഐയും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഹിന്ദു ആക്യവേദി ജനറൽ സെക്രട്ടറി ആർ വി ബാബുവിനെതിരെയും കേസെടുത്തിട്ടുണ്ട്. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരുന്നത്.

ഇതിനിടെ മതവിദ്വോഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ ശശികലക്കെതിരെ കോഴിക്കോട് പൊലീസ് മറ്റൊരു കേസു കൂടി രജിസ്്റ്റർചെയ്തു. ശശികല 2006ൽ കോഴിക്കോട് മുതലകുളത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് കസബ പൊലീസ് കേസെടുത്തത്. മാറാട് കലാപവവുമായി ബന്ധപ്പെട്ട് മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചുവെന്നാണ് പരാതി. ശശികല 2006ൽ നടത്തിയ പ്രസംഗത്തിനെതിരെ ഈ വർഷം കാസർകോട് പൊലീസിലാണ് പരാതി ലഭിച്ചിരുന്നത്. ഈ പരാതി കസബ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ ശശികല തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം മൃത്യുംജ്ഞയ പ്രസംഗത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതികരിച്ചിരുന്നു. എഴുത്തുകാർ ആയുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം കഴിച്ചാൽ നല്ലതാണെന്നും ഇല്ലെങ്കിൽ ബെംഗളൂരുവിൽ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നുമാണ് മുന്നറിയിപ്പ് നൽകിയായിരുന്നു ശശികലയുടെ പ്രസംഗം എന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായത്. എന്നാൽ താൻ വിദ്വേഷ പ്രസംഗം നടത്തിയില്ലെന്നും കോൺഗ്രസിനെതിരെയാണ് പ്രസംഗിച്ചതെന്നുമാണ് ശശികല വാദിച്ചത്.

കോൺഗ്രസുകാരാണ് ഗൗരി ലങ്കേഷ് വധത്തിന് പിന്നിലെന്നാണ് ശശികല പ്രസംഗിച്ചത്. ഇക്കാര്യം സംഘപരിവാറിന്റെയും ആർഎസ്എസിന്റെയും തലയിൽ കെട്ടിവെക്കുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു. മറ്റ് എഴുത്തുകാർക്കും മൃത്യുംജ്ഞയ ഹോമം നടത്തി തയ്യാറെടുത്തില്ലെങ്കിൽ കോൺഗ്രസുകാർ കൊല്ലും എന്നാണ് ശശികല ഉദ്ദേശിച്ചത്. എന്നാൽ, പ്രസംഗം സംഘപരിവാറുകൾ എഴുത്തുകാരെ തട്ടിക്കളയും എന്ന വിധത്തിലാക്കിയാണ് പ്രചരിപ്പിച്ചത്. ശശികല ടീച്ചർ വിഷയം എപ്പോഴും വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നതിനാൽ ഉടൻ തന്നെ മുതലെടുപ്പുമായി പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും രംഗത്തിറങ്ങുകയായിരുന്നു.

പ്രസംഗത്തിൽ ശശികല പറഞ്ഞത് ഇങ്ങനെയാണ്:

'ഇപ്പോൾ കർണാടകയിൽ കേട്ടില്ലേ നമ്മൾ.. അവസാനം ഒരു ഗോളു കൂടി വീണു. എന്താണ് ഗൗരി ലങ്കേഷ് അല്ലേ.. അത്യാവശ്യം വായിക്കുന്നവർക്കൊക്കെ അറിയാം ആൾ ആരാന്നത. പക്ഷേ വിയിക്കണോരും വായിക്കാത്തോരും ഒക്കെയുണ്ട്. എന്തുകൊണ്ട് ചത്തത് കീചകൻ എങ്കിൽ കൊന്നത് ആർഎസ്എസുകാർ തന്നെ...! പ്രതിയെ പിടിച്ചില്ല, കോൺഗ്രസാണ് ഭരിക്കുന്നത്. പ്രതിയെ പിടിച്ചില്ല, പറഞ്ഞ കാര്യമെന്താ അവർ ആർഎഎസുകാരെ എതിർക്കുന്നു. ഈ ഇന്ത്യാ രാജ്യത്ത് ആർഎസ്എസുകാരെ എതിർത്താൽ അല്ലേ എഴുത്തുകാരായി അംഗീകരിക്കപ്പെടൂ.. അതുകൊണ്ട് ആർഎസ്എസുകാരെ എതിർക്കാത്ത എഴുത്തുകാരുടെ പേരൊന്ന് പറയുമോ? ആർഎസ്എസിനെതിരെ ലേഖനം എഴുതുന്നവർ, ഹിന്ദുത്വത്തിനെതിരെ പഴി പറയാത്തവർ. ആരാണ് ഉള്ളത്? എന്നാലേ കാശു കിട്ടുകയൂള്ളൂ.. എന്നാലേ അംഗീകാരം കിട്ടുകയുള്ളൂ.. എന്നാലേ അവാർഡ് കിട്ടുകയുള്ളൂ.. അതുകൊണ്ട് നൂറ്റിക്ക് തൊണ്ണൂറും അങ്ങനെയല്ലേ..?

അങ്ങനെ കൊന്നൊടുക്കിയാൽ എഴുത്തുകാര് എന്നൊരു വർഗം ഉണ്ടാകില്ല. അതുകൊണ്ട് നിങ്ങൾ എഴുതും തോറും ആർഎസ്എസ് വളരുകയാണെന്ന തിരിച്ചറിവ് ആർഎസ്എസിനും സംഘപരിവാറിനും മുഴുവനുണ്ട്. നിങ്ങൾ നാട് മുഴുവൻ നടന്ന് ഗർഭിണി, ശൂലം, മറ്റത് മറിച്ചത് ഭ്രൂണം എന്നൊക്കെ പറഞ്ഞപ്പോൾ എന്താണ് ഉണ്ടായത്. ലോകത്തിനൊരു നല്ല പ്രധാനമന്ത്രിയെ കിട്ടി. ലോകത്തിന് നല്ലൊരു നേതൃത്വത്തെ കിട്ടി. നിങ്ങളുടെ എതിർപ്പാണ് കാരണം. ഇവരുടെ എതിർപ്പാണ് കാരണം. ഒരു സംശയവും വേണ്ട, എതിർപ്പിലൂടെ ആ വ്യക്തിയുടെ സംഘടനയുടെ ശക്തി വളർന്നു. ആ പ്രസ്ഥാനത്തിന്റെ ആദർശത്തെ പഠിച്ചു. മനുഷ്യന്മാർ അന്നം തിന്നണ ബുദ്ധിയുള്ളവരാ. വല്ലാണ്ട് എതിർക്കുമ്പോൾ അവർക്കറിയാം ഇതെന്താ സംഗതിയെന്ന്. അവർ ഇതിന്റെ സത്യം അന്വേഷിക്കും. അതുകൊണ്ട് എതിർത്ത് എഴുതുന്നവർക്ക് ഇനി വല്ലോം കൊടുക്കണോ എന്ന് ചിന്തിക്ക്. എതിർക്കും തോറുമാണ് വളരുന്നത്. അതുകൊണ്ട് എതിർക്കുന്നവരെ കൊല്ലേണ്ട കാര്യം ആർഎസ്എസിനില്ല.

പക്ഷേ, അവിടെ അങ്ങനെയൊരു കൊല ആവശ്യമാണ് കോൺഗ്രസ് പാർട്ടിക്ക്. ഇലക്ഷനിൽ നിലംപൊത്തുമെന്ന സ്ഥിതിയിൽ അങ്ങനെയൊരു കൊല ആവശ്യമാണ് കോൺഗ്രസ് പാർട്ടിക്ക്. എനിക്ക് ഇവിടത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കിൽ മൃത്യുഞ്ജയ ഹോമം ഒക്കെ നടത്തിക്കോളീ.. എപ്പോഴാ..എന്താ വരുകാ എന്ന് പറയാൻ ഒരു പേെിടുത്താണ്ടാകില്ല..ഓർത്ത് വെക്കക്കാൻ പറയുകാ.. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും നടത്തുക..അല്ലെങ്കിൽ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം.''

വിവാദമായപ്പോഴും പ്രസംഗം നിഷേധിക്കാതെ ശശികല തന്റെ ഭാഗം വിശദീകരിക്കുകയായിരുന്നു. എഴുത്തുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, കോൺഗ്രസുകാരാണ് എഴുത്തുകാരെ കൊല്ലുന്നതും അവരെ കരുതിയിരിക്കണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും ശശികല ടീച്ചർ വിശദീകരിച്ചു. ആ വിശദീകരണമാണ് ശരിയെന്ന് പ്രസംഗം കേട്ടാൽ വ്യക്തമാകുകയും ചെയ്തു. വിഡി സതീശൻ എംഎൽഎയും ഡിവൈഎഫ്‌ഐയും പരാതി നൽകിയതിന് പിന്നാലെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.

മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാൻ കേരളത്തിലും ആളുണ്ടായിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി വിഷത്തിൽ പ്രതികരിച്ചത്. അത് ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. എങ്ങോട്ടാണ് കേരളീയ സമൂഹത്തെ തിരിച്ചുവിടേണ്ടതെന്ന് ഇത്തരം ആളുകൾ ആഗ്രഹിക്കുന്നതിന്റെ പതിപ്പായിട്ടാണ് മൃത്യുഞ്ജയ മന്ത്രം പുരോഗമന ചിന്താഗതിക്കാരെ ഓർമിപ്പിക്കുന്നതിലൂടെ കാണാൻ കഴിയുന്നത്. ഇത്തരം പ്രവണതകൾ നമ്മുടെ നാടിന്റെ അന്തരീക്ഷത്തെ മാറ്റിമറിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.